ട്രംപിനെയടക്കം വധിക്കാൻ ആസൂത്രണം, വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് പാക് പൗരൻ അറസ്റ്റിൽ
ജൂലായ് 13-ന് പെൻസിൽവാനിയയിലെ ബട്ട്‌ലറിൽ ട്രംപിനെതിരായ വധശ്രമവുമായി ആസിഫിന്റെ ആക്രമണ പദ്ധതിയ്ക്ക് എന്തെങ്കിലും ബന്ധമുള്ളതായി സൂചനകളില്ല.
വാഷിങ്ടൺ: മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെ ഉന്നത അമേരിക്കൻ നേതാക്കളെ വധിക്കാൻ ഗൂഢാലോചന നടത്തിയ പാക്കിസ്ഥാൻ പൗരൻ അറസ്റ്റിൽ. 46 കാരനാ. ആസിഫ് മെർച്ചന്റിനെയാണ് എഫ്ബിഐ ജൂലൈ 12ന് കസ്റ്റഡിയിൽ എടുത്തത്. ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ ഉന്നത അമേരിക്കൻ രാഷ്ട്രീയ നേതാക്കളെ വധിക്കാൻ വാടക കൊലയാളികളെ ഏർപ്പാട് ചെയ്തു എന്നതാണ് ഇയാൾക്കെതിരെ ചുമത്തിയ പ്രധാന കുറ്റം. ഇയാൾ അമേരിക്ക വിടാൻ ഒരുങ്ങുമ്പോഴാണ് അറസ്റ്റ് ചെയ്തത്. കുറ്റപത്രം കേന്ദ്ര ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ഇന്നലെ കോടതിയിൽ സമർപ്പിച്ചു.
ഇയാൾക്ക് ഇറാനുമായി ബന്ധമുണ്ടെന്നും എഫ്ബിഐ ആരോപിച്ചു. അതേസമയം, ജൂലായ് 13-ന് പെൻസിൽവാനിയയിലെ ബട്ട്‌ലറിൽ ട്രംപിനെതിരായ വധശ്രമവുമായി ആസിഫിന്റെ ആക്രമണ പദ്ധതിയ്ക്ക് എന്തെങ്കിലും ബന്ധമുള്ളതായി സൂചനകളില്ല. ആസിഫ് റാസ മെർച്ചന്റ് എന്നാണ് ഇയാൾ അറിയപ്പെടുന്നത്. പാകിസ്ഥാനിലും ഇറാനിലും ഭാര്യമാരും കുട്ടികളുമുണ്ട്. ഇറാൻ, സിറിയ, ഇറാഖ് എന്നിവിടങ്ങളിലേക്ക് ആസിഫ് ഇടയ്ക്കിടെ യാത്ര ചെയ്യാറുണ്ടെന്ന് അദ്ദേഹത്തിൻ്റെ യാത്രാ രേഖകൾ പറയുന്നു.
തൻ്റെ പദ്ധതികൾക്കായി, ആസിഫ് മർച്ചൻ്റ് അക്രമികളെന്ന് കരുതുന്ന ആളുകളെ വാടകയ്‌ക്കെടുത്തു. എന്നാൽ അവർ യഥാർത്ഥത്തിൽ രഹസ്യ ഏജൻ്റുമാരായിരുന്നു. ഇവിടെയാണ് ഇയാൾക്ക് പിഴച്ചതെന്ന് എഫ്ബിഐ പറയുന്നു. ജൂലൈ 12 ന് വിമാനം കയറാൻ ഒരുങ്ങുന്നതിനിടെയാണ് അറസ്റ്റ്.