രണ്ട് സ്ത്രീകളെ കാണാനില്ല, ഇൻഫ്ലുവൻസർക്കെതിരായ അന്വേഷണം ചെന്നെത്തിയത് ഗുരുതരമായ കണ്ടെത്തലുകളിൽ; 8 വർഷം തടവ്
മനുഷ്യക്കടത്ത്, അടിമപ്പണി, വേശ്യാവൃത്തിക്ക് നിർബന്ധിക്കൽ തുടങ്ങിയ പരാതികളുമായി 20ലേറെ സ്ത്രീകളാണ് രംഗത്തെത്തിയത്
വാഷിങ്ടണ്‍: മനുഷ്യക്കടത്ത്, അടിമപ്പണി കേസുകളിൽ മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ യുവതിക്ക് എട്ട് വർഷം തടവുശിക്ഷ. അമേരിക്കയിൽ ജീവിക്കുന്ന മുൻ ബ്രസീലിയൻ മോഡൽ കെയ്റ്റ് ടോറസിനാണ് എഫ്ബിഐ അന്വേഷണത്തിന് പിന്നാലെ ശിക്ഷ വിധിച്ചത്. കെയ്റ്റിനൊപ്പം താമസിച്ചിരുന്ന രണ്ട് സ്ത്രീകളെ 2022 ൽ കാണാതായ സംഭവത്തിലെ അന്വേഷണത്തിലാണ് നടപടി. ഇൻഫ്ലുവൻസർ തങ്ങളെ കടത്തിക്കൊണ്ടുപോയി അടിമകളാക്കിയെന്ന് സ്ത്രീകൾ പറഞ്ഞു.
ദാരിദ്ര്യം നിറഞ്ഞ ബ്രസീലിലെ സാഹചര്യത്തിൽ നിന്ന് അമേരിക്കയിലെത്തി ധനികയായി ഹോളിവുഡ് താരങ്ങൾക്കൊപ്പം പാർട്ടിയിൽ പങ്കെടുക്കുന്ന കെയ്റ്റ് ടോറസിന്‍റെ ജീവിതം തങ്ങളെ ആകർഷിച്ചതായി സ്ത്രീകൾ പറഞ്ഞു. നടൻ ലിയോനാർഡോ ഡികാപ്രിയോയുമായി ഡേറ്റിംഗിലായിരുന്നു ടോറസ് എന്നതുൾപ്പെടെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. തനിക്ക് പ്രവചനങ്ങൾ നടത്താനുള്ള ആത്മീയമായ കഴിവുണ്ടെന്നും ഇൻഫ്ലുവൻസർ അവകാശപ്പെട്ടിരുന്നു.
ന്യൂയോർക്കിൽ ടോറസിന്‍റെ കൂടെ താമസിച്ചിരുന്ന സുഹൃത്ത് പറയുന്നത് ഹോളിവുഡ് സുഹൃത്തുക്കൾ അവർക്ക് മാരകമായ മയക്കുമരുന്നുകൾ നൽകിയിരുന്നു എന്നാണ്. ഈ മരുന്നുകൾ ഉപയോഗിച്ചാണ് ടോറസ് ഹിപ്പ്നോട്ടിസം ചെയ്തിരുന്നതെന്നും സുഹൃത്ത് പറഞ്ഞു. താമസിയാതെ ടോറസ് ഒരു വെൽനസ് വെബ്‌സൈറ്റും ആരംഭിച്ചു. റിലേഷൻഷിപ്പ്, ആരോഗ്യം, ബിസിനസ് വിജയം എന്നിവയെക്കുറിച്ച് ഉപദേശം നൽകുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. വീഡിയോ കണ്‍സൾട്ടേഷന് 150 ഡോളർ ആണ് ഈടാക്കിയിരുന്നത്.
2019ലാണ് താൻ ഇൻഫ്ലുവൻസറുടെ സഹായിയായതെന്ന് പരാതിക്കാരായ സ്ത്രീകളിലൊരാള്‍ പറഞ്ഞു. പാചകം ചെയ്യൽ, വളർത്തുമൃഗങ്ങളെ പരിചരിക്കൽ, വസ്ത്രങ്ങൾ അലക്കൽ തുടങ്ങിയ ജോലികളാണ് ചെയ്തിരുന്നത്. ഏതാനും മണിക്കൂറുകൾ മാത്രമേ ഉറങ്ങാൻ അനുവദിച്ചുള്ളൂ. അടിമയെപ്പോലെ പണിയെടുപ്പിച്ചിട്ടും ഒരിക്കലും പ്രതിഫലം നൽകിയില്ലെന്നും സ്ത്രീ പറഞ്ഞു. തുടർന്ന് താനവിടെ നിന്നും രക്ഷപ്പെട്ടെന്നും യുവതി പറഞ്ഞു. പിന്നാലെ രണ്ട് സ്ത്രീകളെ ടോറസ് ഒപ്പം കൂട്ടി. ഇരുവരെയും പരസ്പരം കാണാനോ സംസാരിക്കാനോ അനുവദിച്ചിരുന്നില്ലെന്ന് ഈ സ്ത്രീകൾ പറഞ്ഞു. വേശ്യാവൃത്തിയിലേക്ക് തിരിയാൻ ടോറസ് ഇവരിൽ ഒരാളെ നിർബന്ധിച്ചതായും പരാതിയുണ്ട്. ടോറസ് പറയുന്ന പണമുണ്ടാക്കാൻ കഴിയാത്ത ദിവസങ്ങളിൽ വീട്ടിൽ കയറാൻ അനുവദിച്ചില്ലെന്നും പലതവണ തെരുവിൽ ഉറങ്ങിയെന്നും സ്ത്രീ വെളിപ്പെടുത്തി.
ഈ രണ്ട് സ്ത്രീകളും എവിടെയാണെന്ന് അറിയാതിരുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും അവരെ കണ്ടെത്താൻ സോഷ്യൽ മീഡിയ കാമ്പെയിൻ ആരംഭിക്കുകയായിരുന്നു. തുടർന്ന് ടോറസ് സ്ത്രീകളെ ടെക്സാസിൽ നിന്ന് മെയ്നിലേക്ക് മാറ്റി. തങ്ങളെ ആരും ബന്ദികളാക്കിയിട്ടില്ലെന്ന് വീഡിയോ ചെയ്യാൻ നിർബന്ധിച്ചെന്നും സ്ത്രീകൾ പറഞ്ഞു. പിന്നാലെ 20-ലധികം സ്ത്രീകൾ തങ്ങളെ ടോറസ് ചൂഷണം ചെയ്തെന്ന പരാതിയുമായി രംഗത്തെത്തി. ഈ അന്വേഷണത്തിനൊടുവിലാണ് കെയ്റ്റ് ടോറസിന് എട്ട് വർഷം തടവുശിക്ഷ വിധിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം