ജനപ്രീതി ഇടിഞ്ഞു, പരാജയ ഭീതി; ട്രൂഡോ ഇന്ത്യയോട് ഇടഞ്ഞത് ഖാലിസ്ഥാനെ പ്രീതിപ്പെടുത്താൻ? റിപ്പോർട്ടുകൾ ഇങ്ങനെ
യുകെയിലെ കൺസർവേറ്റീവുകൾ നേരിടുന്ന അതേ ദുരവസ്ഥ കാനഡയിയെ ലിബറലുകൾക്കും നേരിടേണ്ടി വരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.
കാനഡ: കാനഡയിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയ്ക്ക് എതിരെ രംഗത്തെത്തിയതെന്ന് റിപ്പോർട്ട്. കാനഡയിൽ ജസ്റ്റിൻ ട്രൂഡോയുടെ ജനപ്രീതിയിൽ വലിയ ഇടിവ് സംഭവിച്ചിരുന്നുവെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. വർധിച്ച് വരുന്ന ജീവിതച്ചെലവ്, ആരോഗ്യ രംഗത്തെ പ്രശ്നങ്ങൾ, കുറ്റകൃത്യങ്ങളിലെ വർധന, മറ്റ് രാഷ്ട്രീയ വെല്ലുവിളികൾ എന്നിവ കാരണം വലിയ പ്രതിസന്ധിയാണ് ട്രൂഡോ സർക്കാർ നേരിടുന്നത്. സിഖ് സമൂഹത്തിന് കാനഡയിൽ വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. 7.7 ലക്ഷത്തിലധികം സിഖുകാരുണ്ട് കാനഡയിൽ. ഇവരിൽ തന്നെ ഒരു വിഭാഗം ഖാലിസ്ഥാനെ പിന്തുണയ്ക്കുന്നവരാണ്. അതിനാൽ തന്നെ 2025ൽ നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഖാലിസ്ഥാനെ കൂടെ നിർത്തുക എന്നത് ട്രൂഡോയെ സംബന്ധിച്ച് ഏറെ പ്രധാനമാണ്.
യുകെയിലെ കൺസർവേറ്റീവുകൾ നേരിടുന്ന അതേ ദുരവസ്ഥ കാനഡയിലെ ലിബറലുകൾക്കും നേരിടേണ്ടി വരുമെന്ന് പല വിദഗ്ധരും ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് ട്രൂഡോ ഇന്ത്യയ്ക്ക് എതിരെ നിലപാട് കടുപ്പിച്ചത് എന്നതാണ് ശ്രദ്ധേയം. മൂന്ന് പതിറ്റാണ്ടോളം സീറ്റ് കൈവശം വെച്ചതിന് ശേഷം ടൊറൻ്റോയിൽ നടന്ന പ്രത്യേക തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ, മൂന്ന് മാസത്തിന് ശേഷം മോൺട്രിയലിലും ലിബറൽ പാർട്ടി പരാജയപ്പെട്ടു. ലിബറൽ പാർട്ടി സുരക്ഷിതമായി കണ്ട സീറ്റുകളിൽ ഒന്നായിരുന്നു മോൺട്രിയൽ. മോൺട്രിയലിലെ പരാജയത്തിന് ദിവസങ്ങൾക്ക് മുമ്പ് ഖാലിസ്ഥാൻ അനുകൂലിയായ ജഗ്മീത് സിങ്ങിൻ്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി ലിബറൽ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുയും ചെയ്തിരുന്നു.
ഒരു ഘട്ടത്തിൽ സ്വന്തം പാർട്ടിയിലെ പ്രവർത്തർ പോലും ജസ്റ്റിൻ ട്രൂഡോ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പാർലമെൻ്റിൽ രണ്ട് അവിശ്വാസ പ്രമേയങ്ങളെ അതിജീവിച്ചാണ് ട്രൂഡോ പിടിച്ചുനിൽക്കുന്നത്. 2023 ജൂണിൽ ഖാലിസ്ഥാൻ നേതാവായ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജൻ്റുമാർക്ക് പങ്കുണ്ടെന്ന് ട്രൂഡോ ആരോപിക്കുകയും ഇന്ത്യ ഇത് നിഷേധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.
READ MORE: യുഎസ് സൈനികരും മിസൈൽ വിരുദ്ധ സംവിധാനവും ഇസ്രായേലിലേയ്ക്ക്; മുന്നറിയിപ്പുമായി ഇറാൻ