ലോകത്തെ മുഴുവൻ ആശങ്കപ്പെടുത്തുന്ന വാക്കുകളുമായി കിം ജോങ് ഉൻ; 'യുദ്ധത്തിന് കൂടുതൽ തയ്യാറെടുക്കേണ്ട സമയം'
കിമ്മിൻ്റെ കീഴിൽ സമീപ വർഷങ്ങളിൽ ഉത്തരകൊറിയ ആയുധ ശേഖരം ശക്തിപ്പെടുത്തുകയും റഷ്യയുമായി കൂടുതൽ സൈനികവും രാഷ്ട്രീയവുമായ ബന്ധം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്
സോൾ: യുദ്ധത്തിന് കൂടുതൽ തയ്യാറെടുക്കേണ്ട സമയമാണെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. രാജ്യത്തെ ചുറ്റിപ്പറ്റിയുള്ള അസ്ഥിരമായ രാഷ്ട്രീയ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കിമ്മിന്‍റെ പ്രതികരണം. രാജ്യത്തെ പ്രധാന സൈനിക സർവകലാശാല സന്ദര്‍ശിച്ച ശേഷമായിരുന്നു കിം സംസാരിച്ചത്. 2011ൽ മരിച്ച തന്‍റെ പിതാവിന്‍റെ പേരിലുള്ള കിം ജോങ് ഇൽ യൂണിവേഴ്‌സിറ്റി ഓഫ് മിലിട്ടറി ആൻഡ് പൊളിറ്റിക്‌സിലാണ് കിം എത്തിയത്.
കിമ്മിൻ്റെ കീഴിൽ സമീപ വർഷങ്ങളിൽ ഉത്തരകൊറിയ ആയുധ ശേഖരം ശക്തിപ്പെടുത്തുകയും റഷ്യയുമായി കൂടുതൽ സൈനികവും രാഷ്ട്രീയവുമായ ബന്ധം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ശത്രുക്കൾ ഉത്തരകൊറിയയുമായി സൈനിക ഏറ്റുമുട്ടലിന് തീരുമാനിച്ചാൽ കൈവശമുള്ള എല്ലാ മാർഗങ്ങളും അണിനിരത്തി മറുപടി നൽകുമെന്ന് കിം പറഞ്ഞു.
സങ്കീർണ്ണമായ അന്താരാഷ്‌ട്ര സാഹചര്യവും ഉത്തരകൊറിയയെ ചുറ്റിപ്പറ്റിയുള്ള അസ്ഥിരവുമായ സൈനിക-രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചുമാണ് കിം സംസാരിച്ചത്. മുമ്പത്തേക്കാൾ കൂടുതൽ സമഗ്രമായി ഒരു യുദ്ധത്തിനായി തയ്യാറെടുക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഉഭയകക്ഷി ബന്ധം കൂടുതൽ സജീവമാക്കുകയാണ് ചൈനയും ഉത്തരകൊറിയയും. അടുത്തിടെയാണ് വടക്കൻ കൊറിയ വിദേശ നയതന്ത്രജ്ഞർക്ക് കൂടുതലായി പ്രവേശനം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയിലേക്കും റഷ്യയിലേക്കുമുള്ള ചരക്ക് ഗതാഗതം വീണ്ടും സജീവമായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...