ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നു; അഫ്​ഗാനിസ്ഥാനെ രൂക്ഷമായി വിമ‍‍ർശിച്ച് പാകിസ്ഥാൻ 

താലിബാൻ സ‍‍ർക്കാരിന്റെ പൂർണ പിന്തുണയോടെ പാകിസ്ഥാനെതിരെ ടിടിപി ദിവസവും ആക്രമണം നടത്തുകയാണെന്ന് യുഎന്നിലെ പാകിസ്ഥാൻ അംബാസഡർ മുനീർ അക്രം ആരോപിച്ചു. 

Pakistan criticized Afghanistan for encouraging terrorism

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഭീകരവാദം ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നതെന്ന് യുഎൻ സുരക്ഷാ കൗൺസിലിന് പാകിസ്ഥാന്റെ മുന്നറിയിപ്പ്. പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലും ഭീഷണി ഉയർത്താൻ സാധിക്കുന്ന ഭീകരവാദ സംഘടനകൾ അഫ്​ഗാനിസ്ഥാനിൽ നിന്ന് അതിവേഗം ഉയർന്നുവരുന്നുണ്ടെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. താലിബാൻ ഭരിക്കുന്ന രാജ്യത്ത് നിന്ന് ഉയരുന്ന ഭീകരവാദ ഭീഷണി ആഗോള സമൂഹം ഗൗരവമായി പരിഗണിക്കണമെന്ന് യുഎന്നിലെ പാകിസ്ഥാൻ അംബാസഡർ മുനീർ അക്രം ആവശ്യപ്പെട്ടു. 

തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) അഫ്​ഗാനിസ്ഥാനിലെ ഏറ്റവും വലിയ ഭീകരസംഘടനയാണെന്ന് മുനീർ അക്രം പറഞ്ഞു. താലിബാൻ സ‍‍ർക്കാരിന്റെ പൂർണ പിന്തുണയോടെ ടിടിപി പാകിസ്ഥാനെതിരെ ദിവസവും ആക്രമണം നടത്തുകയാണ്. പാകിസ്ഥാൻ്റെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന മജീദ് ബ്രിഗേഡ് പോലെയുള്ള വിഘടനവാദ ഗ്രൂപ്പുകളുമായി ചേർന്നാണ് ടിടിപി പാകിസ്ഥാനെതിരെ ആക്രമണം അഴിച്ചുവിടുന്നതെന്നും ഈ സ്ഥിതി തുടർന്നാൽ അധികം വൈകാതെ തന്നെ പ്രാദേശിക, ആ​ഗോള ലക്ഷ്യങ്ങളിലേയ്ക്ക് എത്താൻ ടിടിപിയെ അൽ-ഖ്വയ്ദ ഉപയോ​ഗിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ടിടിപി ഉയർത്തുന്ന ഭീഷണി ഇല്ലാതാക്കാൻ പ്രാദേശിക, അന്തർദേശീയ സംഘടനകളുമായി സഹകരിക്കാൻ പാകിസ്ഥാൻ തയ്യാറാണെന്ന് മുനീർ അക്രം വ്യക്തമാക്കി. ടിടിപിയ്ക്ക് എതിരെ ദേശീയ തലത്തിൽ നടപടി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അഫ്ഗാനിസ്ഥാനിൽ നിന്ന് പാകിസ്ഥാനിലേക്ക് ഭീകരവാദികൾ നുഴഞ്ഞുകയറുന്നതിൽ യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് ആശങ്ക പ്രകടിപ്പിച്ചു. കാബൂളിൻ്റെ മണ്ണ് ഭീകരവാദ സംഘങ്ങൾക്ക് വിട്ടുകൊടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

READ MORE: മൈനാഗപ്പളളിയിൽ പ്രതിയെ എത്തിച്ചു, ജനരോക്ഷം ഇരമ്പി, പൊലീസ് ജീപ്പ് വളഞ്ഞ് നാട്ടുകാർ, അജ്മലിനെ പുറത്തിറക്കിയില്ല

Latest Videos
Follow Us:
Download App:
  • android
  • ios