ചരിത്ര തീരുമാനം, ഇളയമകൾ അസീഫയെ പാക് പ്രഥമവനിതയാക്കാൻ ആസിഫ് അലി സർദാരി
2008-2013 കാലത്ത് സർദാരി പാക് പ്രസിഡന്റായിരുന്നു. ഈ കാലയളവിൽ പ്രഥമവനിതാ പദത്തിൽ ആരുമുണ്ടായിരുന്നില്ല.
ഇസ്‌ലാമാബാദ്: ചരിത്രപരമായ തീരുമാനവുമായി പാകിസ്ഥാൻ പ്രസിഡന്‍റ് ആസിഫ് അലി സർദാരി. സർദാരി തന്‍റെ ഇളയമകൾ അസീഫ ഭൂട്ടോയെ പാകിസ്താന്റെ പ്രഥമവനിതയാക്കാൻ തീരുമാനിച്ചെന്ന് റിപ്പോർട്ട്. പ്രസിഡന്റിന്റെ ഭാര്യയാണ് സാധാരണ പ്രഥമവനിതയാകുക. എന്നാൽ, ഭാര്യ ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട ശേഷം സർദാരി വിവാഹം കഴിച്ചിട്ടില്ല. 2007-ൽ ആണ് ബേനസീർ ഭൂട്ടോ കൊല്ലപ്പെടുന്നത്. ഇത്തവണ 31 കാരിയായ മകളെ സർദാരി പാക് പ്രഥമവനിതയായാക്കുമെന്നാണ് റിപ്പോർട്ടുകൾ.
2008-2013 കാലത്ത് സർദാരി പാക് പ്രസിഡന്റായിരുന്നു. ഈ കാലയളവിൽ പ്രഥമവനിതാ പദത്തിൽ ആരുമുണ്ടായിരുന്നില്ല. ആ സമയത്ത് മകൾ പ്രായപൂർത്തിയായിരുന്നില്ല. എന്നാൽ ഇത്തവണ പതിവിനു വിരുദ്ധമായി മകളെ പ്രഥവനിതയാക്കാൻ സർദാരി തീരുമാനിച്ചെന്നാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ ഞായറാഴ്ച നടന്ന സത്യപ്രതിജ്ഞാച്ചടങ്ങിൽ ആസീഫ സർദാരിക്കൊപ്പമുണ്ടായിരുന്നു. ഇത്തവണ പി.പി.പി.യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ആസീഫ സജീവമായിരുന്നു. സർദാരിയുടെ തീരുമാനത്തെ പി.പി.പി പാർട്ടിയും അംഗീകരിച്ചെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
ഭാര്യക്കുപകരം മറ്റുള്ളവർ പ്രഥമവനിതകളായ സംഭവം പാകിസ്ഥാന്‍റെ ചരിത്രത്തിലില്ല. അതേസമയം യു.എസിൽ പെൺമക്കളെയും മരുമക്കളെയും പ്രഥമവനിതകളാക്കിയ സംഭവങ്ങളുണ്ട്. വിഭാര്യനായിരുന്ന യു.എസ്. മുൻ പ്രസിഡന്റ് ആൻഡ്രൂ ജാക്സൺ അനന്തരവൾ എമിലി ഡോണെൽസണിന് പ്രഥവനിതയുടെ ചുമതല നൽകിയിരുന്നു. ചെസ്റ്റർ ആർതർ, ഗ്രോവർ ക്ലീവ്‌ലൻഡ് എന്നീ മുൻ യു.എസ്. പ്രസിഡന്റുമാർ സഹോദരിമാരെയാണ് പ്രഥമവനിതയുടെ പ്രഥമവനിതയുടെ ചുമതലയേൽപ്പിച്ചിരുന്നത്.