ഭാര്യയെ കൊലപ്പെടുത്തി തുടങ്ങി, സീരിയൽ കില്ലർ കൊന്ന് തള്ളിയത് 42 സ്ത്രീകളെ, അടിമുടി ദുരൂഹത, ഞെട്ടി ആഫ്രിക്ക
കൊല്ലപ്പെട്ട ജോസഫൈൻ മൂലോങ്കോ എന്ന സ്ത്രീയുടെ ഫോൺ കോളുകൾ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് സീരിയൽ കില്ലറെ കുടുക്കിയത്. ഇവരുമായി നിരവധി പണമിടപാടുകൾ ജുമൈസി നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തി.
നെയ്റോബി: കോളിൻസ് ജുമൈസി ഖലൂഷ, ക്രൂരതയുടെ പര്യായമായി ലോകമിന്ന് ഭയത്തോടെ നോക്കുന്ന മനുഷ്യൻ. രണ്ട് വർഷത്തിനിടെ കൊലപ്പെടുത്തിയത് സ്വന്തം ഭാര്യ ഉൾപ്പെടെ 42പേരെ. കാണാതായ ഒരു സ്ത്രീയെ ചുറ്റിപ്പറ്റിയുള്ള നെയ്‌റോബി പൊലീസിന്റെ അന്വേഷണം അവസാനിച്ചത് ഉപയോഗ ശൂന്യമായ മാലിന്യം നിറഞ്ഞ ക്വാറിയിൽ. കണ്ടെത്തിയതാകട്ടെ അഴുകി തുടങ്ങിയ 9 മൃതദേഹങ്ങളും. ഇതോടെയാണ് സീരിയൽ കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്.
കൊല്ലപ്പെട്ട ജോസഫൈൻ മൂലോങ്കോ എന്ന സ്ത്രീയുടെ ഫോൺ കോളുകൾ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് സീരിയൽ കില്ലറെ കുടുക്കിയത്. ഇവരുമായി നിരവധി പണമിടപാടുകൾ ജുമൈസി നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. പണമിടപാടുകൾ നടത്തിയ സംശയവും പിന്നാലെ നടത്തിയ ചോദ്യം ചെയ്യലുമാണ് ക്രൂര കൃത്യങ്ങളുടെ ചുരുളഴിച്ചത്. ഏകദേശം 42ഓളം സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ.
33 കാരനായ ജുമൈസിയുടെ വീട്ടിൽ നിന്ന് സ്ത്രീകളെ കൊലപ്പെടുത്താൻ ഉപയോഗിച്ചതായി കരുതുന്ന കത്തി, ഗ്ലൗസുകൾ, റബ്ബർ കയറുകൾ, മൃതദേഹങ്ങൾ ഉപേക്ഷിക്കാൻ ഉപയോഗിച്ച നൈലോൺ ചാക്കുകൾ എന്നിവ പൊലീസ് കണ്ടെത്തി. കൂടാതെ നിരവധി മൊബൈൽ ഫോണുകൾ, ഐഡന്റിറ്റി കാർഡുകൾ എന്നിവയും കണ്ടെത്തി.
മനുഷ്യ ജീവന് യാതൊരു വിലയും കൽപ്പിക്കാത്ത സൈക്കോപാത്താണ് ജുമൈസി എന്നാണ് അന്വേഷണ സംഘത്തിന്റെ തലവനായ അമിൻ മുഹമ്മദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. സീരിയൽ കില്ലറിന്റെ ക്രൂരതയ്ക്കിരയായ എല്ലാവരും 18നും 30നുമിടയിൽ പ്രായമുള്ള സ്ത്രീകളാണ് എന്നതാണ് പ്രത്യേകത. എല്ലാവരെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, മൃതദേഹത്തിൽ ക്രൂരമായ മുറിവുകൾ ഏൽപ്പിച്ചിരുന്നു. പ്രണയം നടിച്ച് വീട്ടിലെത്തിച്ചായിരുന്നു ക്രൂര കൃത്യം നടത്തിയത്. 2022ൽ ആദ്യമായി കൊലപ്പെടുത്തിയത് ഭാര്യയെ തന്നെയാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
സീരിയൽ കില്ലറിന്റെ അറസ്റ്റിന് പിന്നാലെ വലിയ പ്രതിഷേധമാണ് മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തിൽ കെനിയയിൽ ഉയരുന്നത്. പൊലീസിന്റെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധമുണ്ടായി. സ്ത്രീകളുടെ ജീവന് എന്ത് വിലയാണ് നൽകുന്നതെന്നാണ് കെനിയൻ നാഷണൽ അസംബ്ലി അംഗമായ ലിയാ സാന്കരേ ചോദിച്ചു. കൊലപ്പെടുത്തിയ മറ്റുള്ളവരുടെ വിവരങ്ങൾക്കായി പൊലീസ് ജുമൈസിയെ വിശദമായി ചോദ്യം ചെയ്യുകയാണ്. മൃതദേഹങ്ങൾ കണ്ടെടുത്ത മാലിന്യം നിറഞ്ഞ ക്വാറി പൊലീസ് സ്റ്റേഷന്റെ തൊട്ടടുത്താണ് എന്നതാണ് കൊലപാതക പാരമ്പരയെക്കാൾ എല്ലാവരെയും ഞെട്ടിച്ചത്.