നൈജീരിയയിൽ സ്കൂളിൽ നിന്ന് തോക്കിൻ മുനയിൽ തട്ടിക്കൊണ്ടുപോയ 200ഓളം വിദ്യാർത്ഥികളെ മോചിപ്പിച്ചു

നൈജീരിയയുടെ വടക്കൻ മേഖലയിൽ നടക്കുന്ന ഇത്തരം തട്ടിക്കൊണ്ട് പോകലുകളിൽ ഏറിയപങ്കും ഇരകളാക്കപ്പെടുന്നത് സ്ത്രീകളും കുട്ടികളുമാണ്

Over 200 students and staff abducted by gunmen from a school in northern Nigeria earlier this month  released  etj

കടുന: ഈ മാസം ആദ്യം വടക്കൻ നൈജീരിയയിലെ കടുനയിലെ ഒരു സ്കൂളിൽ നിന്ന് തോക്കിൻ മുനയിൽ തട്ടിക്കൊണ്ടുപോയ 200ൽ അധികം വിദ്യാർത്ഥികളെയും ജീവനക്കാരെയും മോചിപ്പിച്ചു. മോചനദ്രവ്യമായി 690000 ഡോളർ നൽകിയതിന് പിന്നാലെയാണ് മോചനം സാധ്യമായതെന്നാണ് റിപ്പോർട്ട്. തട്ടിക്കൊണ്ടുപോയവരെ പരിക്കുകൾ ഒന്നും ഏൽപ്പിക്കാതെയാണ് അക്രമി സംഘം വിട്ടയച്ചതെന്നാണ് വിവരം. കടുന സംസ്ഥാന ഗവർണറുടെ ഓഫീസാണ് തട്ടിക്കൊണ്ടുപോയവരെ വിട്ടയച്ചതായി വിശദമാക്കിയത്. നെജീരിയയിലെ വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ കടുനയിലെ കുരിഗയിൽ മാർച്ച് 7 നാണ് അസംബ്ലിക്കിടെ തോക്ക് ധാരികൾ സ്കൂളിലേക്ക് എത്തിയത്. 

2014ൽ മുതലാണ് ഇത്തരം സംഭവങ്ങൾ വലിയ രീതിയിലുള്ള ആശങ്കയക്ക് വഴിവച്ച് തുടങ്ങിയത്. 2014ൽ ഐഎസ് ഭീകരർ 200ൽ അധികം പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയിരുന്നു. നൈജീരിയയുടെ വടക്ക് പശ്ചിമ മേഖലയിൽ മാത്രമായി പന്ത്രണ്ടിലധികം സായുധ സംഘങ്ങളാണ് പിടിമുറുക്കിയിട്ടുള്ളത്. വലിയ മോചനദ്രവ്യം ആവശ്യപ്പെട്ട് ഗ്രാമീണരെ വരെ ഈ മേഖലയിൽ തട്ടിക്കൊണ്ട് പോവുന്നത് പതിവായിട്ടുണ്ട്. നൈജീരിയയുടെ വടക്കൻ മേഖലയിൽ നടക്കുന്ന ഇത്തരം തട്ടിക്കൊണ്ട് പോകലുകളിൽ ഏറിയപങ്കും ഇരകളാക്കപ്പെടുന്നത് സ്ത്രീകളും കുട്ടികളുമാണ്. 

നൈജീരിയൻ സ്‌കൂളുകളിൽ നിന്ന് തട്ടിക്കൊണ്ടുപോകലുകൾ ആദ്യമായി നടത്തിയത് ബോക്കോ ഹറമായിരുന്നു. ഒരു ദശാബ്ദം മുമ്പ് വടക്കുകിഴക്കൻ ബോർണോ സ്റ്റേറ്റിലെ ചിബോക്കിലെ ഒരു ഗേൾസ് സ്‌കൂളിൽ നിന്ന് 276 വിദ്യാർത്ഥികളെയാണ് ബോക്കോ ഹറം തീവ്രവാദികൾ പിടികൂടിയത്. ഇതിന് പിന്നാലെയാണ് ക്രിമിനൽ സംഘങ്ങൾ പണം ലക്ഷ്യമിട്ട് ഈ തട്ടിക്കൊണ്ടുപോകൽ വ്യാപകമായി ആരംഭിച്ചത്. നൈജീരിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് കുരിഗ സ്കൂൾ കുട്ടികളുടെ മോചന പ്രവർത്തനം ഏകോപിപ്പിച്ചതെന്നാണ് കടുന ഗവർണർ ഉബ സാനി ഞായറാഴ്ച പ്രതികരിച്ചത്. എന്നാൽ മോചനം സംബന്ധിച്ച കൂടുതൽ വിശദമാംശങ്ങൾ അദ്ദേഹം നൽകിയില്ല.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios