സ്നേഹനിധിയായ പിതാവ്, കിം ജോംങ് ഉന്നിനെ പുകഴ്ത്തുന്ന പുതിയ ഗാനവുമായി ഉത്തര കൊറിയ
ബുധനാഴ്ചയാണ് ഗാനം കൊറിയൻ ഔദ്യോഗിക ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്തത്
പ്യോംങ്യാംഗ്: കിം ജോംങ് ഉന്നിനെ പുകഴ്ത്തുന്ന പുതിയ ഗാനം റിലീസ് ചെയ്ത് ഉത്തര കൊറിയ. സ്നേഹനിധി ആയ അച്ഛനായും മികച്ച രാഷ്ട്രത്തലവനായും കിമ്മിനെ പ്രശംസിക്കുന്ന ഗാനം വടക്കൻ കൊറിയൻ മാധ്യമങ്ങളിൽ നിറയുകയാണ്. നിലവിലെ ഒറ്റപ്പെട്ട അവസ്ഥയിൽ തന്റെ നില മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ പ്രചരണ ഗാനമെന്നാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്.
ബുധനാഴ്ചയാണ് ഗാനം കൊറിയൻ ഔദ്യോഗിക ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്തത്. ഉത്തര കൊറിയയിലെ കുട്ടികൾ മുതൽ സേനാംഗങ്ങൾ വരെയുള്ള വിവിധ തലത്തിലുള്ള ആളുകൾ ഗാനത്തിൽ ഭാഗമായിട്ടുണ്ട്. ലൈവ് ഓർക്രസ്ട്ര പിന്തുണയോടെയുള്ള ഗാനത്തിന്റെ സംപ്രേക്ഷണത്തിന് കിമ്മും സാക്ഷിയായതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കിമ്മിന്റെ ഭരണകൂടം നിർമ്മിക്കുന്ന 10000 പുതിയ വീടുകളുടെ പൂർത്തീകരണത്തോട് ബന്ധപ്പെട്ടാണ് പ്രചാരണ ഗാനം തയ്യാറാക്കിയിട്ടുള്ളത്.
ഏപ്രിൽ ആദ്യവാരത്തിൽ രാജ്യത്തെ ചുറ്റിപ്പറ്റിയുള്ള അസ്ഥിരമായ രാഷ്ട്രീയ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി യുദ്ധത്തിന് കൂടുതൽ തയ്യാറെടുക്കേണ്ട സമയമാണെന്ന് കിം ജോങ് ഉൻ പ്രതികരിച്ചത് വലിയ ആശങ്കകൾക്ക് വഴി തെളിച്ചിരുന്നു. രാജ്യത്തെ പ്രധാന സൈനിക സർവകലാശാല സന്ദര്‍ശിച്ച ശേഷമായിരുന്നു കിമ്മിന്റെ ഈ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം