28 മൃതദേഹങ്ങള്‍, ജീവിച്ചിരിക്കുന്നവരുടെ ശരീരം മുഴുവന്‍ നിറയെ പാടുകള്‍; ലിബിയയിലെ മനുഷ്യക്കടത്ത് കേന്ദ്രം
വെള്ളിയാഴ്ച്ച നടത്തിയ റെയ്ഡിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്.
ലിബിയ: തെക്കുകിഴക്കൻ ജില്ലയായ കുഫ്രയിലെ കൂട്ടക്കുഴിമാടത്തിൽ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തത് 28 അനധികൃത കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ. മനുഷ്യക്കടത്ത് നടക്കുന്ന ഒരു മേഖലയില്‍ നടത്തിയ തെരച്ചിലില്‍ ആണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇതേ സ്ഥലത്ത് നിന്നും 76 അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. തടങ്കലും പീഡനവും ഉള്‍പ്പെടെയുള്ള ക്രൂരകൃത്യങ്ങള്‍ക്ക് ഇരയായവരായിരുന്നു കുടുങ്ങിക്കിടന്നവരെല്ലാം. വെള്ളിയാഴ്ച്ച നടത്തിയ റെയ്ഡിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്. മരിച്ച കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ തടങ്കലിന് സമീപം കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ലിബിയന്‍ പൗരനെയും രണ്ട് വിദേശികളും ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലിബിയയില്‍ ഈ കുടിയേറ്റക്കാര്‍ നേരിട്ട കൊടും ക്രൂരതകള്‍ എടുത്തു പറയുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം ഇപ്പോഴും പ്രചരിക്കുന്നുണ്ട്. കുടിയേറ്റക്കാരുടെ മുഖത്തും കൈകാലുകളിലും മുതുകിലും പാടുകളുള്ള അസ്വസ്തതപ്പെടുത്തുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ദീര്‍ഘ കാലമായി ഭരണം നടത്തിയിരുന്ന സ്വേച്ഛാധിപതി മോമർ കദാഫിയെ അട്ടിമറിച്ച 2011 ലെ നാറ്റോ പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ അരാജകത്വത്തിൽ നിന്ന് കരകയറാന്‍ ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുകയാണ് രാജ്യം. നിലവിലുള്ള അസ്ഥിരമായ അവസ്ഥ കള്ളക്കടത്തുകാരും മനുഷ്യക്കടത്തുകാരും ദുർബലരായ കുടിയേറ്റക്കാരെ ചൂഷണം ചെയ്യാൻ അനുവദിക്കുന്നതാണ്.
ഇറ്റലിയിൽ നിന്ന് 300 കിലോമീറ്റർ മാത്രം അകലെയുള്ള ലിബിയ യൂറോപ്പിൽ മെച്ചപ്പെട്ട ജീവിതം തേടുന്ന കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്ന ഒന്നാണ്. എന്നാല്‍ കുടിയേറ്റക്കാർ തങ്ങളുടെ ജീവൻ പണയപ്പെടുത്തി മെഡിറ്ററേനിയൻ കടൽ കടന്ന് വരുന്ന യാത്ര ദുരിതപൂര്‍ണമാണ്. കുടിയേറ്റരക്കാരും അഭയാര്‍ത്ഥികളുമുള്‍പ്പെടെ ദുരിത ജീവിതമാണിവിടെ നയിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
കഴിഞ്ഞ മാസം കിഴക്കൻ ലിബിയയിലെ എൽ വാഹത്തിൽ 263 അനധികൃത കുടിയേറ്റക്കാരെ പീഡിപ്പിക്കുകയും തടവിലിടുകയും ചെയ്തതിന് രണ്ട് വ്യക്തികൾ അറസ്റ്റിലായിരുന്നു. 10,000 ഡോളർ മുതൽ 17,000 ഡോളർ വരെ ആവശ്യപ്പെട്ട് കുടുംബങ്ങളിൽ നിന്ന് മോചനദ്രവ്യം തട്ടിയെടുക്കാനാണ് കുടിയേറ്റക്കാരെ തടവിലാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...