കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിയിലേക്കോ, പാർട്ടി അധ്യക്ഷ സ്ഥാനമൊഴിയുമെന്ന് റിപ്പോർട്ടുകൾ
ട്രൂഡോയുടെയും സർക്കാറിന്റെ ജനപ്രീതി കുത്തനെയിടിഞ്ഞിരുന്നു. പണപ്പെരുപ്പം, ഭവന പ്രതിസന്ധി, കുടിയേറ്റം തുടങ്ങി നിരവധി പ്രതിസന്ധികളാണ് സർക്കാർ നേരിടുന്നത്.
ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടിയുടെ തലപ്പത്ത് നിന്ന് സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ. കനേഡിയൻ പത്രമായ ദി ഗ്ലോബ് ആൻഡ് ദ മെയിൽ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച നടക്കാനിരിക്കുന്ന പാർട്ടി-വൈഡ് കോക്കസിന് മുന്നോടിയായിട്ടായിരിക്കും രാജി. അതേസമയം, പാർട്ടി അധ്യക്ഷസ്ഥാനത്തുനിന്ന് രാജി വെച്ച് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജിവെക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ജനപ്രീതി കുത്തനെയിടിഞ്ഞ സാഹചര്യത്തിലാണ് ട്രൂഡോയുടെ രാജി.
ജഗ്മീത് സിങ്ങിൻ്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൻഡിപി) പിന്തുണയോടെയാണ് ലിബറൽ പാർട്ടി വിജയിച്ചത്. പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ ട്രൂഡോ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് സെപ്തംബറിൽ എൻഡിപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. ലിബറലുകളെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ അവിശ്വാസ വോട്ട് അവതരിപ്പിക്കുമെന്ന് സിംഗ് പ്രഖ്യാപിച്ചിരുന്നു.
ഒക്ടോബറിൽ ഏകദേശം 20ഓളം എംപിമാർ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട് കത്തിൽ ഒപ്പിട്ടിരുന്നു. ട്രൂഡോയുടെയും സർക്കാറിന്റെ ജനപ്രീതി കുത്തനെയിടിഞ്ഞിരുന്നു. പണപ്പെരുപ്പം, ഭവന പ്രതിസന്ധി, കുടിയേറ്റം തുടങ്ങി നിരവധി പ്രതിസന്ധികളാണ് സർക്കാർ നേരിടുന്നത്. ഡിസംബർ 16-ന്, ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചിരുന്നു. ട്രൂഡോയോട് വിയോജിപ്പ് പ്രകടിപ്പിച്ചായിരുന്നു രാജി.
Read More... അഫ്ഗാനിൽ പാക് വ്യോമാക്രമണം: അപലപിച്ച് ഇന്ത്യ, അയൽക്കാരെ കുറ്റപ്പെടുത്തുന്നത് സ്ഥിരം രീതിയെന്ന് വിമര്‍ശനം
ഈ മാസം അവിശ്വാസ വോട്ടെടുപ്പ് നടന്നാൽ എൻഡിപിയുടെ പിന്തുണയില്ലെങ്കിൽ സർക്കാർ പരാജയപ്പെടും. ലിബറൽ പാർട്ടിക്ക് നിലവിൽ വിശ്വാസ വോട്ടെടുപ്പിനെ അതിജീവിക്കാൻ ഹൗസ് ഓഫ് കോമൺസിലെ 338 അംഗങ്ങളിൽ ഭൂരിപക്ഷത്തിൻ്റെ പിന്തുണ ആവശ്യമാണ്.