160 കിമീ വേഗത, മിൽട്ടണ്‍ ചുഴലിക്കാറ്റ് കരതൊട്ടു, ഫ്ലോറിഡയിൽ വരുംമണിക്കൂറുകൾ നിർണായകം, 6 വിമാനത്താവളങ്ങൾ അടച്ചു
ലക്ഷക്കണക്കിന് പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. രണ്ടായിരത്തോളം വിമാന സർവ്വീസുകൾ റദ്ദാക്കി. വെള്ളപ്പൊക്കത്തിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്,
ഫ്ലോറിഡ: മിൽട്ടണ്‍ കൊടുങ്കാറ്റ് അമേരിക്കയിലെ സിയെസ്റ്റകീ എന്ന നഗരത്തിൽ കര തൊട്ടു. ഫ്ലോറിഡയുടെ തീരപ്രദേശങ്ങളിൽ ഇപ്പോൾ കനത്ത കാറ്റും മഴയുമാണ്. ലക്ഷക്കണക്കിന് പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ആറ് വിമാനത്താവളങ്ങൾ അടച്ചു. രണ്ടായിരത്തോളം വിമാന സർവ്വീസുകൾ റദ്ദാക്കി. വെള്ളപ്പൊക്കത്തിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്,
160 കിലോമീറ്റർ വേഗതയിലാണ് കാറ്റഗറി 3 ചുഴലിക്കാറ്റായി മിൽട്ടണ്‍ കര തൊട്ടത്. 205 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മിൽട്ടണെ നേരിടാൻ വലിയ മുന്നൊരുക്കങ്ങളാണ് ഫ്ലോറിഡയിൽ നടത്തിയത്. മുൻകരുതലിന്‍റെ ഭാഗമായി ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2005ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മിൽട്ടണ്‍ എന്നാണ് പ്രവചനം. സുരക്ഷ മുൻനിർത്തി ജനങ്ങളോട് വീടുകളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഗവർണർ റോൺ ഡി സാന്റിസ് നിർദേശം നൽകിയിരുന്നു. ലക്ഷക്കണക്കിന് പേർ വൈദ്യുത ബന്ധം നഷ്ടമായി ഇരുട്ടിലാണ്.
ഫ്ലോറിഡയിലും പരിസര പ്രദേശങ്ങളിലും കനത്ത നാശം വിതച്ച ഹെലീൻ ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെയാണ് മിൽട്ടണ്‍ എത്തിയത്. അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച ഹെലീൻ 160 ലധികം മനുഷ്യ ജീവൻ കവർന്നിരുന്നു. നോർത്ത് കരോലിനയിൽ മാത്രം 73 പേരുടെ ജീവനാണ് പൊലിഞ്ഞത്. സൗത്ത് കരോലിനയിൽ 36 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ജോർജിയയിൽ 25 പേരും ഫ്ലോറിഡയിൽ 17 പേരും ടെന്നേസിയിൽ ഒൻപത് പേരും മരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം