പുറപ്പെടാൻ സമയം രൂക്ഷമായ ദുർഗന്ധം, സഹിക്കാനാകുന്നില്ല; വിമാനത്തിൽനിന്ന് മുഴുവൻ യാത്രക്കാരെയും ഒഴിപ്പിച്ചു
തുടർന്ന് യാത്രക്കാരെ ഒഴിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. എമർജൻസി സ്ലൈഡുകളിലൂടെയാണ് യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കിയത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചു.
ന്യൂയോർക്ക്: പുറപ്പെടാൻ തയ്യാറായ വിമാനത്തിൽ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. അമേരിക്കയിലാണ് സംഭവം. ഒർലാൻഡോയിലേക്കുള്ള വിമാനത്തിലാണ് ദുർഗന്ധമനുഭവപ്പെട്ടതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫ്രോണ്ടിയർ എയർലൈൻസിൻ്റെ ഫ്ലൈറ്റ് 1759ൽ ബുധനാഴ്ച രാത്രി ഷാർലറ്റ് ഡഗ്ലസ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെടാനിരിക്കെയാണ് സംഭവം. രൂക്ഷമായ ഗന്ധത്തെ തുടർന്ന് യാത്രക്കാർ അസ്വസ്ഥത പ്രകടിപ്പിച്ചു. പരിശോധിച്ച പൈലറ്റും ക്രൂ അംഗങ്ങളും വിമാനം ഈ അവസ്ഥയിൽ പുറപ്പെടാനാകില്ലെന്ന് റിപ്പോർട്ട് നൽകി.
തുടർന്ന് യാത്രക്കാരെ ഒഴിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. എമർജൻസി സ്ലൈഡുകളിലൂടെയാണ് യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കിയത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചു. വിമാനത്തിൽ 226 യാത്രക്കാർ ഉണ്ടായിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ലൈഡിൽ നിന്ന് താഴേക്ക് പോകുന്നതിനിടെ ഒരു യാത്രക്കാരന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരെ മറ്റ് വിമാനങ്ങളിൽ യാത്രയാക്കും. പുകയോ തീയോ കണ്ടിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നത്. എങ്കിലും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) പറഞ്ഞു.