Shari Baloch : കറാച്ചിയിൽ പൊട്ടിത്തെറിച്ചത് 30കാരി, സുവോളജിയിൽ ബിരുദാനന്തര ബിരുദം, രണ്ട് കുട്ടികളുടെ അമ്മ
ദമ്പതികൾക്ക് എട്ടും അഞ്ചും വയസ്സുള്ള രണ്ട് മക്കളുണ്ടെന്നും ഭർത്താവിനെ ഉദ്ധരിച്ച് അഫ്ഗാൻ മാധ്യമ പ്രവർത്തകനായ ബഷിർ അഹമ്മദ് ഗ്വാഖ് വ്യക്തമാക്കി. രണ്ട് വർഷം മുമ്പാണ് ഷാരി ബിഎൽഎയുടെ ചാവേർ വിഭാഗമായ മജീദ് ബ്രിഗേഡിൽ അംഗത്വമെടുത്തത്.
ഇസ്‌ലാമാബാദ്: കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ കറാച്ചി യൂണിവേഴ്സിറ്റിയില് ചാവേറായി പൊട്ടിത്തെറിച്ച യുവതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. 30കാരിയായ ചാവേർ ഷാരി ബലോച് ഉന്നത വിദ്യാഭ്യാസം നേടിയ യുവതിയാണെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നും വിവരങ്ങൾ പുറത്തുവന്നു. ദന്ത ഡോക്ടറെയാണ് ഷാരി വിവാഹം ചെയ്തത്. ബലൂചിസ്ഥാനിലെ ടർബാത് മേഖലയിലുള്ള നിസാർ അബാദ് സ്വദേശിയാണ് ഷാരിയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. എംഎസ്‍സി സുവോളജി പാസായ ശേഷം എംഫില്ലിന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ഷാരിയെന്ന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) പ്രസ്താവനയിൽ അറിയിച്ചു.
ഭാര്യ ചാവേറായി പൊട്ടിത്തെറിച്ചത് ഞെട്ടിച്ച സംഭവമാണ്. എന്നാൽ അവരുടെ പ്രവൃത്തിയിൽ അഭിമാനമുണ്ടെന്ന് ഭർത്താവും ഡോക്ടറുമായ ഹബിതാൻ ബഷിർ ബലോച് പറഞ്ഞു. ദമ്പതികൾക്ക് എട്ടും അഞ്ചും വയസ്സുള്ള രണ്ട് മക്കളുണ്ടെന്നും ഭർത്താവിനെ ഉദ്ധരിച്ച് അഫ്ഗാൻ മാധ്യമ പ്രവർത്തകനായ ബഷിർ അഹമ്മദ് ഗ്വാഖ് വ്യക്തമാക്കി. രണ്ട് വർഷം മുമ്പാണ് ഷാരി ബിഎൽഎയുടെ ചാവേർ വിഭാഗമായ മജീദ് ബ്രിഗേഡിൽ അംഗത്വമെടുത്തത്. കുട്ടികളുള്ള യുവതിയായതിനാൽ സ്കാഡിൽനിന്നു പിന്മാറാൻ അവസരം നൽകിയെങ്കിലും അവർ തയാറായില്ല. പാകിസ്ഥാനിലെ ചൈനീസ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്തുകയാണ് ബിഎൽഎയുടെ ലക്ഷ്യം.
വിദ്യാർഥി ആയിരിക്കുമ്പോൾ ഷാരി ‘ബലൂച് സ്റ്റുഡന്റ്സ് ഓർഗനൈസേഷ’ന്റെ ഭാഗമായിരുന്നു.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ മജീദ് ബ്രിഗേഡിന്റെ വിവിധ യൂണിറ്റുകളിൽ ഷാരി പ്രവർത്തിച്ചു. അതിനിടെ അവർക്ക് പിന്മാറാൻ സംഘടന അവസരം നൽകി. എന്നാൽ അവർ തീരുമാനത്തിൽ ഉറച്ചുനിന്നതോടെ അവരെ ബ്രിഗേഡിന്റെ ഭാഗമാക്കി. തങ്ങളുടെ ആദ്യ വനിതാ ചാവേറാണ് ഷാരി ബലോചെന്ന് ബിഎൽഎ പ്രസ്താവനയിൽ പറഞ്ഞു. ഷാരിയുടെ പിതാവിനെയും സഹോദരനെയും പാക് സൈന്യം വധിച്ചതാണെന്നും ചൈനീസ് പദ്ധതികൾക്ക് വേണ്ടി ഇവരുടെ ഭൂമി ബലമായി ഏറ്റെടുക്കുകയായിരുന്നുവെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബലൂചിസ്ഥാൻ മേഖലയിലെ ചൈനയുടെ സാംസ്കാരികവും സാമ്പത്തികവുമായ സാന്നിധ്യം ഇല്ലാതാക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും പറയുന്നു.