ചൈനയ്ക്ക് വൻ തിരിച്ചടി, അത്യാധുനിക ആണവ അന്തർവാഹിനി മുങ്ങി; വെളിപ്പെടുത്തലുമായി അമേരിക്ക
ആണവ അന്തർവാഹിനി മുങ്ങിയതായുള്ള അമേരിക്കയുടെ ആരോപണത്തിൽ വ്യക്തമായി പ്രതികരിക്കാൻ ചൈന തയ്യാറായിട്ടില്ല.
ന്യൂയോർക്ക്: ചൈനയുടെ അത്യാധുനിക ആണവ അന്തർവാഹിനി മുങ്ങിയതായി അമേരിക്കയുടെ വെളിപ്പെടുത്തൽ. ഇക്കഴിഞ്ഞ മെയ്-ജൂൺ മാസങ്ങളിലാണ് സംഭവം നടന്നതെന്ന് അമേരിക്കയുടെ ഒരു മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, അമേരിക്കയുടെ ആരോപണത്തിൽ വ്യക്തമായി പ്രതികരിക്കാൻ ചൈന തയ്യാറായിട്ടില്ല. ഇക്കാര്യത്തെ കുറിച്ച് ഒന്നും അറിയില്ലെന്നും നിലവിൽ നൽകാൻ വിവരങ്ങളൊന്നുമില്ലെന്നുമായിരുന്നു വാഷിംഗ്ടണിലെ ചൈനീസ് എംബസി വക്താവിന്റെ പ്രതികരണം.
ചൈനയുടെ ആണവ അന്തർവാഹിനി മുങ്ങാൻ കാരണം എന്താണെന്നോ ആ സമയത്ത് കപ്പലിൽ ആണവ ഇന്ധനം ഉണ്ടായിരുന്നോ എന്നുമുള്ള കാര്യങ്ങൾ വ്യക്തമല്ലെന്നും ചൈന ഇക്കാര്യങ്ങൾ മറച്ചുവെയ്ക്കുന്നതിൽ അത്ഭുതപ്പെടാനില്ലെന്നും അമേരിക്കയുടെ ഉദ്യോഗസ്ഥർ പറഞ്ഞു. സൈനിക ശക്തി വർദ്ധിപ്പിക്കാൻ നിരന്തരമായി ലക്ഷ്യമിടുന്ന ചൈനയ്ക്ക് അത്യാധുനിക ആണവ അന്തർവാഹിനി മുങ്ങിയത് വലിയ നാണക്കേടായാണ് കണക്കാക്കപ്പെടുന്നത്.
നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ നാവിക സേനയാണ് ചൈനയുടേത്. 370-ലധികം കപ്പലുകളാണ് ചൈനയുടെ പക്കലുള്ളത്. 2022-ലെ കണക്കനുസരിച്ച്, ചൈനയ്ക്ക് 6 ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനികളും 6 ആണവ ശക്തിയുള്ള ആക്രമണ അന്തർവാഹിനികളും 48 ഡീസൽ പവർ അറ്റാക്ക് അന്തർവാഹിനികളും ഉണ്ടെന്ന് പെന്റഗൺ റിപ്പോർട്ടിൽ പറയുന്നു. 2025 ഓടെ മുങ്ങിക്കപ്പലുകൾ 65 ആയും 2035 ഓടെ 80 ആയും ഉയരുമെന്ന് യുഎസ് പ്രതിരോധ വകുപ്പ് അറിയിച്ചു. ചൈനയുടെ ആണവ നിർമാണം അന്താരാഷ്ട്ര തലത്തിൽ ആശങ്കകൾ ഉയർത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
READ MORE: ഇസ്രായേലിനെതിരെ മിസൈൽ ആക്രമണവുമായി ഹൂതികൾ; ഹിസ്ബുല്ലയ്ക്ക് പിന്തുണയെന്ന് പ്രഖ്യാപനം