എയർപോർട്ടിൽ ലഗേജ് ഇറക്കുന്നതിനിടെ ഒരു പെട്ടി അബദ്ധത്തിൽ പൊട്ടി; പുറത്തുചാടിയത് ജീവനുള്ള രണ്ട് ഡസനോളം ഈലുകൾ

കാർഗോ വിമാനത്തിൽ നിന്ന് സാധനങ്ങൾ ഇറക്കവെയാണ് പെട്ടികളിലൊന്ന് പൊട്ടിയത്. അബദ്ധം പറ്റിയതാണെന്ന് വിമാനക്കമ്പനി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

One of the boxes accidently split during unloading from a flight and dozens of live eels got loose

ടൊറണ്ടോ: വിമാനത്താവളത്തിൽ വെച്ച് ലഗേജ് ഇറക്കുന്നതിനിടെ ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ ഒരു പിഴവിന്റെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പെട്ടികൾ ഇറക്കുന്നിതിനിടെ അതിൽ ഒരെണ്ണം പൊട്ടി. പുറത്തുവന്നതാവട്ടെ ജീവനുള്ള നിരവധി ഈലുകൾ. പാമ്പുകളെപ്പോലെ തോന്നിപ്പിക്കുന്ന ഇവ റൺവേയ്ക്ക് സമീപം കിടന്നു പുളയുന്ന വീഡിയോ ദൃശ്യങ്ങളാണ് വിമാനത്താവള ജീവനക്കാരിൽ ആരോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

കാനഡയിലെ വാൻകൂവർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇത് സംഭവിച്ചത്. ടൊറണ്ടോയിൽ നിന്ന് വാൻകൂവറിലേക്ക് വന്ന എയർ കാന‍ഡയുടെ കാർഗോ വിമാനത്തിൽ നിന്ന് സാധനങ്ങൾ ഇറക്കവെയാണ് പെട്ടികളിലൊന്ന് അബദ്ധത്തിൽ പൊട്ടി ഈലുകൾ പുറത്തുചാടിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവമെന്ന് എയർ കാനഡ കാർഗോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പ്രവർത്തനം നിർത്തിവെച്ച ഒരു കൺവേയർ ബെൽറ്റിന് പുറത്തിരിക്കുന്ന പെട്ടിയും താഴെ വീണുകിടക്കുന്ന രണ്ട് ഡസനോളം ഈലുകളുമാണ് വീഡിയോയിലുള്ളത്. ഓരോന്നിനും അര മീറ്ററോളം നീളവുമുണ്ട്.

പറ്റിയത് ഒരു അബദ്ധമാണെന്നും ഈലുകളെല്ലാം തിരിച്ചെടുത്ത് വീണ്ടും പാക്ക് ചെയ്ത് സുരക്ഷിതമാക്കിയിട്ടുണ്ടെന്നും എയർ കാന‍ഡ കാർഗോ അറിയിച്ചു. സംഭവത്തിൽ ഈ കാർഗോ അയച്ച ഉപഭോക്താവുമായി ബന്ധപ്പെട്ടുവെന്നും കമ്പനി പറയുന്നു. എങ്ങനെയാണ് ഈ അബദ്ധം പറ്റിയതെന്ന് പക്ഷേ കമ്പനി പറയുന്നില്ല. വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ഇത് തീരെ ബാധിച്ചിട്ടില്ലെന്ന് എയർപോർട്ട് അധികൃതരും വ്യക്തമാക്കി.

പാമ്പുകളോട് രൂപസാദൃശ്യമുള്ള മത്സ്യങ്ങളാണ് ഈലുകൾ. ആഴമില്ലാത്ത കടൽ മേഖലയിൽ കാണപ്പെടുന്ന ഇവ മിക്കപ്പോഴും മണലിൽ പുതഞ്ഞായിരിക്കും. ഇരപിടിച്ച് ഭക്ഷണം തേടുന്ന ഇവ മാംസഭുക്കുകളാണ്. ചെറുമത്സ്യങ്ങളും മറ്റ് ചെറിയ കടൽ ജീവികളുമാണ് പ്രധാന ഭക്ഷണം. ശുദ്ധജലത്തിൽ വസിക്കുന്ന ഈലുകൾ പ്രാണികളുടെ ലാർവകളെയും ഭക്ഷിക്കുന്നു.

വീഡിയോ കാണാം...
 

Latest Videos
Follow Us:
Download App:
  • android
  • ios