മലാവി വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമി വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടു
മുൻ മന്ത്രിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നു ഇവർ.
ലോങ്‍വേ: ആഫ്രിക്കന്‍ രാജ്യമായ മലാവി വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമി വിമാന അപകടത്തിൽ കൊല്ലപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭാര്യയും മറ്റ് നേതാക്കളും അടക്കം കൂടെയുണ്ടായിരുന്ന 9 പേരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇന്നലെയാണ് ഇവർ സഞ്ചരിച്ച വിമാനം കാണാതായത്. മുൻ മന്ത്രിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നു ഇവർ. തലസ്ഥാനമായ ലോങ്‌വേയിൽനിന്ന് പറന്നുയർന്ന വിമാനം വൈകാതെ റഡാറിൽ നിന്ന് അപ്രത്യക്ഷമാവുക ആയിരുന്നു.
ഇന്നലെ രാവിലെ 9.17നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. പത്തരയോടെ മലാവിയുടെ വടക്കൻ മേഖലയിലുള്ള മസുസുവിലെ വിമാനത്താവളത്തിലായിരുന്നു വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. സോലോസ് ചിലിമിയുടെ ഭാര്യ മേരിയും സോലോസ് ചിലിമിയുടെ രാഷ്ട്രീയ പാർട്ടിയായ യുണൈറ്റഡ് ട്രാൻസ്ഫോർമേഷൻ മൂവ്‌മെന്റിലെ നേതാക്കളും അടക്കമുള്ളവരാണ് കാണാതായ വിമാനത്തിലുള്ളത്.
മുൻ ക്യാബിനറ്റ് മന്ത്രിയായിരുന്ന റാൽഫ് കസാംബാരയുടെ സംസ്കാര ചടങ്ങുകൾക്കായി പുറപ്പെട്ടതായിരുന്നു സംഘം. മൂന്ന് ദിവസം മുൻപാണ് റാൽഫ് മരിച്ചത്. 2014മുതൽ മലാവിയുടെ വൈസ് പ്രസിഡന്റാണ് സോലോസ് ചിലിമി. ബഹുരാഷ്ട്ര കമ്പനികളായ കൊക്ക കോളയിലും യൂണിലിവറിലും സുപ്രധാന പദവികൾ വഹിച്ച ശേഷമാണ് സോലോസ് ചിലിമി രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. രണ്ട് മക്കളാണ് സോലോസ് ചിലിമിയ്ക്കുള്ളത്.