സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളിൽ ചര്‍ച്ച; ലോക ബാങ്കിന്റെ വാർഷിക യോഗങ്ങളിൽ പങ്കെടുത്ത് മന്ത്രി വീണാ ജോർജ്
സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിലെ പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കുക എന്ന വിഷയത്തില്‍ ചർച്ച നടന്നെന്ന് വീണാ ജോർജ് പറഞ്ഞു.
വാഷിംഗ്ടൺ: വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗങ്ങളില്‍ പങ്കെടുത്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്നലെ സ്ത്രീപക്ഷ വിഷയങ്ങളില്‍ ആശയവിനിമയം നടന്നു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിലെ പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കുക എന്ന വിഷയത്തില്‍ ലോകത്തിലെ വിവിധ സമൂഹങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തെന്ന് മന്ത്രി അറിയിച്ചു.
നയരൂപീകരണത്തിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും ലോകത്ത് എല്ലായിടങ്ങളിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കേണ്ടത് ഏറ്റവും അനിവാര്യമാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു. തൊഴില്‍ മേഖലയിലെ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് കേരളം വിവിധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്. അതിന്റെ പ്രതിഫലനം തൊഴില്‍ മേഖലയില്‍ ഉണ്ടായിത്തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം, കുഞ്ഞുങ്ങളുടെ പോഷകാഹാരവും ആരോഗ്യവും എന്നീ വിഷയങ്ങളിലെ ഔപചാരിക ചര്‍ച്ചകളില്‍ പാനലിസ്റ്റ് ആയിട്ടാണ് മന്ത്രിയ്ക്ക് വേള്‍ഡ് ബാങ്കിന്റെ ക്ഷണം ലഭിച്ചത്. ചര്‍ച്ചകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മന്ത്രിമാരും സെക്രട്ടറിമാരും പങ്കെടുക്കുന്നുണ്ട്.