വിങ്ങിപ്പൊട്ടി ഖമനേയി, ടെഹ്റാനിൽ സൊലേമാനിക്ക് വിട നൽകാൻ തെരുവിൽ ലക്ഷങ്ങൾ
ഇറാന്‍റെ പരാമാധികാരിയും ആത്മീയ നേതാവുമായ ആയത്തൊള്ള അലി ഖമനേയി സാധാരണ പൊതുവേദിയിൽ വികാരങ്ങളൊന്നും തുറന്ന് പ്രകടിപ്പിക്കാറില്ല. എന്നാൽ അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്ന മേജർ ജനറൽ കാസിം സൊലേമാനി വധിക്കപ്പെട്ടപ്പോൾ, ഖമനേയി പ്രാർത്ഥനയ്ക്കിടെ വിങ്ങിക്കരഞ്ഞു.

ടെഹ്‍റാൻ: ഇറാനിലെ ശക്തനായ സൈനിക നേതാവ് മേജർ ജനറൽ കാസിം സൊലേമാനിയുടെ അന്തിമചടങ്ങുകൾക്കിടയിലുള്ള പ്രാർത്ഥനകളിൽ വിങ്ങിക്കരഞ്ഞ്, ഇറാൻ പരമാധികാരി ആയത്തൊള്ള അലി ഖമനേയി. ഇറാന്‍റെ ആത്മീയ നേതാവുമായി അടുത്ത ബന്ധമുണ്ടായിരുന്നു കാസിം സൊലേമാനിക്ക്. അദ്ദേഹം പല പൊതുവേദികളിലും, ആ സ്നേഹം തുറന്നു പറഞ്ഞിരുന്നതുമാണ്.
പ്രാർത്ഥനാച്ചടങ്ങിനിടെ സംസാരിച്ച കാസിം സൊലേമാനിയുടെ മകളാകട്ടെ, അമേരിക്കൻ പ്രസിഡന്‍റിന് ശക്തമായ മുന്നറിയിപ്പ് നൽകി. അമേരിക്കയെ കാത്തിരിക്കുന്നത് കറുത്ത ദിനമാണെന്നാണ് സൊലേമാനിയുടെ മകൾ സെയ്‍നബ് സൊലേമാനി മുന്നഫിയിപ്പ് നൽകുന്നത്. ''ഭ്രാന്തനായ ട്രംപ്, എല്ലാം ഇവിടെ അവസാനിച്ചെന്ന് കരുതണ്ട. എന്‍റെ അച്ഛന്‍റെ രക്തസാക്ഷിത്വം കൊണ്ട് ഒന്നും അവസാനിക്കുന്നില്ല'', എന്ന് സൊലേമാനിയുടെ മകൾ സെയ്‍നബ് സൊലേമാനി. മക്കളുടെ മൃതദേഹത്തിനായി കാത്തിരുന്നുകൊള്ളാൻ അമേരിക്കൻ സൈനികരുടെ അമ്മമാരോട് സെയ്‍നബ് പറഞ്ഞു.
''ഓ അള്ളാ, പരമകാരുണികനായ സർവശക്തനായ ദൈവമേ, അവർക്ക് അങ്ങയുടെ ദയ ആവശ്യമുണ്ട്. അങ്ങയുടെ സേവകരെ ശിക്ഷിക്കാനുള്ള പരമോന്നതി അങ്ങേക്ക് തന്നെ'', ഇറാന്‍റെ പതാകയിൽ പൊതിഞ്ഞ കാസിം സൊലേമാനിയുടെ മൃതദേഹാവശിഷ്ടങ്ങളടങ്ങിയ പെട്ടിക്ക് മുന്നിൽ നടന്ന കൂട്ടപ്രാർത്ഥനയിൽ ഖമനേയി പറഞ്ഞു.
പ്രാർത്ഥനയ്ക്കിടെ ഖമനേയിയുടെ തൊണ്ടയിടറി. ഇറാന്‍റെ പരമാധികാരി ഒരിക്കലും പൊതുവേദിയിൽ വികാരപ്രകടനങ്ങൾ നടത്താറില്ല. തുറന്ന വേദിയിൽ പ്രാർത്ഥനയ്ക്കിടെ കണ്ണീരൊഴുക്കുന്ന ഖമനേയിയുടെ ചിത്രം എന്തായാലും ഇറാന്‍റെ ചരിത്രത്തിൽത്തന്നെ മറക്കാനാകാത്ത ഒരു ഏടാകും.
സൊലേമാനിയുടെ നെറുകയിൽ ചുംബിച്ച ഖമനേയി
മകനോടുള്ള സ്നേഹമുണ്ട് തനിക്ക് കാസിം സൊലേമാനിയോടെന്ന് എന്നും തുറന്നു പറഞ്ഞിരുന്ന ആയത്തൊള്ള അലി ഖമനേയി ആ സ്നേഹം ഒരിക്കലും മറച്ചുവച്ചിരുന്നില്ല. പല പൊതുവേദികളിലും കാസിം സൊലേമാനിയുടെ നിറുകയിൽ ചുംബിച്ചിരുന്നു ഖമനേയി.
ടെഹ്‍റാൻ തെരുവിൽ ലക്ഷങ്ങൾ
കൊല്ലപ്പെട്ട മേജർ ജനറൽ സൊലേമാനിയുമായി തനിക്കുണ്ടായിരുന്ന ആത്മബന്ധം വെളിവാക്കലായിരുന്നു ഖമനേയിക്ക് ആ വിങ്ങിപ്പൊട്ടലെങ്കിൽ, ഇറാന്‍റെ വീരപുത്രനെന്ന മുദ്രാവാക്യങ്ങളുമായി ടെഹ്‍റാനിലെ തെരുവുകളിൽ ജനലക്ഷങ്ങൾ ഒഴുകിയെത്തി. സൊലേമാനിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്ക് പിന്നാലെ ടെഹ്റാനിലെ തെരുവുകൾ നിറഞ്ഞ് കവിഞ്ഞു.
വീരോചിതമായ യാത്രയയപ്പ് സൊലേമാനിക്ക് നൽകാനാണ് ഇറാൻ ഒരുങ്ങുന്നത്. വിപുലമായ ചടങ്ങുകളോടെ നാളെയാണ് സൊലേമാനിയുടെ സംസ്കാരച്ചടങ്ങുകൾ.
ആരായിരുന്നു ഇറാന് സൊലേമാനി?
മിഡിൽ ഈസ്റ്റ് മേഖലയിൽ കാസിം സൊലേമാനിയുടെ പ്രതിച്ഛായ ഒരേ സമയം വില്ലന്‍റേതും നായകന്‍റേതുമായിരുന്നു. സിറിയയിൽ ആയിരക്കണക്കിന് സുന്നി മുസ്ലിങ്ങളെ കൊന്നൊടുക്കിയ ഖുദ്‍സ് ഫോഴ്‍സിന്‍റെ തലവനായിരുന്നു സൊലേമാനി. അതേസമയം, അമേരിക്കയ്ക്ക് എന്നും ശത്രുവായി സൊലേമാനി. ഇറാഖിൽ അമേരിക്കൻ സൈനികർക്ക് നേരെ നടന്ന ആക്രമണങ്ങളുടെയെല്ലാം സൂത്രധാരൻ സൊലേമാനിയാണെന്ന് അമേരിക്ക എന്നും വിമർശിച്ചിരുന്നു. എന്നാൽ ഇറാനിൽ എന്നും, സൊലേമാനി വീരനായകനായിരുന്നു. ഇറാനിലെ ഷിയാ ഭരണകൂടത്തിന്‍റെ വിശ്വസ്തനായിരുന്ന സൊലേമാനി, ഇറാന് മേൽ അമേരിക്ക നടത്തുന്ന കൈകടത്തലുകളെയെല്ലാം ഫലപ്രദമായി തടഞ്ഞു നിർത്തുന്ന സൈനിക തന്ത്രജ്ഞനായാണ് കണക്കാക്കപ്പെട്ടിരുന്നത്. റെവല്യൂഷണറി ഗാർഡ്‍സ് ഖുദ്‍സ് ഫോഴ്സെന്ന ശക്തമായ സൈനികവ്യൂഹത്തിന്‍റെ ശക്തനായ കമാൻഡർ. ഇറാന്‍റെ സൈനികചാരക്കണ്ണ്. ഹെസ്ബുള്ളയിൽ നിന്ന് ലെബനൻ വരെ, ഇറാഖിലെയും സിറിയയിലെയും യെമനിലെയും ഇറാൻ സ്വാധീനത്തിന്‍റെ പിന്നിലെ ചാലകശക്തി. ഇറാഖിലെ ഷിയാ സൈനികവിഭാഗങ്ങളുടെ പരോക്ഷനേതാവ്. ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള സുന്നി ഭൂരിപക്ഷ തീവ്രവാദികളുടെ എതിരാളി.
മിഡിൽ ഈസ്റ്റ് മേഖലയിൽ ഇറാന്‍റെ വിദേശകാര്യ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന കാസിം സൊലേമാനി, ഇറാനിലെ പരമാധികാരി ആയത്തൊള്ള അലി ഖമനേയി കഴിഞ്ഞാൽ രണ്ടാമത്തെ ഏറ്റവും ശക്തനായ നേതാവായാണ് കരുതപ്പെട്ടിരുന്നത്. ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം തന്നെ തകിടം മറിക്കുന്ന, യുദ്ധത്തിലേക്ക് പോകാൻ എല്ലാ സാധ്യതകളും മുന്നോട്ടുവയ്ക്കുന്ന നടപടിയാണ്, സൊലേമാനിയെ വധിച്ചതിലൂടെ അമേരിക്ക നടത്തിയത്. വീണ്ടുമൊരു യുദ്ധത്തിലേക്ക് ലോകത്തെ നയിക്കാൻ കാരണമായാൽ അമേരിക്കയെ ലോകരാജ്യങ്ങൾ ഇതിന്‍റെ പേരിൽ ശക്തമായി വിമർശിക്കുമെന്നും ഉറപ്പ്.
സൊലേമാനിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇറാൻ പരമാധികാരിയാകട്ടെ, ഇതിന് 'കടുത്ത പ്രതികാരം' ചെയ്യുമെന്നാണ് തിരിച്ചടിച്ചത്. അമേരിക്കയ്ക്ക് എതിരെ സൈബർ ആക്രമണങ്ങളും, മിഡിൽ ഈസ്റ്റിലെ അമേരിക്കൻ എംബസികൾക്ക് മേൽ ആക്രമണങ്ങളും നടത്താൻ ഇറാൻ ലക്ഷ്യമിടുന്നുവെന്നാണ് സൂചന. ഇതിന്‍റെ ഭാഗമായാണ് ഇറാഖിലെ യുഎസ് എംബസിയ്ക്ക് നേരെയുണ്ടായ ആക്രമണം.

