ലക്ഷ്യം ഇറാന്‍ സൈന്യവും ഊര്‍ജ്ജ സ്രോതസ്സുകളും? ഇസ്രായേൽ തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ട്
തെക്കൻ ലെബനനിൽ ഹിസ്ബുല്ലയുടെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാനുള്ള പ്രവർത്തനം തുടരുകയാണെന്ന് ഇസ്രായേൽ.
ടെൽ അവീവ്: ഇറാന്റെ മിസൈൽ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഇസ്രായേൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇറാന്റെ സൈന്യത്തെയും ഊർജ്ജ സ്രോതസുകളെയും ഇസ്രായേൽ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, ഇസ്രായേൽ ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെയ്ക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞതായി അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തെക്കൻ ലെബനനിൽ ഹിസ്ബുല്ലയുടെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാനുള്ള പ്രവർത്തനം തുടരുകയാണെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ലെബനനിലും തെക്കൻ ലെബനനിലുമുള്ള 200 ഓളം ഹിസ്ബുള്ള കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയെന്നും ഇസ്രായേൽ അറിയിച്ചിരുന്നു. തെക്കൻ ലെബനനിലെ ഗ്രാമങ്ങളിലേയ്ക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ഇസ്രായേലി സേനയ്‌ക്കെതിരെ പോരാടുകയാണെന്ന് ഹിസ്ബുല്ലയും അറിയിച്ചിട്ടുണ്ട്.
അതേസമയം, യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റുമായി ആശയവിനിമയം നടത്തിയിരുന്നു. ലെബനനിലെ യുഎൻ സമാധാന സേനാ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടെന്ന റിപ്പോർട്ടുകളിൽ യുഎസ് പ്രതിരോധ സെക്രട്ടറി അഗാധമായ ഉത്കണ്ഠ പ്രകടിപ്പിക്കുകയും യുഎൻ ഉദ്യോഗസ്ഥരുടെയും ലെബനനിലെ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ഇസ്രായേലിനോട് അഭ്യർത്ഥിക്കുകയും ചെയ്തു. ലെബനനിൽ ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയോടും ഗാസയിൽ ഹമാസിനോടും ഇസ്രായേൽ ഏറ്റുമുട്ടൽ തുടരുന്നതിനാൽ മിഡിൽ ഈസ്റ്റ് അതീവ ജാഗ്രതയിലാണ്.
READ MORE: വിമാനങ്ങളിൽ പേജറുകളും വാക്കി ടോക്കികളും പാടില്ല; മുൻകരുതലെടുത്ത് ഇറാൻ