ഗാസയിൽ കൊല്ലപ്പെട്ടത് ജനസംഖ്യയുടെ 1.7 ശതമാനം ആളുകൾ, ഏറെയും കുഞ്ഞുങ്ങളും വൃദ്ധരും സ്ത്രീകളുമെന്ന് റിപ്പോർട്ട്

സംഘർഷം അവസാനിപ്പിക്കാൻ സമ്മർദ്ദം നേരിടുന്ന അമേരിക്ക വെടിനിർത്തൽ ചർച്ചകൾക്ക് ആശാവഹമായ തുടക്കമെന്നാണ് വ്യാഴാഴ്ച വിശദമാക്കിയത്. സിഐഎ ഡയറക്ടർ വില്യം ബേണ്സ് അടക്കമുള്ളവർ പങ്കെടുക്കുന്ന വെടിനിർത്തൽ ചർച്ചകൾ ദോഹയിൽ ആരംഭിച്ചിട്ടുണ്ട്

more than 40000 lives lost in Gaza US and allies push for ceasefire as talks resume

ഗാസ: ഗാസയിൽ ഇതുവരെ 40005 പേർ കൊല്ലപ്പെട്ടെന്ന് ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം. ജനസംഖ്യയുടെ 1.7% പേർ ഒക്ടോബർ 7ന് ശേഷം കൊല്ലപ്പെട്ടെന്നാണ് കണക്ക്. മരിച്ചവരിൽ ഏറെയും കുഞ്ഞുങ്ങളും വൃദ്ധരും സ്ത്രീകളുമാണെന്നാണ്  ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം വിശദമാക്കുന്നത്. 

സംഘർഷം അവസാനിപ്പിക്കാൻ സമ്മർദ്ദം നേരിടുന്ന അമേരിക്ക വെടിനിർത്തൽ ചർച്ചകൾക്ക് ആശാവഹമായ തുടക്കമെന്നാണ് വ്യാഴാഴ്ച വിശദമാക്കിയത്. സിഐഎ ഡയറക്ടർ വില്യം ബേണ്സ് അടക്കമുള്ളവർ പങ്കെടുക്കുന്ന വെടിനിർത്തൽ ചർച്ചകൾ ദോഹയിൽ ആരംഭിച്ചിട്ടുണ്ട്. വലിയ രീതിയിലുള്ള ആൾനാശം ഗാസയിലുണ്ടായ പശ്ചാത്തലത്തിലാണ് വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നത്. 

വെള്ളിയാഴ്ചയും ചർച്ചകൾ തുടരുമെന്നാണ് യുഎസ് ദേശീയ സുരക്ഷാ കൌൺസിൽ വക്താവ് ജോൺ കിർബി വിശദമാക്കിയത്. ഒക്ടോബറിന് ശേഷം 17000 ഹമാസ് ഭീകരരെ വധിച്ചതായാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 7ന് തെക്കൻ ഇസ്രയേലിലുണ്ടായ ഹമാസ് ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേൽ ഗാസയിൽ ആക്രമണം ആരംഭിച്ചത്. 

ഹമാസിന്‍റെ രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായീൽ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ ഇസ്രയേലിനെ ആക്രമിക്കാൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഉത്തരവിട്ടതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വെടിനിർത്തൽ ചർച്ചകൾ വ്യാപകമാവുന്നത്. 

വെടിനിർത്തൽ പ്രഖ്യാപിച്ച് ബന്ദികളെ മോചിപ്പിച്ച് ഗാസയിൽ സമാധാനം പുനസ്ഥാപിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പയും ആവശ്യപ്പെട്ടിരുന്നു. യുദ്ധമെന്നാൽ പരാജയം എന്നാണ് അർത്ഥമെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രതികരിച്ചത്. മിഡിൽ ഈസ്റ്റിനായുള്ള പ്രാർത്ഥനക്കിടെയാണ് മാർപാപ്പയുടെ പ്രതികരണം. ലോകത്തിന്റെ വിവിധ മേഖലകളിൽ നിന്ന് ഗാസയിൽ വെടിനിർത്തൽ സമ്മർദ്ദം വ്യാപകമാവുന്നതിനിടെയാണ് ഏറ്റവുമൊടുവിലെ ചർച്ചകളെന്നതും ശ്രദ്ധേയമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios