അപകടത്തിൽ രണ്ട് പേർ തൽക്ഷണം മരിച്ചിട്ടും കാറോടിച്ച കോടീശ്വരന്റെ ഭാര്യയുടെ ചിരിയും ഭീഷണിയും -വീഡിയോ
കോപാകുലരായ ജനക്കൂട്ടം വളയുമ്പോഴും പുഞ്ചിരിക്കുകയും കുടുംബത്തിൻ്റെ സ്വാധീനത്തെക്കുറിച്ച് വീമ്പിളക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നു.
ഇസ്ലാമാബാദ്: രണ്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് ശേഷം കാറോടിച്ച സ്ത്രീ പുഞ്ചിരിച്ച് ഫോട്ടോക്ക് പോസ് ചെയ്തതിൽ വൻപ്രതിഷേധം. പാകിസ്ഥാനിലാണ് സംഭവം. ഓഗസ്റ്റ് 19 ന് പ്രമുഖ വ്യവസായി ഡാനിഷ് ഇഖ്ബാലിൻ്റെ ഭാര്യ നടാഷ ഡാനിഷ് ഓടിച്ച ടൊയോട്ട ലാൻഡ് ക്രൂയിസർ ഇടിച്ചാണ് അപകടമുണ്ടായത്. പാർക്ക് ചെയ്തിരുന്ന കാറുകളിലും ബൈക്കുകളിലും ഇവരുടെ കാറിടിച്ചു. സംഭവത്തിൽ ഒരു പിതാവും മകളും തൽക്ഷണം മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഒരാൾ ഇപ്പോൾ വെൻ്റിലേറ്ററിലാണ്. അപകടത്തിന് ശേഷമുള്ള നതാഷയുടെ പെരുമാറ്റം അവരുടെ മാനസികാവസ്ഥയെക്കുറിച്ച് സംശയമുളവാക്കുന്നതായി സോഷ്യൽമീഡിയയിൽ അഭിപ്രായമുയർന്നു.
കോപാകുലരായ ജനക്കൂട്ടം വളയുമ്പോഴും പുഞ്ചിരിക്കുകയും കുടുംബത്തിൻ്റെ സ്വാധീനത്തെക്കുറിച്ച് വീമ്പിളക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നു. വാഹനാപകടത്തിന് ശേഷം മാനസികാരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നതാഷ ഡാനിഷ് കോടതിയിൽ ഹാജരാകുന്നത് ഒഴിവാക്കി. നതാഷയുടെ മാനസികാരോഗ്യം സ്ഥിരമല്ലെന്നും ജിന്ന ആശുപത്രിയിൽ ചികിത്സയിലാണെന്നും അവരുടെ അഭിഭാഷകൻ അമീർ മൻസുബ് അവകാശപ്പെട്ടു. അതേസമയം, ഇവർക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഒരുവിഭാഗം പറഞ്ഞു.
പാകിസ്ഥാനിലെ കറാച്ചിയിലാണ് 32കാരിയായ നടാഷ ഡാനിഷ് ജനിച്ചത്. പാക്കിസ്ഥാനിലെ പ്രശസ്ത വ്യവസായി ഡാനിഷ് ഇഖ്ബാലിൻ്റെ ഭാര്യയാണ് നടാഷ. ഗുൽ അഹമ്മദ് എനർജി ലിമിറ്റഡിൻ്റെയും അതിൻ്റെ അനുബന്ധ കമ്പനികളുടെയും മെട്രോ പവർ ഗ്രൂപ്പിൻ്റെയും ചെയർമാനാണ് ഡാനിഷ് ഇഖ്ബാൽ. റിപ്പോർട്ടുകൾ പ്രകാരം, ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ റിമാൻഡിൽ വിട്ടിരിക്കുകയാണ്.