തുടർച്ചയായും രണ്ടാം വർഷവും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദശലക്ഷത്തിലധികം വിസകൾ അനുവദിച്ച് അമേരിക്ക
വിദ്യാർത്ഥികൾക്ക് പുറമെ വിനോദ സഞ്ചാരം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് വേണ്ടി അമേരിക്കയിലേക്ക് പോകുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ടായി.
ന്യൂഡൽഹി: തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമേരിക്ക അനുവദിച്ച നോൺ ഇമിഗ്രന്റ് വിസകളുടെ എണ്ണം പത്ത് ലക്ഷം കടന്നു. സന്ദർശക വിസകളുടെ എണ്ണത്തിലും പുതിയ റെക്കോർഡാണ് ഈ വർഷം. ഇന്ത്യയിലെ അമേരിക്കൻ നയതന്ത്ര കാര്യാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2024ൽ അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾ എത്തിയത് ഇന്ത്യയിൽ നിന്നാണ്.
ഏകദേശം 3,31,000ൽ അധികം വിദ്യാർത്ഥികൾ ഈ വർഷം ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്ത് കോഴ്സുകളിൽ ജോയിൻ ചെയ്തു. ഇതിന് പുറമെ അമേരിക്കയിലെത്തുന്ന വിദേശ ബിരുദ വിദ്യാർത്ഥികളിൽ ഏറ്റവുമധികം പേരും ഇന്ത്യക്കാർ തന്നെയാണ്. കഴിഞ്ഞ വർഷവും ഈ പട്ടികയിൽ ഇന്ത്യയായിരുന്നു ഒന്നാം സ്ഥാനത്തെങ്കിലും ഈ വർഷം ഏകദേശം 19 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. ഏകദേശം രണ്ട് ലക്ഷത്തോളം ബിരുദ വിദ്യാർത്ഥികളും ഈ വർഷം ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്തി.
വിദ്യാർത്ഥികൾക്ക് പുറമെ വിനോദസഞ്ചാരം, ബിസിനസ് തുടങ്ങിയ ആവശ്യങ്ങൾക്കായും യുഎസ് വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ നാല് വർഷത്തിനിടെ ഇന്ത്യയിൽ നിന്ന് അമേരിക്ക സന്ദർശിക്കുന്നവരുടെ എണ്ണം ഏതാണ്ട് അഞ്ച് മടങ്ങ് വർദ്ധിച്ചു. 2024സെ ആദ്യ 11 മാസങ്ങളിൽ 20 ലക്ഷത്തിലധികം ഇന്ത്യക്കാർ അമേരിക്കയിലേക്ക് യാത്ര ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 26 ശതമാനത്തിന്റെ വർദ്ധനവാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം