വാംപയർ ഫേഷ്യലിലൂടെ എച്ച്.ഐ.വി പടർന്നു, ഉറവിടം അജ്ഞാതം; ബ്യൂട്ടി സ്പായുടെ പ്രവർത്തനത്തിൽ അന്വേഷണം

ചെയ്യാൻ എളുപ്പവും ചെലവ് കുറവുമൊക്കെ ആണെങ്കിലും അണുവിമുക്തമല്ലാത്ത സാഹചര്യത്തിൽ ഇത് ചെയ്യുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴിതുറക്കും.

more cases of HIV infection from vampire facial confirmed as further investigations on the function of spa

കോസ്‍മെറ്റിക് ലോകത്ത് ഏറെ ശ്രദ്ധയാർഷിച്ച ഒരു സൗന്ദര്യ വർദ്ധക രീതിയായിരുന്നു വാംപയർ ഫേഷ്യൽ. പാർട്ടികളിൽ തിളങ്ങാനും യൗവനം നിലനിർത്താനുമൊക്കെ ഉപയോഗിക്കുന്ന വാംപയർ ഫേഷ്യൽ വൻ ദുരന്തമായി മാറിയ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവരികയാണ്. അമേരിക്കയിൽ ന്യൂമെക്സിക്കോയിൽ പ്രവ‍ർത്തിച്ചിരുന്ന ഒരു സ്പായിൽ നിന്ന് ഈ ഫേഷ്യൽ ചെയ്ത കൂടുതൽ പേർക്ക് എച്ച്.ഐ.വി അണുബാധ സ്ഥിരീകരിച്ചതോടെയാണ് അധികൃതർ ഇതേക്കുറിച്ചുള്ള അന്വേഷണം പുനഃരാംരംഭിച്ചത്.

ചെലവ് കുറഞ്ഞതും ഏറെ ഫലപ്രദവുമായ സൗന്ദര്യവ‍ർദ്ധക രീതിയായാണ് വാംപയർ ഫേഷ്യൽ അറിയപ്പെടുന്നത്. ഇതിനായി ഒരു വ്യക്തിയുടെ കൈയിലെ രക്തക്കുഴലിൽ നിന്ന് രക്തം ശേഖരിച്ച് അതിലുള്ള പ്ലേറ്റ്ലറ്റുകളെ വേർതിരിക്കും. തുടർന്ന് അതീവസൂക്ഷ്മ സൂചികൾ ഉപയോഗിച്ച് അവ മുഖത്തേക്ക് കുത്തിവെയ്ക്കുകയാണ് ചെയ്യുന്നത്. ചെയ്യാൻ എളുപ്പവും ചെലവ് കുറവുമൊക്കെ ആണെങ്കിലും അണുവിമുക്തമല്ലാത്ത സാഹചര്യത്തിൽ ഇത് ചെയ്യുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴിതുറക്കും.

2018ലാണ് ന്യൂ മെക്സികോയിലെ ഒരു സ്പായിൽ നിന്ന് വാംപയർ ഫേഷ്യൽ ചെയ്തവരിൽ ഒരാൾക്ക് എച്ച്.ഐ.വി അണുബാധ സ്ഥിരീകരിച്ചത്. അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ പ്രിവൻഷൻ പരിശോധന നടത്തി ഈ സ്ഥാപനം അടപ്പിച്ചു. അണുവിമുക്തമാക്കാത്ത സൂചി കൊണ്ട് ഇഞ്ചക്ഷൻ ചെയ്തതാണ് എച്ച്.ഐ.വി ബാധയ്ക്ക് പിന്നിലെന്ന് കണ്ടെത്തി. ഇതിന് പിന്നാലെ ഈ സ്പായിൽ ഫേഷ്യൽ ചെയ്തവർക്ക് എല്ലാം ന്യൂ മെക്സിക്കോ ആരോഗ്യ വകുപ്പ് സൗജന്യ എച്ച്.ഐ.വി പരിശോധന വാഗ്ദാനം ചെയ്തു. 

രക്തത്തിലൂടെ പടരുന്ന അണുബാധകൾ ഒരാളി‌ൽ നിന്ന് മറ്റൊരാളിലേക്ക് പകരാൻ വേണ്ട സാഹചര്യം ഈ സ്പായിലുണ്ടായിരുന്നു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ ഇവിടെ നിന്ന് വാംപയ‌ർ ഫേഷ്യൽ നടത്തിയ ഒരാൾക്ക് കൂടി അടുത്തിടെ എച്ച്.ഐ.വി അണുബാധ സ്ഥിരീകരിച്ചു. ഇതോടെയാണ് ഈ അന്വേഷണം വീണ്ടും തുടങ്ങിയത്.

സ്പായിലെ ഫേഷ്യലിന് ശേഷം എച്ച്.ഐ.വി സ്ഥിരീകരിക്കപ്പെട്ടവരുടെ വിവരങ്ങളും സി.ഡി.സിയുടെ റിപ്പോർട്ടിലുണ്ട്. 2018ൽ ആദ്യം ഒരു മദ്ധ്യവയസ്കയ്ക്കാണ് അണുബാധ കണ്ടെത്തിയത്. ഇവർക്ക് ലഹരി ഉപയോഗമോ രക്തം സ്വീകരിക്കുന്ന തരത്തിലുള്ള ഏതെങ്കിലും ചികിത്സയുടെ ചരിത്രമോ എച്ച്.ഐ.വി ബാധിതരുമായുള്ള ലൈംഗിക ബന്ധമോ ഉണ്ടായിരുന്നില്ല. ഇതേ വർഷം തന്നെ മറ്റൊരു മദ്ധ്യവയസ്കയ്ക്കും അണുബാധ സ്ഥിരീകരിച്ചു.

മതിയായ സുരക്ഷാ നടപടികൾ സ്വീകരിക്കാതെ ഇവിടെ രക്തം എടുക്കുകയും ഘടകങ്ങൾ വേർതിരിക്കുകയും തിരികെ ഇവ ശരീരത്തിൽ കുത്തിവെയ്ക്കകുയം ചെയ്തിരുന്നതായി കണ്ടെത്തി.  ലേബലില്ലാത്ത ട്യൂബുകളിൽ രക്ഷം ശേഖരിച്ച് വെച്ചിരുന്നത് അടുക്കളയിലെ സ്ലാബിന് പുറത്തും അടുക്കളയിലെ ഫ്രിഡ്ജിൽ ഭക്ഷണ സാധനങ്ങൾക്കൊപ്പവുമൊക്കെയായിരുന്നു. സ്പാ ഉടമ കുറ്റക്കാരനാണെന്ന് 2022ൽ കോടതി വിധിച്ചു. തുടർന്ന് ഇയാൾക്ക് മൂന്നര വർഷം തടവ് ശിക്ഷ വിധിച്ചു. 

സി.ഡി.സിയുടെയും ആരോഗ്യ വകുപ്പിന്റെയും കണക്ക് പ്രകാരം ഈ സ്പായിൽ വന്നിട്ടുള്ള 59 പേർക്ക് എച്ച്.ഐ.വി അണുബാധ ഏറ്റിരിക്കാനുള്ള സാധ്യതയുണ്ട്. ഇവരിൽ 20 പേർ വാംപയർ ഫേഷ്യൽ ചെയ്തവരാണ്. എന്നാൽ അപ്പോഴും ആദ്യം ഈ എച്ച്.ഐ.വി ബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടുമില്ല. ഇത്തരം സൗന്ദര്യ വർദ്ധക ചികിത്സകൾക്ക് ശ്രമിക്കുമ്പോൾ അത് ചെയ്യാൻ തെരഞ്ഞെടുക്കുന്ന സ്ഥലം വളരെ പ്രധാനമാണെന്നും അധികൃതർ ഒർമിപ്പിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios