ടെഹ്റാൻ നടുങ്ങി; ഇറാനെ ലക്ഷ്യമിട്ട് പാഞ്ഞെത്തിയത് 100-ലധികം ഇസ്രായേൽ വിമാനങ്ങൾ
ടെഹ്‌റാനെയും സമീപ പ്രദേശങ്ങളെയും ലക്ഷ്യമിട്ട് കുറഞ്ഞത് മൂന്ന് തരത്തിലുള്ള ആക്രമണങ്ങളെങ്കിലും ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ടെഹ്റാൻ: ഇറാനെതിരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. എഫ്-35ഐ ജെറ്റുകൾ ഉൾപ്പെടെ 100 വിമാനങ്ങളാണ് ഇറാൻ്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിന് ഇസ്രായേൽ ഉപയോഗിച്ചത്. മാസങ്ങളായി തുടരുന്ന ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്ന് ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്. വെറും പത്ത് സെക്കന്‍ഡിനുള്ളിൽ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ മാത്രം അഞ്ചിലധികം വലിയ സ്ഫോടനങ്ങള്‍ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേൽ ആക്രമണം നടത്തിയെന്ന വിവരം യുഎസും സ്ഥിരീകരിച്ചിരുന്നു.
ഇറാനിലെ സൈനിക ലക്ഷ്യങ്ങൾക്കെതിരെ കൃത്യമായ ആക്രമണമാണ് നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ടെഹ്‌റാനെയും സമീപ പ്രദേശങ്ങളെയും ലക്ഷ്യമിട്ട് കുറഞ്ഞത് മൂന്ന് തരം ആക്രമണങ്ങളെങ്കിലും ഉണ്ടായതായാണ് റിപ്പോർട്ട്. ടെഹ്‌റാനിലും അയൽ നഗരമായ കരാജിലും ഒന്നിലധികം ശക്തമായ സ്‌ഫോടനങ്ങൾ കേട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ടെഹ്റാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും ഉഗ്ര ശബ്ദത്തിലുള്ള സ്ഫോടനങ്ങളുണ്ടായിട്ടുണ്ട്. നിരവധി കെട്ടിടങ്ങള്‍ സ്ഫോടനത്തിൽ തകര്‍ന്നു. ഇറാനിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. എന്നാൽ, ആളപായം സംഭവിച്ചോ എന്ന കാര്യത്തിൽ സ്ഥിരീകരണം ലഭ്യമായിട്ടില്ല.
ഒക്ടോബർ 1ന് ഇസ്രായേലിനെതിരെ ഇറാൻ ശക്തമായ മിസൈൽ ആക്രമണം നടത്തിയിരുന്നു. 180-ലധികം മിസൈലുകളാണ് ഇറാൻ ഇസ്രായേലിലേയ്ക്ക് തൊടുത്തത്. ഇതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. 2023 ഒക്ടോബർ 7 മുതൽ ഇറാനിൽ നിന്ന് ഇസ്രായേലിനെതിരായ നേരിട്ടുള്ള ആക്രമണങ്ങൾ തുടരുകയാണെന്നും ഇസ്രായേലിനെയും രാജ്യത്തെ ജനങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഐഡിഎഫ് വ്യക്തമാക്കി.
READ MORE: ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണം; പിന്നിൽ പാക് ഭീകരരെന്ന് പ്രതിരോധ വക്താവ്