കറാച്ചി, ലാഹോർ, ഇസ്ലാമാബാദ് തുടങ്ങിയ നഗരങ്ങളിലാണ് ആക്രമണങ്ങൾ നടന്നത്. ടി‌എൽ‌പി അംഗങ്ങൾ ഉൾപ്പെടെ 178 പേരെ അറസ്റ്റ് ചെയ്തു.

ലാഹോർ: യുഎസ് ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെഎഫ്‌സിയുടെ ഔട്ട്‌ലെറ്റുകൾക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനിൽ 178 പേർ അറസ്റ്റിൽ. പത്തിലധികം ആൾക്കൂട്ട ആക്രമണങ്ങളാണ് കെഎഫ്സിക്ക് നേരെ ഉണ്ടായത്. ഗാസയിലെ ആക്രമണം തുടരുന്നതിൽ പ്രതിഷേധിച്ചാണ് ഇസ്രയേൽ, യുഎസ് ഉത്പന്നങ്ങളെ പ്രതിഷേധക്കാർ ലക്ഷ്യമിട്ടത്.

കറാച്ചി, ലാഹോർ, ഇസ്ലാമാബാദ് തുടങ്ങിയ നഗരങ്ങളിലാണ് കെഎഫ്സി ഔട്ട്‍ലെറ്റുകൾക്ക് നേരെ ആക്രമണമുണ്ടായത്. ലാഹോറിൽ രണ്ട് ആക്രമണങ്ങൾ നടന്നതിനെ തുടർന്ന് നഗരത്തിലുടനീളമുള്ള 27 കെ‌എഫ്‌സി ഔട്ട്‌ലെറ്റുകളിൽ സുരക്ഷ വർദ്ധിപ്പിച്ചെന്നും അഞ്ചിടത്ത് ആക്രമണങ്ങൾ തടഞ്ഞെന്നും പൊലീസ് പറഞ്ഞു. 

ഈ ആക്രമണത്തിൽ വിവിധ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും പങ്ക് അന്വേഷിക്കുന്നുണ്ടെന്ന് ലാഹോറിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ഫൈസൽ കമ്രാൻ പറഞ്ഞു, തെഹ്രീക്-ഇ-ലബ്ബൈക് പാകിസ്ഥാൻ (ടി‌എൽ‌പി) അംഗം ഉൾപ്പെടെ അറസ്റ്റിലായവരിലുണ്ട്. എന്നാൽ പ്രതിഷേധത്തിന് ടി‌എൽ‌പി ഔദ്യോഗികമായി ആഹ്വാനം ചെയ്തിരുന്നില്ല. ഇസ്രയേൽ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കെ‌എഫ്‌സിക്ക് പുറത്ത് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് ടി‌എൽ‌പി വക്താവ് റെഹാൻ മൊഹ്‌സിൻ ഖാൻ പറഞ്ഞു. 

ബംഗ്ലാദേശിലും സമാന പ്രതിഷേധങ്ങൾ അടുത്ത കാലത്ത് അക്രമത്തിൽ കലാശിച്ചിരുന്നു. ബാറ്റ, കെഎഫ്‌സി, പിസ്സ ഹട്ട്, പ്യൂമ തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളുടെ കടകൾ ജനക്കൂട്ടം കൊള്ളയടിക്കുന്ന ദൃശ്യം പുറത്തുവന്നു. ഇസ്രയേൽ, യുഎസ് ബന്ധമുള്ള അന്താരാഷ്ട്ര ബ്രാൻഡുകളെയാണ് പ്രതിഷേധക്കാർ ലക്ഷ്യമിട്ടത്. അതേസമയം ചെക്ക് റിപ്പബ്ലിക് കമ്പനിയായ ബാറ്റയും ആക്രമിക്കപ്പെട്ടു. എന്നാൽ ഇസ്രായേലി ഉടമസ്ഥതയിലുള്ള കമ്പനിയോ ഇസ്രയേൽ - പലസ്തീൻ സംഘർഷത്തിൽ രാഷ്ട്രീയ ബന്ധമുള്ള കമ്പനിയോ അല്ല എന്ന് ബാറ്റ വ്യക്തമാക്കി. ജനക്കൂട്ടം ബാറ്റ ഷോറൂമിന്‍റെ ഗ്ലാസ് വാതിലുകൾ ഇഷ്ടികകൾ ഉപയോഗിച്ച് തകർക്കുകയും ഷൂസുകൾ പുറത്തേക്ക് എറിയുകയും ചെയ്യുന്ന ദൃശ്യം പുറത്തുവന്നു. കെഎഫ്‌സി ഔട്ട്‌ലെറ്റ് വടികൊണ്ട് തല്ലിതകർക്കുന്ന ദൃശ്യവും പുറത്തുവന്നു. പ്യൂമയുടെയും ഡൊമിനോസിന്‍റെയും നിരവധി ഔട്ട്‍ലെറ്റുകളും നശിപ്പിക്കപ്പെട്ടു.

ഇരച്ചുകയറി ആൾക്കൂട്ടം; ധാക്കയിൽ ബാറ്റയും കെഎഫ്‌സിയും ഡൊമിനോസും പ്യൂമയും തല്ലിത്തകർത്ത് കൊള്ള, കാരണമിത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം