യുക്രൈനെതിരായ ആക്രമണം തുടർന്ന് റഷ്യ, 18 മിസൈലുകളും 25 ഡ്രോണുകളും വെടിവച്ചിട്ടതായി യുക്രൈൻ
ആളുകൾ മെട്രോ സ്റ്റേഷനുകളിൽ അടക്കം അഭയം പ്രാപിച്ചതിനാൽ വലിയ രീതിയിലുള്ള ആൾനാശമുണ്ടായില്ലെന്നും ചെറിയ കേടുപാടുകളാണ് സംഭവിച്ചതെന്നുമാണ് കീവ് വിശദമാക്കുന്നത്.
കീവ്: മോസ്കോയിലെ ഭീകരാക്രമണത്തിനിടയിലും യുക്രൈനെതിരായ ആക്രമണം തുടർന്ന് റഷ്യ. യുക്രൈൻ തലസ്ഥാനത്തേക്ക് എത്തിയ 18 റഷ്യൻ മിസൈലുകളും 25 ഡ്രോണുകളും വെടിവച്ചിട്ടതായി യുക്രൈൻ അവകാശപ്പെട്ടു. പ്രാദേശിക സമയം 5 മണിക്കാണ് കീവിന് നേരായ റഷ്യൻ ആക്രമണം ഉണ്ടായത്. ആളുകൾ മെട്രോ സ്റ്റേഷനുകളിൽ അടക്കം അഭയം പ്രാപിച്ചതിനാൽ വലിയ രീതിയിലുള്ള ആൾനാശമുണ്ടായില്ലെന്നും ചെറിയ കേടുപാടുകളാണ് സംഭവിച്ചതെന്നുമാണ് കീവ് വിശദമാക്കുന്നത്.
യുക്രൈൻറെ പടിഞ്ഞാറൻ മേഖലയായ ലീവിവിൽ 20 മിസൈലുകളും 7 ഡ്രോണുകളും നിർണായകമായ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. റഷ്യൻ ക്രൂയിസ് മിസൈലുകളിലൊന്ന് നാറ്റോ അംഗമായ പോളണ്ടിന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായാണ് സേന വിശദമാക്കുന്നത്.
അതേസമയം റഷ്യൻ സൈന്യം ക്രിമിയയിൽ 10 യുക്രൈൻ മിസൈലുകൾ വെടിവെച്ചിട്ടതായാണ് ക്രിമിയയിലെ സെവസ്‌റ്റോപോൾ തുറമുഖ ഗവർണർ പറഞ്ഞത്. ക്രിമിയയിലെ ആക്രമണത്തിൽ ഒരു ഓഫീസ് കെട്ടിടവും ഗ്യാസ് ലൈനും തകർന്നതായും, ഒരു സ്ത്രീക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്. യുക്രൈന് നേരെ വെള്ളിയാഴ്ച ഡസൻ കണക്കിന് മിസൈലുകളാണ് റഷ്യ തൊടുത്ത് വിട്ടത്. ഇവയിലൊന്ന് യുക്രൈനിലെ ഏറ്റവും വലിയ അണക്കെട്ടിൽ പതിച്ചിരുന്നു. ഇതിന് പിന്നാലെ പല മേഖലയിലേയും വൈദ്യുതി നിലച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം