ഇന്ത്യയിലേക്ക് ടിഫിന്‍ ബോംബും മയക്കുമരുന്നും കടത്തിയ ഖലിസ്ഥാന്‍ തീവ്രവാദി പാകിസ്ഥാനില്‍ വച്ച് മരിച്ചു
ഖലിസ്ഥാന്‍ തീവ്രവാദ സംഘത്തിന്‍റെ തലവനായിരുന്ന ഭിന്ദ്രന്‍വാലയുടെ മരണത്തിന് പിന്നാലെ 1984 ല്‍ ഇയാള്‍ പാകിസ്ഥാനിലേക്ക് നടുവിട്ടുകയായിരുന്നു
ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ മരുമകനും നിരോധിത തീവ്രവാദി സംഘടനയായ ഖലിസ്ഥാന്‍ തീവ്രവാദി സായുധ സംഘത്തിന്‍റെ തലവനുമായ ലഖ്ബീർ സിംഗ് റോഡ് (72) പാകിസ്ഥാനില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാം തിയതി മരിച്ചു. പാക് ചാര സംഘടനയായ ഐഎസിഐയുടെ സഹായത്തോടെ ഇയാള്‍ ഇന്ത്യയ്ക്കെതിരായ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഇയാള്‍ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് ടിഫിന്‍ ബോംബും മയക്കുമരുന്നും കടത്തിയിരുന്നെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം ആരോപിച്ചിരുന്നു. ഖലിസ്ഥാന്‍ തീവ്രവാദ സംഘത്തിന്‍റെ തലവനായിരുന്ന ഭിന്ദ്രന്‍വാലയുടെ മരണത്തിന് പിന്നാലെ 1984 ല്‍ ഇയാള്‍ പാകിസ്ഥാനിലേക്ക് നടുവിട്ടു. തുടര്‍ന്ന് ലാഹോറില്‍ സ്ഥിര താമസമാക്കിയ ഇയാള്‍ ഖലിസ്ഥാന്‍ തീവ്രവാദി സംഘമായ 'ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സി'ന്‍റെ (Khalistan Zindabad Force) തലവനായി പ്രവര്‍ത്തിക്കുകയായിരുന്നെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു.
ലഖ്ബീർ സിംഗ് പാകിസ്ഥാനില്‍ നിന്ന് അതിര്‍ത്തി വഴി പഞ്ചാബിലേക്ക് ലഹരി മരുന്നും ടിഫിന്‍ ബോംബുകളും ആയുധങ്ങളും വെടിക്കോപ്പുകളും കടത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. ഒപ്പം പഞ്ചാബിലെ പ്രമുഖ വ്യക്തികളെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനകളില്‍ ഇയാള്‍ക്കും പങ്കുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ ആരോപിച്ചിരുന്നു. ഒരു തവണ നേപ്പാളില്‍ നിന്നും ഇയാളെ 20 കിലോ സ്ഫോടക വസ്തുക്കളുമായി അറസ്റ്റ് ചെയ്തിരുന്നു. സ്ഫോടക വസ്തുക്കള്‍ പാകിസ്ഥാനില്‍ നിന്ന് വാങ്ങിയതാണെന്ന് അന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. പഞ്ചാബിലെ മോഗയില്‍ കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ (എന്‍ഐഎ) നടത്തിയ റെയ്ഡില്‍ ലഖ്ബീർ സിംഗ് റോഡിന്‍റെ കുടുംബ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. 2021 നും 2023 നും ഇടയില്‍ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ഇയാള്‍ക്കെതിരെ എടുത്തിരുന്ന ആറ് തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.