റോക്ക് ഫിഷിങിനിടെ ന്യൂസിലന്‍ഡിൽ മലയാളി മുങ്ങി മരിച്ചു, സുഹൃത്തിനെ കാണാതായി
ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം റോക്ക് ഫിഷിങിനായി പോയപ്പോഴായിരുന്നു അപകടം
ആലപ്പുഴ: മീൻ പിടിക്കുന്നതിനിടയിൽ ന്യൂസിലൻഡിൽ മലയാളി മുങ്ങി മരിച്ചു. കൂടെയുണ്ടായിരുന്ന മലയാളി സുഹൃത്തിനെ കാണാതായി. ആലപ്പുഴ നെടുമുടി സ്വദേശി ശരത് ആണ് മുങ്ങി മരിച്ചത്. 37 വയസ്സായിരുന്നു. മൂവാറ്റുപുഴ ചെമ്പകത്തിനാൽ ഫെർസിൽ ബാബുവിനെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം റോക്ക് ഫിഷിങിനായി പോയപ്പോഴായിരുന്നു അപകടം.
രാത്രി വൈകിയും ഇവര്‍ തിരിച്ചെത്താത്തിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കടല്‍ തീരത്ത് നിന്ന് ഇവരുടെ വാഹനവും മൊബൈല്‍ ഫോണും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ശരതിന്‍റെ മൃതദേഹം ലഭിച്ചത്. കടലിനോട് ചേര്‍ന്ന പാറക്കെട്ടുകളിലും കുത്തനെയുളള കല്ലിടുക്കുകളിലും സാഹസികമായി നടത്തുന്ന മീന്‍ പിടിത്തമാണ് റോക്ക് ഫിഷിങ്.