മകന്റെ മാനസികാരോഗ്യം ശ്രദ്ധിച്ചില്ല, 15കാരൻ വെടിവച്ച് കൊന്നത് 4 പേരെ, മാതാപിതാക്കൾക്ക് 15 വർഷം തടവ് ശിക്ഷ
2021 ലാണ് അമേരിക്കയെ നടുക്കിയ സ്‌കൂൾ കൂട്ടക്കൊല നടന്നത്. അമേരിക്കയിൽ ആദ്യമായാണ് മകൻ ചെയ്ത കുറ്റത്തിന് മാതാപിതാക്കളെ ശിക്ഷിക്കുന്നത്
മിഷിഗൺ: മിഷിഗണിലെ സ്കൂളിൽ നാല് പേരെ വെടിവെച്ച കൊലപ്പെടുത്തിയ 15 വയസുകാരന്റെ മാതാപിതാക്കളും കുറ്റക്കാരെന്ന് കോടതി. ഇരുവരെയും 15 വർഷം തടവിന് ശിക്ഷിച്ച കോടതി മക്കളുടെ ആക്രമണ സ്വഭാവങ്ങളിൽ മാതാപിതാക്കൾക്ക് പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടി. കുട്ടിയുടെ സ്വഭാവത്തിലെ ആക്രമണ വാസനയ്ക്കും അവന് തോക്ക് നൽകിയതിലും മാതാപിതാക്കൾക്ക് പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. 2021 ലാണ് അമേരിക്കയെ നടുക്കിയ സ്‌കൂൾ കൂട്ടക്കൊല നടന്നത്. അമേരിക്കയിൽ ആദ്യമായാണ് മകൻ ചെയ്ത കുറ്റത്തിന് മാതാപിതാക്കളെ ശിക്ഷിക്കുന്നത്.
47കാരനായ ജെയിംസ് ക്രംബ്ലി 15കാരനായ മകന്റെ മാനസികാരോഗ്യത്തിന് ആവശ്യമായ ശ്രദ്ധ നൽകിയില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. വിദ്യാർത്ഥികൾ പ്രതികളാവുന്ന നിരവധി വെടിവയ്പ് സംഭവങ്ങൾ നടക്കുന്ന അമേരിക്കയിൽ വളരെ നിർണായകമാണ് കോടതിയുടെ തീരുമാനം. ഏപ്രിൽ 9ന് 15കാരന്റെ രക്ഷിതാക്കളുടെ തടവ് ശിക്ഷ ആരംഭിക്കുമെന്നും കോടതി വിശദമാക്കി. സെമി ഓട്ടോമാറ്റിക് ഹാൻഡ് ഗൺ വച്ച് ഇവരുടെ മകൻ സ്കൂളിൽ ചെയ്ത അതിക്രമത്തിൽ 14നും 17നും ഇടയിൽ പ്രായമുള്ള നാല് വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു. പരോൾ ഇല്ലാതെയാണ് മാതാപിതാക്കൾക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.
തോക്ക് ഉപയോഗിച്ചുള്ള അതിക്രമ സംഭവങ്ങളെ ഒരു പരിധി വരെയെങ്കിലും നിയന്ത്രിക്കാൻ കേസിലെ വിധി നിർണായകമാവുമെന്നാണ് കൊല്ലപ്പട്ട വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വിലയിരുത്തുന്നത്. ഈ കേസിൽ തീരുമാനം ഇരകളായവരുടെ ജീവൻ തിരികെ കൊണ്ടുവന്നില്ലെങ്കിലും സമാനമായ സംഭവങ്ങൾ തുടർന്ന് ഉണ്ടാവാതിരിക്കാൻ മുന്നറിയിപ്പ് നൽകുന്നതാണെന്നാണ് കോടതി വിലയിരുത്തിയത്. വെടിവയ്പ് നടന്ന ദിവസം പതിനഞ്ചുകാരന്റെ നോട്ട് ബുക്കിലെ അസ്വസ്ഥമാക്കുന്ന ചിത്രത്തേക്കുറിച്ച് സംസാരിക്കാനായി അധ്യാപിക വിളിച്ച മീറ്റിംഗിലും രക്ഷിതാക്കൾ പങ്കെടുത്തിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം