കൊവിഡ് രോഗിയുടെ ശ്വാസകോശം മാറ്റി വച്ച് ഇന്ത്യന്‍ വംശജനായ ഡോക്ടര്‍
കൊറോണ വൈറസ് മൂലം യുവതിയുടെ ശ്വാസകോശം ഗുരുതരമായി തകരാറിലായിരുന്നു. അതിനാൽ ആന്റിബയോട്ടിക്കിന് ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ തടയാന്‍ കഴിഞ്ഞിരുന്നില്ല.
യുഎസ്: കൊറോണ വൈറസ് ബാധയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ യുവതിക്ക് ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് ഇന്ത്യൻ വംശജനായ ഡോക്ടറുടെ നേതൃത്വത്തിൽ. ഡോക്ടർ അങ്കിത് ഭരത് ആണ് കൊവിഡ് രോഗിയിൽ ആദ്യമായി ഈ ശസ്ത്രക്രിയ നടത്തിയ വിജയിച്ചത്. ശ്വാസകോശം മാറ്റിവച്ചില്ലായിരുന്നെങ്കിൽ ഇരുപതുകാരിയായ യുവതി രോഗത്തെ അതിജീവിക്കില്ലായിരുന്നു എന്ന് ചിക്കാഗോയിലെ നോർത്ത് വെസ്റ്റേൺ മെഡിസിൻ വ്യക്തമാക്കി.
20 വയസ്സിന് മുകളില്‍ പ്രായമുള്ള യുവതി നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. താൻ ചെയ്തതിൽ വച്ചേറ്റവും വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയയാണിതെന്നാണ് ഡോക്ടർ അങ്കിത് ഭരതിന്റെ വെളിപ്പെടുത്തൽ. ഹൃദയം, വൃക്ക, രക്തക്കുഴലുകള്‍, നാഡീവ്യവസ്ഥ തുടങ്ങിയവയെ എല്ലാം കോവിഡ് തകരാറിലാക്കുന്നുണ്ടെങ്കിലും കൂടുതല്‍ പേരിലും കൊവിഡ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്.
കൊറോണ വൈറസ് മൂലം യുവതിയുടെ ശ്വാസകോശം ഗുരുതരമായി തകരാറിലായിരുന്നു. അതിനാൽ ആന്റിബയോട്ടിക്കിന് ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ തടയാന്‍ കഴിഞ്ഞിരുന്നില്ല. ശ്വാസകോശത്തിന്റെ അവസ്ഥ മോശമായതോടെ ഹൃദയത്തിന്റെ പ്രവര്‍ത്തനവും തകരാറിലാവാന്‍ തുടങ്ങി. ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാത്തത് മറ്റ് അവയവങ്ങളുടേയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. തുടർന്ന് യുവതിയെ വെന്റിലേറ്ററിലാക്കുകയും ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യാന്‍ സഹായിക്കുന്ന ഉപകരണമായ എക്‌സ്ട്രാകോര്‍പ്പോറിയല്‍ മെംബ്രേന്‍ ഓക്‌സിജനേഷന്‍ ഡിവൈസ് ഉപയോഗിക്കുകയും ചെയ്തു. മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയിൽ നിന്നാണ് യുവതിക്ക് ശ്വാസകോശം ലഭിച്ചത്.