'സുനകായാലും കെയര്‍ സ്റ്റാമര്‍ ആയാലും, തന്റെ അധികാരം സേഫ്' അതാണ് ലാറി! ടെൻ ഡോണിംഗ് സ്ട്രീറ്റിലെ പൂച്ച കാര്യസ്ഥ
ബ്രിട്ടനിൽ അധികാരം ആർക്കു കിട്ടിയാലും ശരി, ലാറി എന്ന പൂച്ചയുടെ അധികാരത്തിന് ഒരു കുറവും ഇല്ല. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ആയ ടെൻ ഡോണിംഗ് സ്ട്രീറ്റിലെ പൂച്ച ആണ് ലാറി
ലണ്ടൻ: ബ്രിട്ടനിൽ അധികാരം ആർക്കു കിട്ടിയാലും ശരി, ലാറി എന്ന പൂച്ചയുടെ അധികാരത്തിന് ഒരു കുറവും ഇല്ല. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ആയ ടെൻ ഡോണിംഗ് സ്ട്രീറ്റിലെ പൂച്ച ആണ് ലാറി. റിഷി സുനക് രാജിക്കത്ത് നൽകി പടിയിറങ്ങി. ലാറിയുടെ പുതിയ യജമാനൻ ആയി കെയർ സ്റ്റാമർ വന്നു. അധികാര കൈമാറ്റ ദിവസം കറങ്ങി നടക്കുന്ന ലാറിയുടെ ദൃശ്യങ്ങൾ ബ്രിട്ടീഷ് മാധ്യമങ്ങളിൽ നിറഞ്ഞു. ഡേവിഡ് കാമറൂൺ, തെരേസ മേ, ബോറിസ് ജോൺസൺ, ലിസ് ട്രസ്, ഋഷി സുനാക്ക് എന്നിവർക്ക് ഒപ്പം ഈ ഔദ്യോഗിക വസതിയിൽ കഴിഞ്ഞിട്ടുണ്ട് ലാറി.
ബ്രിട്ടനിൽ 14 വർഷം നീണ്ട കൺസർവേറ്റിവ് ഭരണം അവസാനിപ്പിച്ച് വമ്പൻ ഭൂരിപക്ഷത്തോടെയാണ് ലേബർ പാർട്ടി അധികാരത്തിലെത്തിയത്. 650 അംഗ പാർലമെന്റിൽ 412 സീറ്റുകളും ലേബർപാർട്ടി നേടി. കെയ്ർ സ്റ്റാർമർ ആണ് പുതിയ പ്രധാനമന്ത്രി. വെറും 121 സീറ്റിൽ ഒതുങ്ങിയ ഋഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി ഏറ്റുവാങ്ങിയിരുന്നു.
ഋഷി സുനക്കിനും 14 വർഷം ബ്രിട്ടനെ നയിച്ച കൺസർവേറ്റിവ് പാർട്ടിക്കും ഏറ്റത് പ്രവചിക്കപ്പെട്ടതിനേക്കാൾ വലിയ പരാജയം. മുൻ പ്രധാനമന്ത്രി ലിസ് ട്രസ് അടക്കം നേതാക്കൾ കൂട്ടത്തോടെ തോറ്റു. ഋഷി സുനക്കിന് റിച്ച്മണ്ട് ആൻഡ് നോർതലേർട്ടൻ സീറ്റ് നിലനിർത്താനായി എന്നത് മാത്രമാണ് ആശ്വാസം. സാന്പത്തിക പ്രതിസന്ധിയും കുടിയേറ്റ പ്രശ്നവും ആരോഗ്യമേഖലയിലെ വെല്ലുവിളികളും മുഖ്യ ചർച്ചാ വിഷയമായ തെരഞ്ഞെടുപ്പിൽ ഋഷി സുനക് സർക്കാരിന്റെ നയങ്ങളെ ജനം പാടെ തള്ളുകയായിരുന്നു.
ഇടത്തരം കുടുംബത്തിൽ നിന്ന് സാഹചര്യങ്ങളോട് പൊരുതി ഉയർന്നുവന്ന ലേബർ പാർട്ടി നേതാവ്. സർക്കാർ ഉണ്ടാക്കാനുള്ള ക്ഷണം ലഭിച്ചതോടെ തന്നെ കെയ്ർ സ്റ്റാർമറം ഭാര്യ വിക്ടോറിയയും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് എത്തിയിരുന്നു. ചാൾസ് രാജാവിനെ കണ്ട സ്റ്റാര്‍മര്‍ തന്റെ ഔദ്യോഗിക കൃത്യങ്ങളിലേക്ക് കടന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം