'ഭാരിച്ച വായ്പയാണ് വാങ്ങിയത്, തിരിച്ചടവിന് ഇളവ് നൽകണം'; ഇന്ത്യക്ക് മുന്നിൽ അപേക്ഷയുമായി മാലദ്വീപ് പ്രസിഡന്റ്
അധികാരമേറ്റ ശേഷം ചൈനീസ് അനുകൂല നിലപാടാണ് മുഹമ്മദ് മുയിസു സ്വീകരിക്കുന്നത്. ചൈനയോട് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു.
ദില്ലി: ഇന്ത്യയുമായി അനുരഞ്ജന സാധ്യത തേടി മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു. ഇന്ത്യ തൻ്റെ രാജ്യത്തിൻ്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. മാലദ്വീപിന് ഇന്ത്യ കടാശ്വാസം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാലദ്വീപിന് സഹായം നൽകുന്നതിൽ ഇന്ത്യ നിർണായകമാണെന്നും ഇന്ത്യ ഏറ്റവും വലിയ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും മുയിസു പറഞ്ഞു. മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാലദ്വീപ് സർക്കാറുകൾ എടുത്ത വായ്പ തിരിച്ചടവിൽ കടാശ്വാസം നൽകണമെന്നും മുയിസു അഭിമുഖത്തിൽ ഇന്ത്യയോട് അഭ്യർത്ഥിച്ചു.
ഏപ്രിൽ മധ്യത്തിൽ നടക്കാനിരിക്കുന്ന മാലദ്വീപിലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മുയിസുവിൻ്റെ അഭിപ്രായപ്രകടനം. ഏകദേശം 400.9 മില്യൺ യുഎസ് ഡോളറാണ് മാലദ്വീപ് ഇന്ത്യക്ക് നൽകാനുള്ളത്. മാലദ്വീപ് സമ്പദ്‌വ്യവസ്ഥയ്ക്ക് താങ്ങാവുന്നതിലും ഭാരിച്ച വായ്പകളാണ് ഇന്ത്യയിൽ നിന്ന് മാലദ്വീപ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മാലദ്വീപിൻ്റെ സാമ്പത്തിക ശേഷിക്കനുസരിച്ച് വായ്പ തിരിച്ചടയ്ക്കാനുള്ള അവസരം നൽകുന്നത് സംബന്ധിച്ച് ഇന്ത്യൻ സർക്കാരുമായി ചർച്ച ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. വായ്പകളുടെ തിരിച്ചടവിൽ ഇന്ത്യ നടപടികൾ സുഗമമാക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുന്നതായും മുയിസു പറഞ്ഞു.
അധികാരമേറ്റ ശേഷം ചൈനീസ് അനുകൂല നിലപാടാണ് മുഹമ്മദ് മുയിസു സ്വീകരിക്കുന്നത്. മെയ് 10നകം ഇന്ത്യൻ സൈനികരെ ദ്വീപിൽ നിന്ന് പിൻവലിക്കണമെന്നും മുയിസു ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇന്ത്യ സൈനികരെ പിൻവലിക്കൽ ആരംഭിച്ചു. ചൈനയുമായി പ്രതിരോധ കരാറിലും മാലദ്വീപ് ഒപ്പിട്ടിരുന്നു.