കുരുതിക്കളമായി ലബനന്‍, ലക്ഷ്യം യുദ്ധമോ അതോ കരാറോ, എന്താണ് ഇസ്രായേലിന്റെ ഉള്ളിലിരുപ്പ്?
തലസ്ഥാനമായ ബെയ്‌റൂത്തിന്റെ പ്രാന്തപ്രദേശങ്ങളിലും തെക്കന്‍ ലബനനിലുമാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇതുവരെ കൊല്ലപ്പെട്ടത് 492 ലേറെ പേരെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു. ഇവരില്‍ 35 പേര്‍ കുട്ടികളാണ്. 58 പേര്‍ സ്ത്രീകളും
പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുകയാണോ? ഹമാസിനെതിരെ ഇസ്രായേല്‍ നടത്തുന്ന യുദ്ധം 354-ാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു. അതിനിടെ ഇസ്രായേല്‍ അയല്‍രാജ്യമായ ലബനനില്‍ കൂട്ടക്കുരുതിനടത്തിയിരിക്കുന്നു. പലസ്തീന്‍ ഇപ്പേഴും നിലവിളിക്കുകയാണ്. അതിനിടയിലാണ് ലബനനും നിന്നുകത്തുന്നത്.
തലസ്ഥാനമായ ബെയ്‌റൂത്തിന്റെ പ്രാന്തപ്രദേശങ്ങളിലും തെക്കന്‍ ലബനനിലുമാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇതുവരെ കൊല്ലപ്പെട്ടത് 492 ലേറെ പേരെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു. ഇവരില്‍ 35 പേര്‍ കുട്ടികളാണ്. 58 പേര്‍ സ്ത്രീകളും. പരിക്കേറ്റവര്‍ 1645. ഇത് 2006-ന് ശേഷം ലബനനില്‍ ഇസ്രായേല്‍ നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണമാണ്. ലബനനിലെ ഹിസ്ബുല്ലാ ഗ്രൂപ്പാണ് ഇസ്രായേലിന്റെ ടാര്‍ഗറ്റ്. ഇസ്രായേലിന്റെ ബദ്ധശത്രു ആണ് ഇവര്‍. ഹമാസിന്റെ ഉറ്റതോഴര്‍. ഗാസ യുദ്ധത്തിനു പിന്നാലെ 11 മാസമായി ഇരുവരും സംഘര്‍ഷത്തിലാണ്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ലോകത്തെ ഞെട്ടിച്ച ആ സ്‌ഫോടനങ്ങള്‍. ഹിസ്ബുല്ലയുടെ മൂവായിരം പേജറുകള്‍ ഒന്നിച്ചു പൊട്ടിത്തെറിച്ചു. പിന്നാലെ വാക്കിടോക്കികളും. ഒളിപ്പിച്ചുവെച്ച സ്‌ഫോടക വസ്തുക്കള്‍ എടുത്തത് അമ്പതോളം ജീവനുകനുകളാണ്. പരിക്കേറ്റവര്‍ അഞ്ഞൂറോളവും. ഇവരിലേറെയും സിവിലിയന്‍മാരെന്ന് ലബനന്‍ ആരോഗ്യവകുപ്പ് പറയുന്നത്. മൂന്ന് വര്‍ഷമെടുത്ത് ഇസ്രായേലിന്റെ മൊസാദ് നടത്തിയ നിഗൂഢ ഓപ്പറേഷന്റെ ബാക്കിപത്രമായിരുന്നു അതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന്റെ ഞെട്ടല്‍ അടങ്ങും മുമ്പാണ് പുതിയ വ്യോമാക്രമണം. തെക്കന്‍ ലബനനില്‍ കൂട്ടപ്പലായനമാണ്. ജനജീവിതം സ്തംഭിച്ചു. എന്തും സംഭവിക്കാവുന്ന അവസ്ഥ.
ഹിസ്ബുല്ലയുടെ ആയുധഗോഡൗണുകളാണ് ടാര്‍ഗറ്റ്. ഇതാണ് ഇസ്രായേല്‍ അവകാശവാദം. 300ലേറെ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ അക്രമിച്ചെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നു. എന്നാല്‍, മരിച്ചവരില്‍ ഭൂരിഭാഗവും സാധാരണ മനുഷ്യരാണെന്നാണ് ലബനന്‍ ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. പകരത്തിന് പകരം നല്‍കിയെന്ന് ഹിസ്ബുല്ലയുടെ അവകാശവാദവും പിന്നാലെ വന്നു. ഇസ്രായേലിനകത്തെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ നിരവധി റോക്കറ്റ് ആക്രമണം നടത്തിയതായി അവര്‍ പറയുന്നു. ആരു ജയിച്ചാലും തോല്‍ക്കുന്നത് സാധാരണ മനുഷ്യരാണ്. ഉറക്കമില്ലാതായത് പശ്ചിമേഷ്യയ്ക്കാകെയാണ്. വലിയൊരു യുദ്ധം. ആ സാധ്യതയാണ് ഭയപ്പെടുത്തുന്നത്. യുഎന്‍ ഈ ആശങ്കയാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ആക്രമണം വേണ്ടെന്നാണ് യു എസ് നിലപാട്.
ലക്ഷ്യം നേടുന്നതുവരെ ആക്രമണം തുടരുമെന്നാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറയുന്നത്. എന്താണ് സത്യത്തില്‍ ഇസ്രായേലിന്റെ ലക്ഷ്യം? ഹമാസിനു പിന്നാലെ ഹിസ്ബുല്ലയെയും ഇല്ലാതാക്കുക. അതെല്ലാവര്‍ക്കും അറിയാം. എന്നാല്‍, അതിര്‍ത്തി കടന്നുള്ള ആക്രമണം എളുപ്പമല്ല. യുദ്ധം വന്നാല്‍ ഇസ്രായേലും പെടും. അതിനാല്‍, മറ്റ് ചിലതാണ് ഇസ്രായേലിന്റെ മനസ്സിലെന്നാണ് പറയുന്നത്. ഹിസ്ബുല്ലയെ നയതന്ത്ര മേശയിലേക്ക് കൊണ്ടു വരികയാണ് ഒരു ലക്ഷ്യം. ആക്രമണങ്ങളിലൂടെ മേല്‍ക്കൈ നേടുക, ഹിസ്ബുല്ലയെ പ്രതിരോധത്തിലാക്കി ചര്‍ച്ചക്കെത്തിക്കുക ഇതാണ് തന്ത്രം. അതു കഴിഞ്ഞാല്‍, തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനാവും. വടക്കന്‍ ഇസ്രായേലിലേക്ക് തങ്ങളുടെ പൗരന്‍മാര്‍ക്ക് തിരിച്ചുവരാനാവും. ഇതാണ് നിലവില്‍ പറയപ്പെടുന്ന ലക്ഷ്യം.
ദഹിയ യുദ്ധമുറയാണ് മറ്റൊരു സാധ്യത. മുമ്പും ലബനനിന് എതിരെ ഇസ്രായേല്‍ ഉപയോഗിച്ചത് ഈ യുദ്ധതന്ത്രമാണ്. തലസ്ഥാനത്തിന് പുറത്തുള്ള സിവിലിയന്‍ കേന്ദ്രങ്ങള്‍ ആക്രമിക്കുക. കൂട്ടക്കുരുതി നടത്തുക. ഹിസ്ബുല്ലയെ പ്രതിരോധത്തിലാക്കി കരാറിലേക്ക് എത്തിക്കുക. നയതന്ത്ര സാദ്ധ്യതകള്‍ അതിനായി ഉപയോഗിക്കുക. ഇതാണ് ദഹിയ യുദ്ധമുറ. അങ്ങനെയെങ്കില്‍, ഈ ആക്രമണം യുദ്ധത്തില്‍ എത്താനിടയില്ല. ഹിസ്ബുല്ലയെ തങ്ങളുടെ വഴിക്ക് കൊണ്ടുവന്നാല്‍, ഇസ്രായേല്‍ താല്‍ക്കാലികമായി പിന്‍മാറും.
ഇതല്ല ലക്ഷ്യമെങ്കില്‍ കളി മാറും. മറ്റ് കളിക്കാരും സമാനമായ യുദ്ധമുറകളിലേക്ക് നീങ്ങുകയാണെങ്കില്‍, ഉറപ്പാണ് ലബനന്‍ കത്തും. പശ്ചിമേഷ്യയില്‍ യുദ്ധംവരും. ലക്ഷക്കണക്കിന് മനുഷ്യര്‍ മരണമുനമ്പിലാവും. തിരിച്ചടികള്‍ ഉണ്ടാവും. അങ്ങനെ വന്നാല്‍ ലോകരാഷ്ട്രീയം മറ്റൊന്നാവും. ഗള്‍ഫ് രാജ്യങ്ങള്‍ അടക്കം യുദ്ധക്കെടുതികളിലേക്ക് വലിച്ചിഴക്കപ്പെടും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നാണ് ലോകം പ്രാര്‍ത്ഥിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം