ഫുക്കുഷിമയിലെ ആണവ റിയാക്ടറിനുള്ളിൽ നിന്ന് ആണവ ഇന്ധനം നീക്കാൻ റോബോട്ടിനെ ഉപയോഗിക്കാൻ ജപ്പാൻ

റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന റോബോട്ട് ആണവ ഇന്ധനത്തിന്റെ ചെറു കണിക വരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് വീണ്ടെടുക്കുമെന്നാണ് നിലവിൽ ഫുക്കുഷിമ ആണവ പ്ലാന്റിന്റെ ചുമതലയിലുള്ള ടോക്കിയോ ഇലക്ട്രിക് പവർ കമ്പനി അധികൃതർ വിശദമാക്കുന്നത്

japan to use telescopic robot to remove melted nuclear fuel from destroyed Fukushima reactor

ടോക്കിയോ : ഫുക്കുഷിമയിലെ ആണവ റിയാക്ടറിലെ ആണവ ഇന്ധനം റോബോട്ടിന്റെ സഹായത്തോടെ നീക്കാനുള്ള ശ്രമത്തിൽ ജപ്പാൻ. ഫുക്കുഷിമയിലെ ദായ്ചി ന്യൂക്ലിയർ പ്ലാന്റിൽ നിന്ന് ആണവ ഇന്ധനം റോബോട്ടിന്റെ സഹായത്തോടെ നീക്കുന്നത് എങ്ങനെയാണെന്ന് വിശദമാക്കുന്ന പ്രദർശനം ചൊവ്വാഴ്ച നടന്നു. റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന റോബോട്ട് ആണവ ഇന്ധനത്തിന്റെ ചെറു കണിക വരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് വീണ്ടെടുക്കുമെന്നാണ് നിലവിൽ ഫുക്കുഷിമ ആണവ പ്ലാന്റിന്റെ ചുമതലയിലുള്ളവർ വിശദമാക്കുന്നത്. 2011ലെ ദുരന്തത്തിന് ശേഷം ഇതാദ്യമായാണ് തകരാറിലായ മൂന്ന് ആണവ റിയാക്ടറിൽ നിന്ന് ഇത്തരത്തിൽ ഇന്ധനം ശേഖരിക്കാനുള്ള നീക്കം. 

ടോക്കിയോ ഇലക്ട്രിക് പവർ കമ്പനിയാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ഒക്ടോബറോടെ ഇന്ധനം നീക്കാനുള്ള പ്രവർത്തനം ആരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കമ്പനിയുള്ളത്. പദ്ധതി ആസൂത്രണം ചെയ്തതനുസരിച്ച് രണ്ട് വർഷം പിന്നിലാണ് ഈ പ്രവർത്തി. 2021ന്റെ അവസാനത്തോടെയാണ് ഇന്ധനം നീക്കാനുള്ള നടപടി ആരംഭിക്കണമെന്നായിരുന്നു നേരത്തെ ആസൂത്രണം ചെയ്തിരുന്നത്. പശ്ചിമ ജപ്പാനിലെ മിറ്റ്സുബിഷി ഹെവി ഇൻഡസ്ട്രീസിന്റെ കോബെയിലെ ഷിപ്പ് യാർഡിലാണ് പ്രദർശനം നടന്നത്. ടെലസ്കോപിക് പൈപ്പിലൂടെയാവും റോബോട്ടിനെ ആണവ ഇന്ധനം ശേഖരിക്കാനായി വിനിയോഗിക്കുക. 3 ഗ്രാം ഭാരമുള്ള ആണവ ഇന്ധന അവശിഷ്ടം വരെ ഇത്തരത്തിൽ നീക്കം ചെയ്യാനാവുമെന്നാണ് കമ്പനി പ്രദർശനത്തിൽ വ്യക്തമാക്കുന്നത്. 

തകരാറിലായ മൂന്ന് ആണവ റിയാക്ടറുകളിലുമായി 880 ടൺ റേഡിയോ ആക്ടീവ് ന്യൂക്ലിയർ ഇന്ധനമാണ് ഉരുകിയ നിലയിലുള്ളതെന്നാണ് വിവരം. 30 മുതൽ 40 വർഷം വരെ സമയം എടുക്കുന്നതാണ് ആണവ റിയാക്ടർ ശുചീകരണമെന്നാണ് നിരീക്ഷകർ വിശദമാക്കുന്നത്. ഓരോ റിയാക്ടറുകളിലും സംഭവിച്ചിരിക്കുന്ന തകരാറുകൾ വ്യത്യസ്തമായതിനാൽ അതിന് അനുയോജിച്ച പദ്ധതി വേണമെന്നും നിരീക്ഷകർ വിശദമാക്കുന്നത്. ഉരുകിയ നിലയിലുള്ള ഇന്ധനത്തേക്കുറിച്ച് മികച്ച രീതിയിൽ മനസിലാക്കുന്നത് റിയാക്ടറുകളുടെ ഡീ കമ്മീഷനുകളിൽ നിർണായകമാണ്. ഈ വർഷം ആദ്യത്തിൽ നാല് ചെറു ഡ്രോണുകളെ ഉപയോഗിച്ച് കണ്ടെയ്ൻമെന്റ് വെസലിനുള്ളിലെ ചിത്രങ്ങൾ ശേഖരിച്ചിരുന്നു. 

2011 മാര്‍ച്ച് 11 ന് ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയിലാണ് ഫുക്കുഷിമയിലെ ആണവ പ്ലാന്‍റിന് സാരമായ കേടുപാടുകള്‍ സംഭവിച്ചത്. ജപ്പാനില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂകമ്പത്തിന് പിന്നാലെ 13 മുതല്‍ 14 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകളാണ് ആണവ നിലയത്തില്‍ ആഞ്ഞടിച്ചത്. സുനാമിയില്‍ ആണവ നിലയത്തിന്റെ എമര്‍ജന്‍സി ഡീസല്‍ ജനറേറ്ററുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. പിന്നാലെ നിലയത്തിലെ വൈദ്യുതി നിലയ്ക്കുകയും ചെയ്തിരുന്നു. 1986-ലെ ചെര്‍ണോബിലിന് ശേഷം ഗുരുതരമായ ആണവ ദുരന്തമാണ് ഫുക്കുഷിമയില്‍ ഉണ്ടായത്. ലെവല്‍ 7 ആണ് ഫുകുഷിമ ആണവ ദുരന്തത്തിന്റെ വ്യാപ്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios