വിവാഹമോചന ശേഷം ഭാര്യയ്ക്ക് സ്വത്തുക്കൾ നൽകുന്നതിൽ കലിപ്പ്; 62കാരൻ കാറോടിച്ചുകയറ്റി 35 പേരെ കൊന്നതിന്‍റെ കാരണം

ആൾക്കൂട്ടത്തിനിടയിലേക്ക് കാറിടിച്ച് കയറ്റിയ ശേഷം കത്തി കൊണ്ട് സ്വയം മുറിവേൽപ്പിച്ച 62കാരൻ നിലവിൽ കോമയിലാണ്

man unhappy with divorce settlement verdict rams car into crowd and killed 35 people

ബീജിംഗ്: വിവാഹമോചനത്തെ തുടർന്നുള്ള സ്വത്ത് വീതംവയ്ക്കലിൽ അതൃപ്തനായ 62കാരൻ ഓടിച്ച കാറിടിച്ച് 35 പേർ മരിച്ചു. 43 പേർക്ക് പരിക്കേറ്റു. സ്പോർട്സ് സെന്‍ററിൽ വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് ഇയാൾ മനപൂർവ്വം കാറിടിച്ചു കയറ്റി എന്നാണ് പൊലീസ് പറയുന്നത്. തെക്കൻ ചൈനയിലെ സുഹായ് നഗരത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 

ഫാൻ എന്ന 62കാരനാണ് കാറോടിച്ചിരുന്നത്. സ്പോർട്സ് സെന്‍ററിന്‍റെ ഗേറ്റിലൂടെ എസ്‌യുവി ഓടിച്ച് വ്യായാമം ചെയ്യുന്ന ആളുകളെ ഇടിച്ചുതെറിപ്പിച്ച് കാർ മുന്നോട്ടുനീങ്ങി. കാർ ശരീരത്തിൽ കയറിയിറങ്ങി 35 പേർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. 43 പേർക്ക് പരിക്കേറ്റു. കുട്ടികളും വയോധികരും ഉൾപ്പെടെ നിരവധി പേരുണ്ടായിരുന്ന കായിക കേന്ദ്രത്തിലാണ് ഈ സംഭവം നടന്നത്. ചൈനയിലെ ഏറ്റവും വലിയ എയർഷോ നടക്കുന്ന സമയമായതിനാൽ നഗരത്തിലേക്ക് നിരവധി പേർ എത്തിയിരുന്നു.

ഫാൻ സംഭവ സ്ഥലത്ത് വച്ച് തന്നെ പിടിയിലായി. അപ്പോഴേക്കും കത്തി ഉപയോഗിച്ച് ഇയാൾ സ്വയം മുറിവേൽപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ ഫാനിനെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കോമയിലാണ് ഇയാൾ. ചോദ്യങ്ങളോടൊന്നും പ്രതികരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. 

ഏതാനും ദിവസം മുൻപാണ് ഫാൻ വിവാഹമോചിതനായത്. സ്വത്തിൽ വലിയൊരു ഭാഗം ഭാര്യക്ക് നൽകാൻ കോടതി വിധിച്ചതോടെ ഇയാൾ അസ്വസ്ഥനായിരുന്നു. അതിന്‍റെ ദേഷ്യം കാരണം ബോധപൂർവ്വം കാറോടിച്ച് കയറ്റി മനുഷ്യരെ കൊലപ്പെടുത്തി എന്നാണ് പൊലീസ് പറയുന്നത്. 

പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ  ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് നിർദേശം നൽകി. കുറ്റവാളിക്ക് നിയമ പ്രകാരമുള്ള കടുത്ത ശിക്ഷ നൽകണമെന്ന് പ്രസിഡന്‍റ് ആവശ്യപ്പെട്ടതായി സർക്കാർ നിയന്ത്രണത്തിലുള്ള വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.

അയൽവാസിയുടെ അശ്രദ്ധ; 3 വയസ്സുകാരിക്ക് കാറിനുള്ളിൽ ദാരുണാന്ത്യം, കണ്ടെത്തിയത് 4 മണിക്കൂറിനുശേഷം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios