വിമാനത്തിൽ മദ്യപിച്ച് പൂസായി വസ്ത്രമഴിച്ച് ബഹളം, ക്യാപ്റ്റന്റെ മുന്നറിയിപ്പും ഫലം കാണാതെ എമർജൻസി ലാന്റിങ്
ജീവനക്കാരും മറ്റ് യാത്രക്കാരും ഒടുവിൽ ക്യാപ്റ്റനുമൊക്കെ പരമാവധി പരിശ്രമിച്ച് നോക്കിയിട്ടും അടക്കിയിരുത്താൻ കഴിയാതെ വന്നതോടെയാണ് എമർജൻസി ലാന്റിങ് തെരഞ്ഞെടുത്തത്.
ഏഥൻസ്: യാത്രക്കാർ തമ്മിലുള്ള തർക്കം നിയന്ത്രിക്കാനാതെ വന്നതോടെ വിമാനം അടിയന്തിരമായി നിലത്തിറക്കി. തുർക്കിയിൽ നിന്ന് ലണ്ടനിലേക്ക് പറക്കുകയായിരുന്ന ഈസിജെറ്റ് വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഒടുവിൽ ജീവനക്കാരും സഹയാത്രക്കാരുമൊക്കെ പരമാവധി ശ്രമിച്ചിട്ടും പരിഹാരമുണ്ടാക്കാനാവാതെ വന്നതോടെ വിമാനം ഏഥൻസിലേക്ക് തിരിച്ചുവിട്ട് എമർജൻസി ലാന്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
എന്തിന്റെ പേരിലാണ് തർക്കം തുടങ്ങിയതെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും യാത്രക്കാരിൽ ആരോ പകർത്തിയ വീഡിയോ ദൃശ്യങ്ങളിൽ ഒരാൾ ഷർട്ട് ഊരിക്കളഞ്ഞ ശേഷം വലിയ ബഹളമുണ്ടാക്കുന്നത് കാണാം. മറ്റ് യാത്രക്കാരോട് തർക്കിക്കുകയും അവരെ കൈയേറ്റം ചെയ്യാനൊരുങ്ങുകയും ഒക്കെ ചെയ്യുന്നതിനിടയിൽ ജീവനക്കാർ എത്ര പണിപ്പെട്ടിട്ടും പ്രശ്നം പരിഹരിക്കാനോ ഇയാളെ അടക്കിയിരുത്താനോ സാധിക്കുന്നില്ല. ഒടുവിൽ ജീവനക്കാർ ക്യാപ്റ്റനെ വിവരമറിയിച്ചു.
ക്യാപ്റ്റൻ വിമാനത്തിലെ ഇന്റർകോം വഴി മുന്നറിയിപ്പ് നൽകി. ബഹളമുണ്ടാക്കുന്നവരെ കാത്ത് പൊലീസ് വിമാനത്താവളത്തിലെ ഗേറ്റിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നും നിങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ നിങ്ങളുടെ കാര്യങ്ങൾ തന്നെ അവതാളത്തിലാക്കുമെന്നും അതുകൊണ്ട് സീറ്റിൽ അടങ്ങിയിരിക്കണമെന്നുമൊക്കെ ക്യാപറ്റൻ പറഞ്ഞു നോക്കിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. യാത്രക്കാരിൽ ചിലരും പരിശ്രമിച്ചിട്ടും ഫലം കാണാതെ വന്നതോടെ പലരും അസ്വസ്ഥരായി. സ്ത്രീകളുൾപ്പെടെ ചിലർ ഇയാളെ അസഭ്യം പറയുന്നതും വീഡിയോയിൽ കേൾക്കാം.
പിന്നീട് ജീവനക്കാർ ഇയാളെ വസ്ത്രം ധരിപ്പിക്കാൻ ശ്രമിക്കുകയും മറ്റൊരിടത്തേക്ക് പിടിച്ചു കൊണ്ടുപോകാൻ നോക്കുകയും ചെയ്തു. എന്നാൽ ഇയാൾ അപ്പോഴും മറ്റുള്ളവരെ പ്രകോപിപ്പിക്കാൻ തുടങ്ങി. ക്യാപ്റ്റന്റെ മുന്നറിയിപ്പ് വന്നപ്പോൾ ഒരാൾ കൈയടിക്കുന്നതും കാണാം. ഒടുവിൽ വിമാനം ഏഥൻസ് വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കിയ സേഷം ഇയാളെ പൊലീസ് ഉദ്യോഗസ്ഥരെത്തി പുറത്തേക്ക് പിടിച്ചുകൊണ്ടു പോവുകയായിരുന്നു.
ഈസിജെറ്റ് വിമാനക്കമ്പനിയും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് യാത്രക്കാർ വിമാനത്തിനുള്ളിൽ പ്രശ്നങ്ങളുണ്ടാക്കിയത് കാരണം വിമാനം ഏഥൻസിലേക്ക് തിരിച്ചുവിടേണ്ടി വന്നുവെന്നും അവിടെ വെച്ച് പൊലീസ് നടപടി സ്വീകരിച്ചുവെന്നും കമ്പനി അറിയിച്ചു. ഇത്തരം സംഭവങ്ങൾ നേരിടാൻ തങ്ങളുടെ ജീവനക്കാർ പരിശീലനം സിദ്ധിച്ചവരാണ്. യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷ അവഗണിക്കാനാവില്ല. ഇത്തരം സംഭവങ്ങൾ അപൂർവമാണെങ്കിലും ഈ പെരുമാറ്റം അംഗീകരിക്കാൻ സാധിക്കില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം