ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം മാറ്റിവെച്ചു
ഇന്ത്യ- ഇസ്രായേല്‍ നയതന്ത്ര ബന്ധത്തിന്‍റെ മുപ്പതാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് നഫ്താലി ബെന്നറ്റ് ഇന്ത്യ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്
ദില്ലി: ഇസ്രായേല്‍ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റിന് (Naftali Bennett) കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു. ഏപ്രില്‍ മൂന്ന് മുതല്‍ അഞ്ച് വരെയായിരുന്നു നേരത്തെ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. ഇന്ത്യ- ഇസ്രായേല്‍ നയതന്ത്ര ബന്ധത്തിന്‍റെ മുപ്പതാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് നഫ്താലി ബെന്നറ്റ് ഇന്ത്യ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. കൂടുതല്‍ മേഖലകളില്‍ ഉഭയകക്ഷി സഹകരണത്തിനും സന്ദര്‍ശനം ലക്ഷ്യമിട്ടിരുന്നു. പുതുക്കിയ തീയതി പിന്നീടറിയിക്കുമെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ എംബസി വ്യക്തമാക്കി.
ബിജെപി പാര്‍ലമന്‍ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രിക്ക് അഭിനന്ദനം
ബിജെപി പാര്‍ലമന്‍ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനം. സൗജന്യ ഭക്ഷ്യ ധാന്യ വിതരണ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന ആറ് മാസത്തേക്ക് കൂടി നീട്ടിയതിലാണ് യോഗം അഭിനന്ദനം അറിയിച്ചത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ താഴെ തട്ടിലെത്തുന്നുവെന്ന് എംപിമാര്‍ ഉറപ്പ് വരുത്തണമെന്നും പിന്നാക്ക ക്ഷേമത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും യോഗത്തില്‍ മോദി ആവശ്യപ്പെട്ടു.
താടിയില്ലെങ്കില്‍ കടക്ക് പുറത്ത്; പുതിയ ഉത്തരവുമായി താലിബാന്‍
കാബൂള്‍: താടി (beard) വളര്‍ത്താത്ത ഉദ്യോഗസ്ഥരെ ഓഫിസുകളില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് താലിബാന്‍ (Taliban) ഭരണകൂടം. പൊതു സദാചാര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവേശന കവാടങ്ങളില്‍ പട്രോളിംഗ് നടത്തി ജീവനക്കാര്‍ താടി വളര്‍ത്തിയിട്ടുണ്ടെന്നും ഡ്രസ് കോഡ് പാലിക്കുന്നുണ്ടോയെന്നും ഉറപ്പുവരുത്തിയതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ ജീവനക്കാര്‍ താടി വടിക്കരുതെന്നും നീളമുള്ളതും അയഞ്ഞതുമായ കുപ്പായവും തൊപ്പിയും തലപ്പാവും അടങ്ങുന്ന പ്രാദേശിക വസ്ത്രങ്ങള്‍ ധരിക്കണമെന്നും താലിബാന്‍ ഭരണകൂടം നിര്‍ദേശം നല്‍കി. ഡ്രസ് കോഡ് പാലിക്കാതെ ഇനി മുതല്‍ ഓഫീസുകളില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നും പാലിച്ചില്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നും ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ ആഭ്യന്തര, രാജ്യാന്തര വിമാനങ്ങളില്‍ സഹായിയായി ഒപ്പം പുരുഷന്മാര്‍ ഇല്ലാത്ത സ്ത്രീകള്‍ക്ക് സഞ്ചരിക്കാനുള്ള അനുമതിയും താലിബാന്‍ നിഷേധിച്ചു. ഞായറാഴ്ചയാണ് തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് യാത്രാനുമതി വിലക്കിക്കൊണ്ട് താലിബാന്‍ നിര്‍ദ്ദേശം വിമാനക്കമ്പനികള്‍ക്ക് ലഭിച്ചതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മലക്കം മറിഞ്ഞതിന് പിന്നാലൊണ് സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യം വിലക്കിയുള്ള ഈ നിലപാട്.