മാളിന്‍റെ ഉദ്ഘാടന ദിവസം, ഇരച്ചെത്തിയ ആൾക്കൂട്ടം കടകൾ കൊള്ളയടിച്ചു, കയ്യിൽ കിട്ടിയതെല്ലാം എടുത്തോടി
ഉദ്ഘാടനം പ്രമാണിച്ച് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു. കേട്ടറിഞ്ഞ് നിരവധി പേരെത്തി.
കറാച്ചി: ഉദ്ഘാടന ദിവസം തന്നെ മാൾ കൊളളയടിക്കപ്പെട്ടു. മാളിൽ വ്യാപക നാശം വരുത്തിയ ആൾക്കൂട്ടം വിവിധ കടകൾ കൊള്ളയടിക്കുകയും ചെയ്തു. പാകിസ്ഥാനിലെ കറാച്ചിയിൽ ഡ്രീം ബസാർ മാളിലാണിത് നടന്നത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കറാച്ചിയിലെ ഗുലിസ്ഥാൻ-ഇ-ജോഹർ പ്രദേശത്താണ് മാൾ. ഉദ്ഘാടനം പ്രമാണിച്ച് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു. കേട്ടറിഞ്ഞ് നിരവധി പേരെത്തി. ഉച്ചയ്ക്ക് മൂന്ന് മണിക്ക് മാൾ തുറന്നതോടെ ആളുകൾ ഇടിച്ചുകയറി. നൂറുകണക്കിനാളുകളാൽ മാൾ നിറഞ്ഞു. ഇതോടെ കടകളിലെ ജീവനക്കാർ ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവാതെ നിസ്സഹായരായി. ആളുകൾ ബലമായി കയറി കടകൾ നശിപ്പിക്കുകയും സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്തു. പലരും കയ്യിൽ കിട്ടാവുന്നതെല്ലാം എടുത്ത് പുറത്തേക്കോടി. ബഹളം കേട്ടിട്ടും പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു.
മാളിലെ ഗ്ലാസ് കവാടങ്ങൾ തകർക്കപ്പെട്ടു. വസ്ത്രങ്ങൾ ഉൾപ്പെടെ തറയിൽ ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പ്രവാസി വ്യവസായിയുടേതാണ് മാൾ. എങ്ങനെയാണ് മനുഷ്യർക്ക് ഇങ്ങനെ പെരുമാറാൻ കഴിയുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം