പർവ്വത സിംഹത്തെ തുരത്തി മരത്തിൽ കയറ്റി വളർത്തുനായ, രക്ഷകരായി വനംവകുപ്പ്
നായയെ പേടിച്ച് മരത്തിൽ കയറി ഒളിച്ച് പർവ്വത സിംഹം. ഒടുവിൽ മയക്കുവെടി വച്ച് പിടികൂടി വനംവകുപ്പ് അധികൃതർ
ലോസാഞ്ചലസ്: ജനവാസമേഖലയിലേക്ക് എത്തിയ പർവ്വത സിംഹം എന്നറിയപ്പെടുന്ന പ്യൂമയെ തുരത്തി ചെറുനായ. തിങ്കളാഴ്ചയാണ് ലോസാഞ്ചലസിന് സമീപത്തെ ടസ്റ്റിനിൽ പ്യൂമ എത്തിയത്. രാത്രി വൈകി വീടിന്റെ പരിസരത്ത് എത്തിയ പ്യൂമയെ തുരത്തിയോടിച്ച നായ പ്യൂമ പ്രാണ രക്ഷാർത്ഥം ഓടിക്കയറിയ മരത്തിന് കീഴെ നിലയുറപ്പിച്ചതോടെ വനംവകുപ്പ് അധികൃതർ എത്തി രക്ഷിക്കുന്നത് വരെ നിലത്തിറങ്ങാൻ പോലും ഈ ഭീമന് സാധിച്ചില്ല.
ടസ്റ്റിനിലെ എഫ്രെയിൻ റയീസ് എന്നയാളുടെ വീട്ടിലായിരുന്നു പ്യൂമ എത്തിയത്. വീട്ടുകാർ കാണുന്നതിന് മുൻപ് തന്നെ പ്യൂമയെ അയൽവാസികൾ കണ്ട് വിവരം അറിയിച്ചതോടെയാണ് വീട്ടുകാർ വിവരം അറിയുന്നത്. അൻപത് കിലോയോളം ഭാരമുള്ള പ്യൂമ വീടിന്റെ വാതിൽക്കലുണ്ടെന്ന് അറിഞ്ഞതോടെ എഫ്രെയിൻറെ നാലംഗ കുടുംബം ആശങ്കയിലായി. എന്നാൽ പേടിച്ച പോലെയായിരുന്നു പ്യൂമയുടെ പെരുമാറ്റം. വീടിന്റെ പിന്നിലുള്ള മരത്തിൽ കയറി ഇരിക്കുന്ന പ്യൂമ താഴേയ്ക്ക് ഇറങ്ങാൻ പോലും ശ്രമിക്കാതിരിക്കുന്നത് കണ്ട് ശ്രദ്ധിച്ചപ്പോഴാണ് മരത്തിന് കീഴിൽ നിലയുറപ്പിച്ച അയൽവാസിയുടെ വളർത്തുനായയെ കാണുന്നത്.
പിന്നീടാണ് കാര്യങ്ങളുടെ കിടപ്പ് വീട്ടുകാർക്ക് മനസിലായത്. അയൽവാസിയുടെ വീട്ടുമുറ്റത്ത് എത്തിയ പ്യൂമയെ അവരുടെ വളർത്തുനായ തുരത്തിയോടിക്കുകയായിരുന്നു. രക്ഷപ്പെടാൻ മറ്റ് മാർഗങ്ങൾ ഇല്ലാതെ വന്നതോടെയായിരുന്നു പ്യൂമ യുവാവിന്റെ വീടിന്റെ പിൻവശത്തെ മരത്തിൽ കയറിയത്. സ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്യൂമയെ മയക്കുവെടി വച്ച് വീഴ്ത്തിയ ശേഷം സംഭവ സ്ഥലത്ത് നിന്ന് നീക്കുകയായിരുന്നു. പൂച്ചയുടെ ഇനത്തിലുള്ള ജീവിയാണ് പ്യൂമ. നാൽപതിലധികം പേരുകളാണ് പ്യൂമയ്ക്കുള്ളത്. പുലിക്കൊപ്പം പൂച്ച കുടുംബത്തിലെ ഏറ്റവും വലിയ നാലാമത്തെ ജീവിയാണെങ്കിലും സ്വഭാവത്തിൽ പൂച്ചയോടാണ് പ്യൂമയ്ക്ക് സാമ്യമുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം