മരണം തൊട്ടുമുന്നിലെത്തിയ നിമിഷം; തകർന്നു കത്തിയ വിമാനത്തിൽ നിന്ന് തൊട്ടുമുമ്പ് യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ
ഒരു യാത്രക്കാരൻ പ്രാർത്ഥിക്കുന്നതും മറ്റ് ചിലർ അലമുറയിടുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം.
ആസ്താന: കഴിഞ്ഞ ദിവസം കസാഖിസ്താനിൽ തീപിടിച്ച് തകർന്നുവീണ വിമാനത്തിനുള്ളിൽ നിന്ന് യാത്രക്കാർ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഭീതി നിറഞ്ഞ മുഖത്തോടെ നിലിവിളികൾ ഉയരുന്ന അന്തരീക്ഷത്തിൽ പ്രാർത്ഥനകൾ ഉരുവിടുന്ന യാത്രക്കാരെയും അലമുറയിടുന്നവരെയുമൊക്കെ വീഡിയോ ദൃശ്യങ്ങളിൽ കാണാം. അപകടത്തിന് തൊട്ടുമുമ്പുള്ള ഭീതിയുടെ മുൾമുനയിൽ നിൽക്കുന്ന നിമിഷങ്ങൾ അങ്ങനെതന്നെ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്.
അസർബൈജാനിൽ നിന്ന് റഷ്യയിലേക്കുള്ള യാത്രയ്ക്കിടെ കസാഖിസ്ഥാനിലെ അക്തൂവിൽ തകർന്നു വീണ വിമാനത്തിൽ യാത്ര ചെയ്തിരുന്ന 38 പേരാണ് മരിച്ചത്. വിമാനം അതിവേഗം താഴേക്ക് പതിക്കുമ്പോൾ ഒരു യാത്രക്കാരൻ പ്രാർത്ഥിക്കുന്നത് കാണാം. മഞ്ഞ നിറത്തിലുള്ള ഓക്സിജൻ മാസ്കുകൾ സീറ്റുകൾക്ക് മുകളിൽ തൂങ്ങിക്കിടക്കുന്നു. യാത്രക്കാർ വലിയ ശബ്ദത്തിൽ അലമുറയിടുന്നു. ഇതിനിടെ സീറ്റ് ബെൽറ്റ് ധരിക്കാനുള്ള വാണിങ് ലൈറ്റും ശബ്ദവും കേൾക്കുന്നുമുണ്ട്.
അസർബൈജാൻ തലസ്ഥാനമായ ബാകുവിൽ നിന്ന് റഷ്യയിലേക്ക് പോയ അസർബൈജാൻ എയർലൈൻസിന്റെ വിമാനം കസാഖിസ്ഥാനിലെ അക്തു വിമാനത്താവളത്തിൽ അയിന്തിര ലാന്റിങിന് അനുമതി തേടുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. അഞ്ച് ജീവനക്കാർ ഉൾപ്പെടെ 72 പേർ വിമാനത്തിലുണ്ടായിരുന്നു. ഇവരിൽ പകുതിയോളം പേരെ രക്ഷിക്കാനായി.
വിമാനത്തിന്റെ ക്യാബിനിൽ നിന്നുള്ള വീഡിയോയിൽ എയർ ബ്ലോവറും റീഡിങ് ലൈറ്റുകളും സജ്ജീകരിച്ചിട്ടുള്ള സീലിങ് പാനൽ തലകീഴായി കിടക്കുന്നത് കാണാം. ഇത് വിമാനം തകർന്ന ശേഷമുള്ള ദൃശ്യമാണെന്നാണ് അനുമാനം. യാത്രക്കാർ സഹായത്തിനായി നിലവിളിക്കുന്നു. ചില സീറ്റുകളിലെ ആം റെസ്റ്റുകളിൽ രക്തവും കാണുന്നുണ്ട്. സംഭവത്തെ തുടർന്ന് അസർബൈജാനിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം