600പേരെ കിടങ്ങിലിട്ട് വെടിവെച്ച് കൊലപ്പെടുത്തി അൽഖ്വയ്ദ ബന്ധമുള്ള ഭീകര സംഘടന, ക്രൂര നരവേട്ട ലോകമറിഞ്ഞത് ഇപ്പോൾ
കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നു. അൽ-ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായും അഫിലിയേറ്റ് ചെയ്ത ജമാഅത്ത് നുസ്‌റത്ത് അൽ ഇസ്‌ലാം വാൽ മുസ്‌ലിമിൻ (ജെഎൻഐഎം) എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിൽ.
ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ ഭീകരവാദികൾ 600ഓളം പേരെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ബർസലോഗോ പട്ടണത്തിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ആക്രമണമുണ്ടായത്. അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരവാദികളാണ് ആളുകളെ വെടിവെച്ച് കൊലപ്പെടുത്തിയത്. സൈന്യത്തെ സഹായിച്ചു എന്നാരോപിച്ചായിരുന്നു കൂട്ടക്കൊല. കിടങ്ങുകളിൽ നിരത്തി നിർത്തിയായിരുന്നു വെടിവെപ്പ്. ഓഗസ്റ്റ് 24 ന് ബർസലോഗോ നിവാസികൾ സംരക്ഷണ കിടങ്ങുകൾ കുഴിക്കുന്നതിനിടെയായിരുന്നു ആക്രമണം. കൂട്ടക്കൊല ഇപ്പോഴാണ് പുറംലോകം അറിയുന്നത്.
കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നു. അൽ-ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായും അഫിലിയേറ്റ് ചെയ്ത ജമാഅത്ത് നുസ്‌റത്ത് അൽ ഇസ്‌ലാം വാൽ മുസ്‌ലിമിൻ (ജെഎൻഐഎം) എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിൽ. മാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരർ ബർസലോഗോയുടെ പ്രാന്തപ്രദേശത്ത് ബൈക്കുകളിലെത്തി ഗ്രാമീണരെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. 200ഓളം പേർ കൊല്ലപ്പെട്ടെന്നാണ് യുഎൻ അറിയിച്ചത്. അതേസമയം, 300ഓളം പേർ കൊല്ലപ്പെട്ടെന്ന് സംഘടനയും 600 പേർ വരെ വെടിയേറ്റ് മരിച്ചതായി ഫ്രഞ്ച് സർക്കാരിൻ്റെ സുരക്ഷാ സംഘത്തെ ഉദ്ധരിച്ച് സിഎൻഎന്നും റിപ്പോർട്ട് ചെയ്തു.
പ്രദേശത്ത് ഭയാനകമായ സാഹചര്യമാണ്. മൂന്ന് ദിവസമായിമൃതദേഹങ്ങൾ ശേഖരിക്കുകയായിരുന്നു. ശരീരഭാഗങ്ങൾ എല്ലായിടത്തും ചിതറിക്കിടക്കുകയായിരുന്നുവെന്നും ഗ്രാമവാസികൾ പറഞ്ഞു. ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ ബുർക്കിന ഫാസോയിൽ 2015ന് 20,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും രണ്ട് ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്യുകയും ചെയ്തു.