വീണ്ടും പ്രകോപനം; കനേഡിയൻ ദേശീയ മാധ്യമത്തിലൂടെ ഇന്ത്യയെ വിമർശിച്ച് ഖാലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിംഗ് പന്നു

ഇന്ത്യ ഭീകരവാദിയായി പ്രഖ്യാപിച്ച ഖാലിസ്ഥാൻ വിഘടനവാദി നേതാവാണ് ഗുർപത്വന്ത് സിംഗ് പന്നു.

Khalistan leader Gurpatwant Singh Pannun criticized India through Canadian national media

ടൊറന്റൊ: ഇന്ത്യയുമായുള്ള ബന്ധം വഷളായതിന് പിന്നാലെ പ്രകോപനവുമായി കാനഡ. ഇന്ത്യ ഭീകരവാദിയായി പ്രഖ്യാപിച്ച ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നു കനേഡിയൻ ദേശീയ ടെലിവിഷൻ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടു. നരേന്ദ്ര മോദി സർക്കാരിനെയും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെയും കനേഡിയൻ മാധ്യമത്തിലൂടെ പന്നു വിമർശിച്ചു. മോദി സർക്കാരിനെയും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെയും 'പക്ഷപാതപരം' എന്നാണ് പന്നു വിശേഷിപ്പിച്ചത്. നിരോധിത സംഘടനയായ സിഖ്‌ ഫോർ ജസ്റ്റിസിൻ്റെ (എസ്എഫ്‌ജെ) നേതാവാണ് ഗുർപത്വന്ത് സിംഗ് പന്നു. 

ഖാലിസ്ഥാൻ എന്ന പ്രസ്ഥാനം മുന്നോട്ട് കൊണ്ട് പോകുക തന്നെ ചെയ്യുമെന്ന് പന്നു കനേഡിയൻ മാധ്യമത്തിലൂടെ പ്രതിജ്ഞ എടുത്തു. ഇതിന് പുറമെ, തന്നെ വധിക്കാൻ ഒരു യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ടെന്ന് പന്നു ആരോപിക്കുകയും ചെയ്തു. പഞ്ചാബിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ സമരത്തിന് തിരികൊളുത്താനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു കൊണ്ടുള്ള വീഡിയോ പുറത്തുവിട്ട് ഏതാനും ദിവസങ്ങൾ മാത്രം പിന്നിട്ടപ്പോഴാണ് കനേഡിയൻ ദേശീയ മാധ്യമത്തിലും പന്നു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

ജമ്മു കശ്മീർ, അസം, മണിപ്പൂർ, നാഗാലാൻഡ് എന്നിവയാണ് അടുത്ത ലക്ഷ്യങ്ങളെന്ന് ഏറ്റവും പുതിയ വീഡിയോയിൽ പന്നു പറഞ്ഞു. ഈ സംസ്ഥാനങ്ങളിൽ പഞ്ചാബിലേതിന് സമാനമായ രീതിയിൽ സമരത്തിന് പ്രേരണ നൽകും. ഇന്ത്യൻ യൂണിയനെ ശിഥിലമാക്കാനുമുള്ള 'സ്വാതന്ത്ര്യ പ്രസ്ഥാനങ്ങൾ'ക്ക് വേണ്ടിയുള്ള പ്രചാരണം തുടരാൻ സിഖ് ഫോ‍ർ ജസ്റ്റിസ് കനേഡിയൻ, അമേരിക്കൻ നിയമങ്ങളുടെ സംരക്ഷണവും പിന്തുണയും ഉപയോഗിക്കുന്നത് തുടരുമെന്നും പന്നു വ്യക്തമാക്കി. 

ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിൽ നയതന്ത്ര തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് വീണ്ടും കാനഡയുടെ പ്രകോപനം. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യാ ​ഗവൺമെൻ്റിന് പങ്കാളിത്തമുണ്ടെന്നായിരുന്നു കാനഡയുടെ ആരോപണം. ഇന്ത്യൻ ഹൈക്കമീഷണർ അടക്കമുള്ള ആറ് ഉദ്യോഗസ്ഥർക്ക് നിജ്ജാറിന്‍റെ കൊലപാതകത്തിൽ പങ്കുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞിരുന്നു. എന്നാൽ ഇന്ത്യ ഇത് നിഷേധിച്ചു. ഇന്ത്യ ആറ് കനേഡിയൻ ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പിന്നാലെ കാനഡയും ഇന്ത്യൻ ഹൈക്കമ്മീഷണർ അടക്കമുള്ളവരോട് രാജ്യം വിടാൻ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ ഉദ്യോഗസ്ഥരെ കേസിൽ പെടുത്താനുള്ള കാനഡയുടെ നീക്കത്തെ ശക്തമായി ചെറുക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. 

READ MORE: കേന്ദ്രസർക്കാ‍ർ ജീവനക്കാർക്ക് ദീപാവലി സമ്മാനം; ഡിഎ 3% വർധിപ്പിച്ചു, ഒപ്പം മൂന്ന് മാസത്തെ കുടിശികയും

Latest Videos
Follow Us:
Download App:
  • android
  • ios