ഫ്രാൻസിൽ ഇടതുമുന്നേറ്റത്തിന് ഊർജമായി എംബാപ്പെയുടെ വാക്കുകൾ, തോൽപ്പിച്ചത് തീവ്രവലതു സഖ്യത്തെ, യൂറോപിന് ആശ്വാസം
എംബാപ്പെയുടെ ആഹ്വാനം തിരിച്ചടിയാകുമെന്ന് മുൻകൂട്ടിക്കണ്ട മരീൻ ലൂപിൻ താരത്തിനെതിരെ രംഗത്തെത്തിയിരുന്നു. കോടീശ്വരന്മാരായ കായികതാരങ്ങളും കലാപ്രവർത്തകരും ഫ്രഞ്ച് ജനതയെ വോട്ട് ചെയ്യാൻ പഠിപ്പിക്കേണ്ടെന്ന് മരീൻ പറഞ്ഞു.
പാരിസ്: ഫ്രാൻസിൽ തീവ്ര വലതുപക്ഷത്തിനേറ്റ തിരിച്ചടിക്കും ഇടതുകക്ഷികളുടെ അപ്രതീക്ഷിത മുന്നേറ്റത്തിനും ഫ്രഞ്ച് ഫുട്ബോൾ താരം കിലിയൻ എംബാപ്പെയുടെ വാക്കുകളും കാരണമായെന്ന് വിലയിരുത്തൽ. ആദ്യഘട്ടത്തിൽ മുന്നേറിയ തീവ്ര വലതുപാർട്ടിയായ നാഷണൽ റാലിക്ക് രണ്ടാം ഘട്ടത്തിൽ കനത്ത തിരിച്ചടിയേറ്റിരുന്നു. അതേസമയം, ഇടതുകക്ഷികൾ ഒന്നാതാകുകയും ചെയ്തു. മരീൻ ലൂപിൻ നേതൃത്വം നൽകുന്ന തീവ്ര വലതുപാർട്ടിയായ നാഷണൽ റാലി ഒന്നാം ഘട്ടത്തിൽ മുന്നേറിയപ്പോൾ രാജ്യത്തിന്റെ ഭാവി ഛിദ്രശക്തികൾക്കു വിട്ടു കൊടുക്കരുതെന്നും ജനം വോട്ടവകാശം ബുദ്ധിപൂർവം വിനിയോഗിക്കണമെന്നും രണ്ടാം റൗണ്ട് വോട്ടിങ്ങിനു മുൻപ് എംബപെ ആഹ്വാനം ചെയ്തിരുന്നു.
എംബാപ്പെയുടെ ആഹ്വാനം യുവജനം ഏറ്റെടുത്തുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. പൊതുവെ പരസ്യ രാഷ്ട്രീയ പ്രസ്താവനകളിൽ നിന്ന് അകന്നു നിൽക്കുകയാണ് ഫുട്ബോൾ സെലിബ്രിറ്റികളുടെ പതിവ്. എന്നാൽ, സധൈര്യത്തോടെയാണ് എംബാപ്പെയുടെ രാഷ്ട്രീയ ഇടപെടലിനെ യൂറോപ്യൻ ലിബറലുകൾ വാഴ്ത്തുകയാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നതാണ് ഫ്രാൻസ് ജനാധിപത്യത്തിന്റെ ആപ്തവാക്യം. ഫ്രാൻസിലെ ജനത ഇപ്പോൾ ഈ മുദ്രാവാക്യത്തിൽ മാറ്റം വരുത്തി, ‘ലിബർത്തെ, ഇഗാലിത്തെ, എംബപ്പെ’ എന്ന് ഏറ്റുവിളിക്കുന്നു.
എംബാപ്പെയുടെ ആഹ്വാനം തിരിച്ചടിയാകുമെന്ന് മുൻകൂട്ടിക്കണ്ട മരീൻ ലൂപിൻ താരത്തിനെതിരെ രംഗത്തെത്തിയിരുന്നു. കോടീശ്വരന്മാരായ കായികതാരങ്ങളും കലാപ്രവർത്തകരും ഫ്രഞ്ച് ജനതയെ വോട്ട് ചെയ്യാൻ പഠിപ്പിക്കേണ്ടെന്ന് മരീൻ പറഞ്ഞു. ന്യൂ പോപ്പുലർ ഫ്രണ്ട് 182 സീറ്റുകൾ നേടിയപ്പോൾ മധ്യപക്ഷമായ മക്രോയുടെ സഖ്യം 163 സീറ്റും നാഷനൽ റാലി 143 സീറ്റും നേടി. മറ്റുള്ളവർ 89 സീറ്റുകളും നേടി. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കൂടുതൽ താരങ്ങൾ അഭിപ്രായപ്രകടനവുമായി രംഗത്തെത്തി.
തെരഞ്ഞെടുപ്പ് ഫലം വലിയ ആശ്വാസമാണ് നൽകുന്നതെന്ന് ഡിഫൻഡർ ജൂൾസ് കൗണ്ടേ പിന്നീട് അഭിപ്രായപ്പെട്ടു. ഫ്രാൻസ് എന്ന മനോഹരമായ രാജ്യം തീവ്ര വലതുപക്ഷം ഭരിക്കപ്പെടില്ലെന്ന് ഉറപ്പാക്കാൻ അണിനിരന്ന ഫ്രഞ്ച് ജനതക്ക് അഭിനന്ദനങ്ങളെന്ന് കൗണ്ടേ പറഞ്ഞു. പിന്നാലെ നന്ദിയുമായി മാർക്കസ് തുറാമും രംഗത്തെത്തി. മനോഹരമായ രാജ്യം അഭിമുഖീകരിക്കുന്ന അപകടത്തെ ഒഴിവാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ. ഫ്രാൻസിന്റെ ബഹുസ്വരത നീണാൾ വാഴട്ടെ, റിപ്പബ്ലിക്ക് നീണാൾ വാഴട്ടെ, ഫ്രാൻസ് നീണാൾ വാഴട്ടെ, പോരാട്ടം തുടരുന്നു- തുറാം പറഞ്ഞു.
ഫ്രാൻസിൽ തീവ്രവലത് പക്ഷം അധികാരത്തിലെത്തുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനങ്ങൾ. എന്നാൽ, ഇടതുസഖ്യവും മധ്യപക്ഷവും തമ്മിലുണ്ടാക്കിയ ധാരണ നാഷണൽ റാലിക്ക് തിരിച്ചടിയായി. ഒരു മുന്നണിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത സഭയിൽ ഇടതുപക്ഷം കൂടുതൽ സീറ്റ് നേടി. പരാജയകാരണം എതിരാളികൾ ഉണ്ടാക്കിയ അവിശുദ്ധ സഖ്യമെന്നാണ് തീവ്രവലത് പക്ഷ പാർട്ടിയായ നാഷണൽ റാലി ആരോപിച്ചു. ഫലം വന്നതിന് പിന്നാലെ പാരീസിൽ സംഘർഷമുണ്ടായി. ആർക്കും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷമുണ്ടാകില്ലെന്ന സാഹചര്യത്തിലാണ് ഇടത് സഖ്യവും മധ്യപക്ഷവും തമ്മിൽ ധാരണയുണ്ടാക്കിയത്. ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാൻ സാധ്യത ഇല്ലാത്തതിനാൽ തൂക്കുമന്ത്രി സഭയ്ക്കാണ് സാധ്യതയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നത്. 577 അംഗ പാർലമെന്റിൽ 289 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമായിട്ടുള്ളത്.
ഇടത് സഖ്യം അപ്രതീക്ഷിത മുന്നേറ്റം കാഴ്ച വച്ചതിന് പിന്നാലെ പ്രധാനമന്ത്രി ഗബ്രിയേൽ അത്താൽ രാജി പ്രഖ്യാപിച്ചു. ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ മരീൻ ലെ പെന്നിന്റെ തീവ്രവലത് പാർട്ടി മുന്നേറിയതിന് പിന്നാലെ ഇടത് മിതവാദി സഖ്യവും ചേർന്നുള്ള മുന്നണിക്കായി ഇമ്മാനുവൻ മക്രോൺ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ മൂന്നാം സ്ഥാനത്തുള്ള പല സ്ഥാനാർത്ഥികളും പിൻമാറിയതാണ് തീവ്രവലത് മുന്നേറ്റത്തിന് തടയിട്ടത്. തിങ്കളാഴ്ച രാവിലെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന് രാജി കത്ത് കൈമാറുമെന്നാണ് പ്രധാനമന്ത്രി ഗബ്രിയേൽ അത്തൽ ഞായറാഴ്ച വിശദമാക്കിയത്.