എഡിറ്റിംഗ് പരീക്ഷണം പാളി, തിരിച്ചടിയായി കുടുംബ ചിത്രം, ക്ഷമാപണം നടത്തി കേറ്റ് മിഡിൽടൺ
മക്കൾക്കൊപ്പമുള്ള കേറ്റ് മിഡിൽടണിന്റേ ചിത്രം വൈറലായതിനിടയ്ക്കാണ് അസോസിയേറ്റഡ് പ്രസ്, എഎഫ്പി, റോയിട്ടേഴ്‌സ് എന്നീ ഏജൻസികൾ ചിത്രത്തിൽ കൃത്രിമത്വം നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി ചിത്രം പിൻവലിച്ചത്
ബ്രിട്ടൻ: കെന്നിംഗ്‍സ്റ്റണ്‍ കൊട്ടാരം പുറത്ത് വിട്ട ചിത്രം ലോകത്തിലെ തന്നെ പ്രമുഖ ഏജൻസികൾ വ്യാജമെന്ന് ചൂണ്ടിക്കാണിച്ചതിന് പിന്നാലെ ക്ഷമാപണവുമായി കേറ്റ് മിഡിൽടൺ. തിങ്കളാഴ്ചയാണ് കേറ്റ് മിഡിൽടൺ ക്ഷമാപണം നടത്തിയത്. ഞായറാഴ്ചയാണ് ബ്രിട്ടനിലെ മദേഴ്സ് ഡേ സംബന്ധിച്ച് കെന്നിംഗ്‍സ്റ്റണ്‍ കൊട്ടാരം വിവാദ ചിത്രം പുറത്ത് വിട്ടത്. ക്രിസ്തുമസിന് പിന്നാലെ പുറത്ത് വന്ന പ്രിൻസസ് ഓഫ് വെയിൽസിന്റെ ചിത്രമെന്ന നിലയിൽ മക്കൾക്കൊപ്പമുള്ള കേറ്റ് മിഡിൽടണിന്റേ ചിത്രം വൈറലായതിനിടയ്ക്കാണ് അസോസിയേറ്റഡ് പ്രസ്, എഎഫ്പി, റോയിട്ടേഴ്‌സ് എന്നീ ഏജൻസികൾ ചിത്രത്തിൽ കൃത്രിമത്വം നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി ചിത്രം പിൻവലിച്ചത്.
മറ്റ് പല അമച്വർ ഫോട്ടോഗ്രാഫർമാരെ പോലെ ഇടയ്ക്കൊക്കെ എഡിറ്റിംഗ് പരീക്ഷണം നടത്താറുണ്ട്. കുടുംബ ചിത്രത്തിൽ എഡിറ്റിംഗിനേ തുടർന്ന് സംഭവിച്ച ആശയക്കുഴപ്പത്തിന് ക്ഷമാപണം നടത്തുന്നു. എല്ലാവരും നല്ലൊരു മാതൃദിനം ആഘോഷിച്ചെന്ന് വിശ്വസിക്കുന്നുവെന്നാണ് ക്ഷമാപണ കുറിപ്പിൽ കേറ്റ് വിശദമാക്കുന്ന്. എക്സിലെ ഔദ്യോഗിക അക്കൌണ്ടിലൂടെയാണ് ക്ഷമാപണം നടത്തിയിരിക്കുന്നത്.
പൂന്തോട്ടത്തിലെ കസേരയിൽ ഇരിക്കുന്ന കാതറീൻ, ഒപ്പം 10 വയസ്സുകാരൻ ജോർജ്, എട്ട് വയസ്സുകാരി ഷാർലറ്റ്, അഞ്ച് വയസ്സുകാരൻ ലൂയിസ് എന്നിവരാണ് ചിത്രത്തിലുള്ളത്. വെയിൽസ് രാജകുമാരനും കാതറീന്‍റെ ഭർത്താവുമായ വില്യംസ് എടുത്ത ചിത്രമാണിത് എന്നാണ് പറഞ്ഞിരുന്നത്. മാതൃദിനാശംസകള്‍ നേർന്ന് കാതറിന്‍റെയും വില്യമിന്‍റെയും സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലാണ് ആദ്യം ചിത്രം വന്നത്. രണ്ട് മാസങ്ങൾക്ക് മുൻപാണ് കേറ്റ് മിഡിൽടൺ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഇതിന് ശേഷം കേറ്റിന്റേത് എന്ന പേരിൽ ഔദ്യോഗിക അക്കൌണ്ടിൽ നിന്ന് പുറത്ത് വന്ന കുടുംബ ചിത്രമാണ് പുലിവാല് പിടിച്ചത്.
കേറ്റ് മിഡിൽടൺറെ ആരോഗ്യസ്ഥിതിയേക്കുറിച്ച് പല രീതിയിലുള്ള അഭ്യൂഹങ്ങൾക്കിടെയാണ് ചിത്രം പുറത്ത് വന്നത്. ആരോഗ്യത്തോടെയുള്ള ഭാവി രാജ്ഞിയുടെ ചിത്രം ആരാധകർക്ക് ആശ്വാസം പകരുന്നതിനിടെയാണ് പ്രമുഖ വാർത്താ ഏജൻസികൾ ചിത്രത്തിൽ കൃത്രിമത്വം നടന്നെന്ന് വിശദമാക്കി പിൻവലിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം