ഓഫീസിനുള്ളിൽ വെച്ച് ചുംബിച്ചതിന് ജോലിയിൽനിന്ന് പിരിച്ചുവിട്ടു; കമ്പനിക്കെതിരെ നിയമനടപടിയുമായി യുവാവും യുവതിയും
പിരിച്ചുവിടപ്പെട്ട യുവാവും യുവതിയും കമ്പനിയുടെ നടപടി ചോദ്യം ചെയ്ത് കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. എന്നാൽ പരിച്ചുവിടപ്പെടാനുള്ള കാരണങ്ങളുണ്ടെന്ന് കമ്പനി
ബെയ്ജിങ്: ഓഫീസിനുള്ളിൽ വെച്ച് അവിഹിത ബന്ധം സ്ഥാപിച്ചുവെന്നും പരസ്യമായി ചുംബിച്ചുവെന്നും ആരോപിച്ച് യുവാവിനെയും യുവതിയെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇതിന് പിന്നാലെ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരുവരും കോടതിയിൽ കേസ് ഫയൽ ചെയ്തു. ചൈനയിലെ സിൻചുവാൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നടന്ന സംഭവത്തെക്കുറിച്ച് സൗത്ത് ചൈന മോണിങ് പോസ്റ്റാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തങ്ങളെ പിരിച്ചുവിട്ട നിയമ നടപടി നിയമ വിരുദ്ധമാണെന്ന് ഇരുവരും പരാതിയിൽ ആരോപിച്ചു.
തെക്ക് പടിഞ്ഞാറൻ ചൈനയിലെ സിൻചുവാനിൽ പ്രവർത്തിക്കുന്ന കമ്പനിയിലെ ഒരേ ഡിപ്പാർട്ട്മെന്റിലാണ് യുവാവും യുവതിയും ജോലി ചെയ്തിരുന്നത്. നേരത്തെ വിവിഹിതരായിരുന്ന ഇരുവരും ജോലി സ്ഥലത്തു വെച്ച് കണ്ടുമുട്ടി അടുപ്പം സ്ഥാപിക്കുകയായിരുന്നു എന്നാണ് ആരോപണം. യുവാവിന്റെ ഭാര്യ ഇയാളുടെ ചില ചാറ്റുകൾ പുറത്തു വിട്ടതോടെയാണ് ഇവരുടെ ബന്ധത്തെക്കുറിച്ച് കമ്പനിയിലെ മറ്റുള്ളവർ അറിഞ്ഞത്. തുടർന്ന് ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്ന് കമ്പനി മുന്നറിയിപ്പ് നൽകി. എന്നാൽ ഇരുവരും ബന്ധം തുടർന്നുവെന്നും ഓഫീസിനുള്ളിൽ വെച്ച് പരസ്യമായി ചുംബിച്ചുവെന്നുമാണ് ആരോപണം.
ഇരുവരും തമ്മിലുള്ള ബന്ധത്തെച്ചൊല്ലി പലപ്പോഴും സഹപ്രവർത്തകരുമായും പ്രശ്നങ്ങളുണ്ടായി. യുവതിയുടെ ഭർത്താവ് ജോലി സ്ഥലത്ത് കയറിവന്ന് പ്രശ്നങ്ങളുമുണ്ടാക്കി. ഒടുവിൽ ഇരുവരും കമ്പനി നിയമങ്ങൾ ലംഘിക്കുന്നുവെന്നാരോപിച്ച് ഏഴ് സഹപ്രവർത്തകർ ജനറൽ മാനേജർക്ക് പരാതി നൽകി. ഇതിന് പിന്നാലെയാണ് പിരിച്ചുവിടൽ നടന്നത്. എന്നാൽ പുറത്തായതിന് ശേഷം കമ്പനിക്കെതിരെ ഇരുവരും കോടതിയെ സമീപിച്ചു. 26,000 യുവാൻ (മൂന്ന് ലക്ഷത്തോളം ഇന്ത്യൻ രൂപ) ആണ് യുവാവ് നഷ്ടപരിഹാരം ചോദിച്ചത്. ഉയർന്ന പദവിയിൽ ജോലി ചെയ്തിരുന്ന യുവതി 2,30,000 യുവാൻ (27 ലക്ഷത്തോളം ഇന്ത്യൻ രൂപ) ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.
എന്നാൽ പിരിച്ചുവിട്ടതിന് വ്യക്തമായ കാരണമുണ്ടെന്ന് കമ്പനി കോടതിയെ അറിയിച്ചു. കമ്പനിയുടെ സൽപ്പേര് നശിപ്പിക്കുകയും തെറ്റായ സ്വാധീനം ഉണ്ടാക്കുകയും ചെയ്യുന്ന പ്രവൃത്തികളിൽ ഏർപ്പെടുകയും ചെയ്യുന്നവരെ പിരിച്ചുവിടാമെന്ന് കമ്പനിയുടെ നിയമാവലിയിൽ ഉണ്ടെന്നാണ് ഇവർ വാദിച്ചത്. കോടതിയും കമ്പനിയുടെ ഭാഗത്തു നിന്നാണ് ഇപ്പോൾ വിധി പറഞ്ഞിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ കൗതുകകരമായ ചർച്ചകൾക്കും വഴിവെച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം