ജൂലൈ മാസത്തിൽ മാത്രം തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കമല ഹാരിസിന് ലഭിച്ചത് 310 മില്യൺ, ഇഞ്ചോടിഞ്ച് പോരാട്ടം
ശക്തമായ പോരാട്ടമാണ് കമല ഹാരിസ് കാഴ്ച വയ്ക്കുന്നത്. വംശീയ പരാമർശമടക്കം നടത്തുന്ന ട്രംപിന്റെ ആരോപണങ്ങളെ ശക്തമായി ചെറുത്താണ് കമല ഹാരിസ് മത്സര രംഗത്ത് സജീവമായിരിക്കുന്നത്.
ന്യൂയോർക്ക്: അമേരിക്കയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ ജൂലൈ മാസത്തിൽ മാത്രം തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഡെമോക്രാറ്റിക് പാർട്ടിയിലേക്ക് എത്തിയത് 310മില്യൺ ഡോളർ (ഏകദേശം 25977194000 രൂപ) എന്ന് റിപ്പോർട്ട്. ജോ ബൈഡൻറെ പിന്മാറ്റത്തിന് പിന്നാലെയാണ് ഇതെന്നതാണ് ശ്രദ്ധേയം. ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തിലും വാദപ്രതിവാദങ്ങളിലും സർവേകളിലും ഡെമോക്രാറ്റിക് പാർട്ടി ഏറെ പിന്നിലായിരുന്നു.
ബൈഡന്റെ ആരോഗ്യത്തിൽ സംശയം പ്രകടിപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ സംശയമുയർന്ന സാഹചര്യത്തിലായിരുന്നു മത്സരത്തിൽ നിന്ന് പിന്മാറാനുള്ള ബൈഡന്റെ തീരുമാനം വരുന്നത്. സർവേകളിൽ ട്രംപിന് ബൈഡനേക്കാൾ നേരിയ ലീഡുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി കമല ഹാരിസ് എത്തിയതോടെ അന്തരീക്ഷം മാറിയെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ശക്തമായ പോരാട്ടമാണ് കമല ഹാരിസ് കാഴ്ച വയ്ക്കുന്നത്. വംശീയ പരാമർശമടക്കം നടത്തുന്ന ട്രംപിന്റെ ആരോപണങ്ങളെ ശക്തമായി ചെറുത്താണ് കമല ഹാരിസ് മത്സര രംഗത്ത് സജീവമായിരിക്കുന്നത്.
ജൂലൈ മാസത്തിൽ മാത്രം ട്രംപിന് ലഭിച്ച സംഭാവനകളേക്കാൾ രണ്ടിരട്ടി സംഭാവനയാണ് കമല ഹാരിസിന് ലഭിച്ചിട്ടുള്ളത്. നേരത്തെ 24 മണിക്കൂറിനുള്ളിൽ റെക്കോർഡ് സംഭാവന തുക ലഭിക്കുന്ന നേട്ടം കമല ഹാരിസ് സ്വന്തമാക്കിയിരുന്നു. വൈസ് പ്രസിഡന്റ് എന്ന നിലയിലെ കമല ഹാരിസിന്റെ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷമായ വിമർശനം റിപബ്ലിക്കൻ പാർട്ടി ഉയർത്തുമ്പോഴാണ് കമല ഹാരിസിന് ശക്തമായ പിന്തുണ ലഭിക്കുന്നതെന്നതാണ് ശ്രദ്ധേയമായിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം