'പുകവലിക്കില്ല, മദ്യപാനം തീരെക്കുറവ്', മെഡിക്കൽ റിപ്പോർട്ട് പുറത്ത് വിട്ട് കമല, മറുപടിയില്ലാതെ ട്രംപ്
ആരോഗ്യസ്ഥിതിയേക്കുറിച്ചുള്ള വ്യാജ പ്രചാരണം തള്ളി മെഡിക്കൽ റിപ്പോർട്ട് പുറത്ത് വിട്ട് കമല ഹാരിസ്. വെല്ലുവിളി ഏറ്റെടുക്കാതെ ട്രംപ്
ന്യൂയോർക്ക്: ആരോഗ്യസ്ഥിതിയേക്കുറിച്ചുള്ള ഡൊണാൾഡ് ട്രംപിന്റെ രൂക്ഷ വിമർശനത്തിന് തെളിവടക്കമുള്ള മറുപടിയുമായി കമല ഹാരിസ്. ഏപ്രിൽ മാസത്തിലെ പരിശോധനാ റിപ്പോർട്ടാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസ് പുറത്ത് വിട്ടത്. ഉന്നത പദവി വഹിക്കാനുള്ള ആരോഗ്യം കമല ഹാരിസിനുണ്ടെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടാണ് പുറത്ത് വിട്ടിട്ടുള്ളത്. തിരക്കുകൾക്കിടയിലും നല്ല രീതിയിലുള്ള ഭക്ഷണ ശൈലിയാണ് കമല ഹാരിസ് പിന്തുടരുന്നതെന്നും വല്ലപ്പോഴുമുണ്ടാകുന്ന അലർജി പ്രശ്നങ്ങൾ മാത്രമാണ് ഉള്ളതെന്നും പുകവലിക്കാറില്ലെന്നും നിയന്ത്രിതമായ രീതിയിലുള്ള മദ്യപാനം മാത്രമാണ് കമലയ്ക്കുള്ളതെന്നും വ്യക്തമാക്കുന്നതാണ് പൊതുജനങ്ങൾക്ക് അടക്കം ലഭ്യമായിട്ടുള്ള മെഡിക്കൽ റിപ്പോർട്ടിൽ വൈറ്റ് ഹൌസിലെ ഡോക്ടറായ ജോഷ്വാ സിമോൺസ് വിശദമാക്കുന്നത്.
പ്രസിഡന്റിലെ പദവി വഹിക്കാനും ചുമതലകൾ ചെയ്യാനുമുള്ള ശാരീരിക മാനസിക ആരോഗ്യം 59കാരിയായ കമലയ്ക്ക് ഉണ്ടെന്നും റിപ്പോർട്ട് വിശദമാക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രൂക്ഷമായ ആരോപണങ്ങളാണ് ട്രംപ് കമല ഹാരിസിനെതിരെ ഉന്നയിച്ചിരുന്നത്. ട്രംപിന്റെ മെഡിക്കൽ റിപ്പോർട്ട് പുറത്ത് വിടാൻ ധൈര്യമുണ്ടോയെന്നാണ് നിലവിൽ ഡെമോക്രാറ്റിക് പക്ഷം ട്രംപിനോട് ചോദിക്കുന്നത്. ഇന്നലെയാണ് കമല ഹാരിസിന്റെ മെഡിക്കൽ റിപ്പോർട്ട് പുറത്ത് വന്നത്. സമാനമായ രീതിയിലെ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് കമല ഹാരിസിന്റെ മെഡിക്കൽ റിപ്പോർട്ടിന്റെ പ്രാധാന്യം.
പ്രായത്തിന്റേതായ ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്ന റിപ്പബ്ളിക്കൻ ആരോപണം ശക്തമായതിന് പിന്നാലെയാണ് 81കാരനായ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത്. അലർജിക്ക് കഴിഞ്ഞ മൂന്ന് വർഷമായി ഇമ്യൂണോ തെറാപ്പിക്ക് വിധേയയാവുന്നയാളാണ് കമല. ശക്തമായ പോരാട്ടമാണ് കമല ഹാരിസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കാഴ്ച വയ്ക്കുന്നത്. 2018ലാണ് നേരത്തെ ട്രംപിന്റെ മെഡിക്കൽ റിപ്പോർട്ട് പുറത്ത് വന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം