'മെയ് ഡേ, മെയ് ഡേ', തകർന്ന് വീഴുന്നതിന് മുമ്പ് പാക് വിമാനത്തിലെ പൈലറ്റ് പറഞ്ഞത്: വീഡിയോ
എയർ ട്രാഫിക് കൺട്രോളർ പൈലറ്റിനോട് റൺവേകൾ ഒഴിവുണ്ടെന്ന് പല തവണ പറയുന്നത് കേൾക്കാം. എന്നാൽ എഞ്ചിനുകൾ കേടായെന്ന് പറയുന്നതിന് പിന്നാലെ 'മെയ് ഡേ മെയ് ഡേ', എന്ന അപകടസൂചന നൽകുന്ന സന്ദേശത്തോടെ ആശയവിനിമയം ഇല്ലാതായി.
കറാച്ചി: ലാഹോറിൽ നിന്ന് കറാച്ചിയിൽ ഇറങ്ങേണ്ടതിന് ഒരു നിമിഷം മുമ്പ് ജനവാസമേഖലയിൽ ഇടിച്ചിറങ്ങി തകർന്ന പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസ് വിമാനം പല തവണ ലാൻഡ് ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടതാണെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്. പല തവണ ഇറങ്ങാൻ റൺവേകൾ ഒഴിവുണ്ടെന്ന് കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിൽ നിന്ന് പറഞ്ഞെങ്കിലും എഞ്ചിനുകൾ കേടാണെന്നും, ഇറങ്ങാനാകുന്നില്ലെന്നുമുള്ള സന്ദേശമാണ് ലഭിച്ചത്. ഏറ്റവുമൊടുവിൽ 'മെയ് ഡേ മെയ് ഡേ', എന്ന അപകടസൂചന നൽകുന്ന സന്ദേശത്തോടെ ആശയവിനിമയം ഇല്ലാതായി. 40 പേർ കൊല്ലപ്പെട്ടു എന്ന പ്രാഥമികവിവരമാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെങ്കിലും, എത്ര മരണസംഖ്യയുണ്ടെന്നോ, എത്ര പേർക്ക് പരിക്കേറ്റെന്നോ കൃത്യമായ വിവരങ്ങൾ കറാച്ചിയിലെ അധികൃതരോ, പാക് വ്യോമയാനമന്ത്രാലയമോ അറിയിച്ചിട്ടില്ല. വിവിധ ആശുപത്രികളിൽ എത്തിച്ച മൃതദേഹങ്ങളുടെ കണക്ക് മാത്രമാണ് പുറത്തുവന്നിരിക്കുന്നത്.
അതേസമയം, രണ്ട് യാത്രികർ അദ്ഭുതകരമായി രക്ഷപ്പെട്ടു എന്ന വാർത്തകൾ പാക് സിന്ധ് വാർത്താവിതരണമന്ത്രി നസീർ ഹുസൈൻ ഷാ സ്ഥിരീകരിക്കുന്നു. സഫർ മസൂദ്, മുഹമ്മദ് സുബൈർ എന്നിവരെയാണ് രക്ഷപ്പെടുത്തിയിരിക്കുന്നത്. മറ്റുള്ളവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. പഞ്ചാബ് ബാങ്കിന്‍റെ പ്രസിഡന്‍റാണ് രക്ഷപ്പെട്ടവരിൽ ഒരാളായ സഫർ മസൂദ്.
വിമാനങ്ങൾ ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റായ liveatc.net എന്ന വെബ്സൈറ്റിലാണ്, പൈലറ്റും എയർ ട്രാഫിക് കൺട്രോളറും (ATC) തമ്മിലുള്ള സംഭാഷണം റെക്കോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. PK-8303 എന്ന എയർബസ് A320 വിമാനത്തിന്‍റെ പൈലറ്റ്, രണ്ട് എഞ്ചിനുകളും തകരാറിലായി എന്ന് അറിയിക്കുന്നത് ശബ്ദരേഖയിലുണ്ട്. പിന്നീട്, മെയ് ഡേ എന്ന അപകടത്തിലേക്കെന്നതിന് വ്യോമയാനത്തിൽ ഉപയോഗിക്കുന്ന കോഡ് വാക്ക് ഉപയോഗിക്കുന്നതോടെ എയർ ട്രാഫിക് കൺട്രോളും വിമാനവുമായുള്ള ബന്ധം നഷ്ടമായി.
ആ സംഭാഷണം ഏതാണ്ട് ഇങ്ങനെയാണ്: (മുഴുവൻ കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക, 9.05 സെക്കന്‍റിലേക്ക് ഫോർവേഡ് ചെയ്താൽ ശബ്ദരേഖ മുഴുവൻ കേൾക്കാം)
പൈലറ്റ്: PK 8303 ടു അപ്രോച്ച്
എയർ ട്രാഫിക് കൺട്രോളർ (ATC): ശരി സർ
പൈലറ്റ്: ഞങ്ങൾ ഇടത്തോട്ടാണോ തിരിയേണ്ടത്?
ATC: കൺഫേംഡ്
പൈലറ്റ്: ഞങ്ങൾ നേരെ ഇറങ്ങുകയാണ്, രണ്ട് എഞ്ചിനുകളും തകരാറിലായി.
ATC: ഇടിച്ചിറക്കുകയാണെന്ന് ഉറപ്പാണോ? (Belly Landing എന്ന വാക്കാണ് ഉപയോഗിക്കുന്നത്, അടിയന്തരമായി വിമാനം നിലത്തിറക്കുന്നതിനെ വിശേഷിപ്പിക്കുന്ന വാക്കാണത്)
പൈലറ്റ്: (മറുപടി വ്യക്തമല്ല)
ATC: 2 5 റൺവേ ലാൻഡ് ചെയ്യാൻ ലഭ്യമാണ്
പൈലറ്റ്: റോജർ (പറഞ്ഞത് മനസ്സിലായെന്നും, കോപ്പി എന്നതിനും ഉപയോഗിക്കുന്ന കോഡ് വാക്ക്)
പൈലറ്റ്: സർ, മെയ് ഡേ, മെയ് ഡേ, മെയ് ഡേ, പാകിസ്ഥാൻ 8303
ATC: പാകിസ്ഥാൻ 8303, റോജർ സർ, രണ്ട് റൺവേകൾ ലാൻഡ് ചെയ്യാൻ ലഭ്യമാണ്.
ഇതോടെ ആശയവിനിമയം അവസാനിക്കുന്നു. സെക്കന്‍റുകൾക്കുള്ളിൽ കറാച്ചിയിലെ ജിന്ന മോഡൽ സിറ്റി കോളനിയിലേക്ക് വിമാനം ഇടിച്ചിറങ്ങി. നിരവധിപ്പേർ മരിച്ചെന്നാണ് സംശയം. എന്നാൽ കൃത്യമായി എത്ര പേർ മരിച്ചെന്ന കണക്ക് ഇതുവരെ പാകിസ്ഥാൻ സർക്കാർ പുറത്തുവിട്ടിട്ടില്ല.
വീഡിയോ കാണാം:
വിമാനം ഇടിച്ചിറങ്ങിയതിന് പിന്നാലെ കറുത്ത പുക ചുറ്റും വ്യാപിക്കുന്നത് കാണാം. ചില വീടുകൾ തകർന്നുകിടക്കുന്നു. നിരവധി കാറുകളും മറ്റും കത്തുന്നു. ആളുകളെ തിരക്കിട്ട് രക്ഷാദൗത്യത്തിനെത്തിയ പൊലീസും സൈന്യവും ഒഴിപ്പിക്കുന്നു. ഒരു മൊബൈൽ ടവർ ഇടിച്ച് തകർത്ത് വീടുകൾക്ക് മുകളിൽ തകർന്ന് വീഴുകയായിരുന്നു വിമാനം എന്നാണ് ദൃക്സാക്ഷികൾ അന്താരാഷ്ട്രമാധ്യമങ്ങളോട് പറയുന്നത്. വിമാനത്തിന് ഇടിച്ചിറങ്ങുന്നതിന് മുമ്പേ തീ പിടിച്ചിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്.
15 വർഷം പഴക്കമുള്ള എയർബസ് എ-320 വിമാനം ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് പറന്ന ആഭ്യന്തരവിമാനമായിരുന്നു. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ദിവസങ്ങൾക്ക് മുമ്പാണ് പാകിസ്ഥാൻ വ്യോമഗതാഗതം പുനരാരംഭിച്ചത്.
ഇടിച്ചിറക്കിയ വിമാനത്തിന്‍റെ ദൃശ്യങ്ങൾ മറ്റൊരു വിമാനത്തിലെ യാത്രികർ പകർത്തിയപ്പോൾ: