ഷിയുടെയും കിമ്മിന്റേയും തന്ത്രപരമായ നീക്കം, കൂടുതൽ സഹകരണത്തിന് ചൈനയും വടക്കൻ കൊറിയയും
ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഷിയുടെയും കിമ്മിൻ്റെയും തന്ത്രപരമായ മാർഗ്ഗനിർദ്ദേശത്തിൽ മികച്ച സൂചനകൾ നൽകുന്നതാണെന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന സെക്രട്ടേറിയറ്റിലെ ശക്തനായ കായ് ക്വി
സിയോൾ: കൂടുതൽ സഹകരണത്തിന് ചൈനയും വടക്കൻ കൊറിയയും. ഉഭയ കക്ഷി ബന്ധം കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. വടക്കൻ കൊറിയയുടേയും ചൈനയുടേയും ഔദ്യോഗിക പ്രതിനിധികൾ ബീജിംഗിൽ വച്ച് നടന്ന കൂടിക്കാഴ്ചയിലാണ് ഉഭയ കക്ഷി ധാരണയായത്. കൊവിഡ് 19 ലോക്ക്ഡൌണിന് ശേഷമാണ് ഇത്തരത്തിലുള്ള ധാരണ ഉണ്ടാവുന്നത്. വടക്കൻ കൊറിയൻ നയതന്ത്ര പ്രതിനിധി കിം സോംഗ് നാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ആഴ്ച ഇതിനായി ചൈനയിലെത്തിയത്.
വ്യാഴാഴ്ച നടന്ന യോഗത്തിൽ അന്തർദേശീയ തലത്തിലെ സാഹചര്യങ്ങൾ എങ്ങനെ മാറിയാലും ചൈനയും വടക്കൻ കൊറിയയുമായുള്ള ബന്ധത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് ചൈനയുടെ നാലാമത്തെ ഉയർന്ന പദവിയിലുള്ള നേതാവായ വാഗ് ഹൂനിംഗ് പ്രതികരിച്ചത്. നേരത്തെ ഈ വർഷം ആദ്യത്തിൽ ഇരുരാജ്യങ്ങളിലേയും നേതാക്കൾ സന്ദേശങ്ങൾ കൈമാറിയത് ശക്തമായ ബാന്ധവത്തിന്റെ സൂചന നൽകിയിരുന്നു. കൊവിഡ് മഹാമാരി സമയത്ത് വടക്കൻ കൊറിയ കർശനമായ അതിർത്തി നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരുന്നു. ഇത് ചൈനയുമായും റഷ്യയുമായും ചരക്ക് ഗതാഗതത്തേയും സാരമായി ബാധിച്ചിരുന്നു.
അടുത്തിടെയാണ് വടക്കൻ കൊറിയ വിദേശ നയതന്ത്രജ്ഞർക്ക് കൂടുതലായി പ്രവേശനം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയിലേക്കും റഷ്യയിലേക്കുമുള്ള ചരക്ക് ഗതാഗതം വീണ്ടും സജീവമായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഷിയുടെയും കിമ്മിൻ്റെയും തന്ത്രപരമായ മാർഗ്ഗനിർദ്ദേശത്തിൽ മികച്ച സൂചനകൾ നൽകുന്നതാണെന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന സെക്രട്ടേറിയറ്റിലെ ശക്തനായ കായ് ക്വി പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം